ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: പുതുവർഷത്തിൽ സുപ്രീം കോടതിക്കു മുന്നിലെത്തുന്നത് സുപ്രധാന കേസുകൾ. നോട്ട് നിരോധനത്തിന്‍റെ നിയമസാധുത, തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന രീതി, മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായ സ്വാതന്ത്ര്യ പരിധി, ജെല്ലിക്കെട്ടിന്‍റെ നിയമസാധുത എന്നിവ സംബന്ധിച്ച് ജനുവരിയിൽ തന്നെ വിധി വന്നേക്കും. ഇതെല്ലാം അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേട്ട വിഷയങ്ങളാണ്.
രാഷ്ട്രീയ പ്രാധാന്യമുള്ള നിരവധി വിഷയങ്ങളും ഉടൻ സുപ്രീംകോടതിയുടെ മുന്നിലെത്തും. ഒന്ന് രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്യുന്ന ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ നിയമസാധുതയാണ്. ഒരു ബാങ്കിൽ നിന്ന് ഇലക്ടറൽ ബോണ്ടുകൾ വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്യുന്ന പദ്ധതി സുതാര്യമല്ലെന്നും ഇത് കള്ളപ്പണ ഇടപാടുകൾക്ക് കാരണമാകുമെന്നും ഹർജിക്കാർ വാദിച്ചു. ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ഭർത്താവിനെതിരെ ബലാത്സംഗക്കുറ്റം ചുമത്താൻ കഴിയുമോ എന്നവിഷയം ജനുവരി രണ്ടാം വാരം കോടതി പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിലെ ജഡ്ജിമാരുടെ വിയോജിപ്പുള്ള വിധികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഭർത്താവിന് ഇളവ് നൽകേണ്ട ആവശ്യമില്ലെന്ന് കേസിലെ രണ്ട് അമിക്കസ് ക്യൂറി വാദിച്ചു.
1947 ഓഗസ്റ്റ് 15-ലെ പോലെ രാജ്യത്തെ ആരാധനാലയങ്ങളുടെ സ്വഭാവം നിലനിർത്താനുള്ള നിയമത്തിനെതിരായ ഹർജികളും ഈ മാസം പരിഗണിക്കും. വിഷയത്തിൽ സമഗ്രമായ മറുപടി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയത്തിന്‍റെ ശുപാർശകളിൽ സർക്കാർ തീരുമാനമെടുക്കുന്നില്ലെന്ന ഹർജി ജനുവരി ആറിന് പരിഗണിക്കും. വിഷയത്തിൽ സർക്കാരിനെ നിലപാട് അറിയിക്കാൻ അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വവർഗ വിവാഹത്തിന് അനുമതി, നിർബന്ധിത മതപരിവർത്തനം തടയാനുള്ള നിർദ്ദേശം, യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ തുടർപഠനം, കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹർജികൾ എന്നിവ ഉൾപ്പെടെ ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.