ജ്വല്ലറി തട്ടിപ്പിന് പിറകെ ക്രിപ്റ്റോ തട്ടിപ്പും: വഞ്ചിക്കപ്പെട്ടത് നൂറോളം പേർ

ഉദുമ: ഉദുമയിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറോളം വരുന്ന ആൾക്കാർ ക്രിപ്റ്റോ കറൻസി തട്ടിപ്പിനിരയായി. എം.സി. ഖമറുദ്ദീൻ എംഎൽഏ പ്രതിയായ ജ്വല്ലറി നിക്ഷേപത്തട്ടിപ്പിന് പിന്നാലെയാണ് കീഴൂർ, കട്ടക്കാൽ, കളനാട്, മേൽപ്പറമ്പ്, കാസർകോട്, തളങ്കര മുതലായ സ്ഥലങ്ങളിൽ നിരവധി പേർ ക്രിപ്റ്റോ കറൻസി തട്ടിപ്പിനിരയായ സംഭവം പുറത്തുവന്നിരിക്കുന്നത്.


70 ദിവസം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കുമെന്ന മോഹന വാഗ്ദാനത്തിൽ മയങ്ങിയ നൂറോളം ആൾക്കാരാണ് പണവും മാനവും നഷ്ടപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത്. നിലമ്പൂർ സ്വദേശിയെന്ന് അവകാശപ്പെടുന്ന നിസാം എന്ന യുവാവാണ് യൂട്യൂബ് വഴി ഇരകളെ വലയിൽ കുരുക്കിയത്.


ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് മോറിസ് കോയിൻ എന്ന പേരിൽ ക്രിപ്റ്റോ കറൻസി തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് സംശയം. കീഴൂരിലും പരിസരങ്ങളിലും ക്രിപ്റ്റോ കറൻസി ഇടപാടിൽ ആളുകളെ ചേർത്ത നവാസ് എന്നയാളെ ആരും നേരിട്ട് കണ്ടിട്ടുപോലുമില്ല.


കൃത്യമായ മേൽവിലാസമോ, ഫോൺ നമ്പറോ ഇല്ലാത്ത സ്ഥാപനത്തിലാണ് നിരവധി പേർ ഓൺലൈനായി പണം നിക്ഷേപിച്ചത്. നിക്ഷേപകരിൽ 15,000 രൂപ മുതൽ ലക്ഷങ്ങൾ വരെ നിക്ഷേപിച്ചവരുണ്ട്. പതിനയ്യായിരം രൂപ നിക്ഷേപിച്ച് ക്രിപ്റ്റോ കറൻസി ഇടപാടിൽ ചേരുന്നയാൾക്ക് പ്രസ്തുത തുകയുടെ 40 ശതമാനമാണ് ലാഭ വിഹിതം വാഗ്ദാനം ചെയ്തിരുന്നത്.


ഇത്തരത്തിൽ ഒരാൾക്ക് ഒരു ദിവസം 270 രൂപയാണ് ആദ്യഘട്ടത്തിൽ പലിശ ലഭിച്ചിരുന്നത്. ഇടപാടിൽ അംഗമായ ഒരാൾ മറ്റൊരാളെ ചേർത്താൽ ആ വകയിലും കമ്മീഷൻ ലഭിക്കും. തട്ടിപ്പിൽ ഓട്ടോ ഡ്രൈവർമാർ മുതൽ വൻകിട സാമ്പത്തിക ശേഷിയുള്ളവർ വരെ കുടുങ്ങിയിട്ടുണ്ട്. പലരും നാണക്കേട് ഭയന്ന് സംഭവം പുറത്തുപറയുന്നില്ല.


ആദ്യഘട്ടങ്ങളിൽ കൃത്യമായ ലാഭവിഹിതം ഇടപാടുകാർക്ക് ലഭിച്ചിരുന്നതിനാൽ, നിരവധി പേർ ഇടപാടിൽ കണ്ണികളായി. പലരും സ്വന്തം ബന്ധുക്കളെ ക്രിപ്റ്റോ കറൻസി ഇടപാടിൽ പങ്കാളികളാക്കി. നിക്ഷേപത്തിന്റെ ലാഭവിഹിതം കിട്ടാതായതോടെയാണ് ഇടപാടുകാർ തട്ടിപ്പിനിരയായതായി മനസ്സിലാക്കിയത്.

ഒരു മോറിസ് കോയിന് ആയിരം രൂപ വില നിശ്ചയിച്ച് 15 കോയിന്റെ വിലയായാണ് 15,000 രൂപ ഒരാളോട് ഈടാക്കിയത്. ഏറ്റവും ചുരുങ്ങിയ നിക്ഷേപത്തുക 15,000 രൂപയാണ്. ഇതിന് മുകളിൽ എത്ര പണം വേണമെങ്കിലും നിക്ഷേപിക്കാം. കൃത്യമായ മേൽവിലാസമോ റജിസ്ട്രേഷനോ ഇല്ലാതെയാണ് തട്ടിപ്പ് കമ്പനി പ്രവർത്തിച്ചത്. ഇതിനാൽ തട്ടിപ്പിനിരയായവർക്ക് പരാതി കൊടുക്കാനും നിവൃത്തിയില്ല.

LatestDaily

Read Previous

മോഷ്ടിച്ച സ്ക്കൂട്ടറിലെത്തിയ നവാസ് അതിഞ്ഞാൽ വീട്ടിൽ കവർച്ചയ്ക്ക് ശ്രമിച്ചു കുടുക്കിയത് സി. സി. ടി. വി ദൃശ്യം

Read Next

മടിക്കൈയിൽ അതിഥി തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ