വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം; അതിജീവിതയുടെ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ അജയ് റസ്തോഗി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അതിജീവിതയുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്‍റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ തടസ്സഹര്‍ജി നൽകി.

പൊലീസിന് ലഭിച്ച ശബ്ദരേഖയിൽ നിന്ന് പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചതായി വ്യക്തമാണെന്നാണ് അതിജീവിതയുടെ ആരോപണം. ജഡ്ജിയുമായി ബന്ധമുള്ള അഭിഭാഷകന്‍റെ ശബ്ദരേഖയാണ് പൊലീസിന് ലഭിച്ചത്. എക്സൈസ് വകുപ്പിൽ ജോലി ചെയ്യുന്ന ജഡ്ജിയുടെ ഭർത്താവ് കസ്റ്റഡി കൊലപാതക കേസിൽ അന്വേഷണം നേരിടുകയാണെന്നും അതിജീവിത സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ ആരോപിച്ചു.

സെഷൻസ് ജഡ്ജി പ്രോസിക്യൂഷനെ മുന്‍വിധിയോടെയാണ് പരിഗണിക്കുന്നത്. കേസിൽ നിന്ന് ഇതുവരെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ പിൻമാറിയിട്ടുണ്ട്. വിചാരണയ്ക്കിടെ പ്രതിയുടെ അഭിഭാഷകന്‍ അന്തസ്സും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു. എന്നാൽ സെഷൻസ് ജഡ്ജി ഇത് തടയാൻ തയ്യാറായില്ലെന്നും അവർ പറഞ്ഞു. അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റുന്നതിലെ നിയമപ്രശ്നങ്ങളും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വസ്തുതകൾ കണക്കിലെടുക്കാതെയാണ് കോടതി മാറ്റണമെന്ന തന്‍റെ അപേക്ഷ ഹൈക്കോടതി തള്ളിയതെന്ന് സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ അതിജീവിത വിശദീകരിച്ചു.

K editor

Read Previous

പീഡന പരാതി; എൽദോസ് കുന്നപ്പിള്ളിയുടെ വീട്ടിൽ തെളിവെടുപ്പ്

Read Next

അടപ്പാടി മധു കൊലക്കേസ്: പതിനൊന്ന് പ്രതികൾക്കും ജാമ്യം