ദീപാവലി; ഗുജറാത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഒരാഴ്ച പിഴയില്ല

അഹമ്മദാബാദ്: ദീപാവലി പ്രമാണിച്ച് ഗുജറാത്തിൽ ഏഴു ദിവസത്തേക്ക് ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കില്ല. സംസ്ഥാന ആഭ്യന്തരമന്ത്രി ഹർഷ് സംഘവിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ 27 വരെ പിഴ ഈടാക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടിയെന്നും സംഘവി പറഞ്ഞു. ഡ്രൈവിംഗ് ലൈസൻസോ ഹെൽമെറ്റോ ഇല്ലാതെ ആരെയെങ്കിലും കണ്ടെത്തിയാൽ പൊലീസ് പിഴ ചുമത്തില്ല. പകരം അവർക്ക് പൂക്കൾ നൽകും. “ഇതിനർത്ഥം നിങ്ങൾ നിയമം ലംഘിക്കണം എന്നല്ല. എന്നിരുന്നാലും, നിങ്ങൾ തെറ്റ് ചെയ്താൽ, ഒരു പിഴയും ഈടാക്കില്ല,” മന്ത്രി സദസിനെ അഭിസംബോധന ചെയ്യവേ പറഞ്ഞു.

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്‍റെ മറ്റൊരു ജനകീയ നീക്കമെന്നാണ് സംഘവി ഇതിനെ വിശേഷിപ്പിച്ചത്. മന്ത്രിയുടെ പ്രഖ്യാപനത്തിന് വ്യത്യസ്ത പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. പ്രഖ്യാപനത്തെ അനുകൂലിച്ചും വിമർശിച്ചും ആളുകൾ രംഗത്തെത്തി. ഈ വർഷം അവസാനത്തോടെ നടക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബി.ജെ.പി സര്‍ക്കാരിന്റെ നടപടിയെന്നും വിമര്‍ശനമുയരുന്നുണ്ട്.

K editor

Read Previous

വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിന്; പ്രതി കുറ്റം സമ്മതിച്ചതായി സൂചന

Read Next

എല്ലാ ടൂറിസ്റ്റ് ബസുകളും ഉടനടി നിറം മാറ്റണം, ഇളവ് പിൻവിച്ച് മോട്ടോർ വാഹന വകുപ്പ്