ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അമരാവതി: ദേശീയ പാതകൾ ഉൾപ്പെടെയുള്ള റോഡുകളിൽ പൊതുയോഗങ്ങളും റാലികളും നിരോധിച്ച് ആന്ധ്രാപ്രദേശ്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് സർക്കാർ അറിയിച്ചു. പ്രതിപക്ഷമായ തെലുഗുദേശം പാർട്ടിയുടെ (ടിഡിപി) റാലിയിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി.
തിങ്കളാഴ്ച വൈകുന്നേരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുനിരത്തുകളിലും തെരുവുകളിലും യോഗങ്ങൾ നിരോധിച്ചതായി ഉത്തരവിൽ പറയുന്നു. യോഗം നടക്കുന്ന സ്ഥലങ്ങൾ പൊതുവഴിയിൽ നിന്ന് മാറിയാവണം. ഗതാഗതം, ആളുകളുടെ സഞ്ചാരം, അവശ്യ സേവനങ്ങൾ തുടങ്ങിയവയിൽ തടസം ഉണ്ടാകരുതെന്നും പ്രിൻസിപ്പൽ സെക്രട്ടറി ഹരീഷ് കുമാർ ഗുപ്ത ഉത്തരവിൽ പറയുന്നു.
തെലുങ്കുദേശം പാർട്ടി (ടിഡിപി) അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു പങ്കെടുത്ത തിരക്കേറിയ പൊതുയോഗത്തിൽ ഇന്നലെ ഗുണ്ടൂരിൽ മൂന്ന് പേർ മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി വലിയ ജനക്കൂട്ടമാണ് യോഗത്തിൽ സമ്മാനങ്ങൾ നൽകുന്ന വിവരം അറിഞ്ഞെത്തിയത്. നേരത്തെ നെല്ലൂരിൽ നായിഡു പങ്കെടുത്ത റാലിക്കിടെയുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചിരുന്നു.