ഡൽഹിയില്‍ ബൈക്ക് ടാക്സി നിരോധിച്ച് സർക്കാർ; ലംഘിച്ചാൽ 10000 രൂപ വരെ പിഴയും ജയിൽ ശിക്ഷയും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബൈക്ക് ടാക്സികൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ. ഊബർ, ഒല, റാപ്പിഡോ തുടങ്ങിയ ബൈക്ക് ടാക്സികൾക്ക് കനത്ത പ്രഹരമാണ് ഡൽഹി വാഹന വകുപ്പിന്‍റെ ഈ ഉത്തരവ്. സ്വകാര്യ രജിസ്ട്രേഷനുള്ള വാഹനങ്ങളിൽ യാത്രക്കാരെ കയറ്റുന്നത് മോട്ടോർ വാഹന നിയമത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

നിരോധനം ലംഘിച്ചാൽ ആദ്യ തവണ 5,000 രൂപ പിഴ ഈടാക്കും. വീണ്ടും പിടിക്കപ്പെട്ടാൽ 10,000 രൂപ വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കും. ഡ്രൈവറുടെ ലൈസൻസ് മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്നും ഡൽഹി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ബൈക്ക് ടാക്സി ഓടിക്കുന്നവർ മാത്രമല്ല, കമ്പനികളും കുടുങ്ങും. ബൈക്ക് ടാക്സി സർവീസ് നടത്തിയാൽ കമ്പനികൾ ഒരു ലക്ഷം രൂപ പിഴ നൽകേണ്ടിവരും. 

ഇതാദ്യമായല്ല ബൈക്ക് ടാക്സികൾക്കെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നത്. നിയമപരമായ അനുമതിയില്ലാതെയാണ് ബൈക്ക് ടാക്സി കമ്പനിയായ റാപ്പിഡോ പ്രവർത്തിക്കുന്നതെന്ന് സുപ്രീം കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ റാപ്പിഡോ ബൈക്ക് ടാക്സിക്ക് ലൈസൻസ് നൽകാൻ മഹാരാഷ്ട്ര സർക്കാർ വിസമ്മതിച്ചിരുന്നു. ഇത്തരം ബൈക്ക് ടാക്സികൾ അനുവദിക്കാൻ നിയമമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

K editor

Read Previous

ആക്രമിച്ച് രക്ഷപെടാന്‍ ശ്രമം; ഗുണ്ടാനേതാവിനെ വെടിവെച്ച് വീഴ്ത്തിയ ശേഷം പിടികൂടി വനിതാ എസ്.ഐ

Read Next

മോദിയെ അപമാനിച്ചെന്ന കേസ്; കോൺഗ്രസ് വക്താവ് പവൻ ഖേരയെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു