ഭർത്തൃബലാത്സംഗം കുറ്റകരമാക്കൽ; കേന്ദ്രം നിലപാടറിയിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ഭർത്താവിനെതിരെ ബലാത്സാംഗക്കുറ്റം ചുമത്താൻ കഴിയുമോ എന്ന കാര്യത്തിൽ ഫെബ്രുവരി 15നകം മറുപടി നൽകാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേസ് മാർച്ച് 21ന് വീണ്ടും പരിഗണിക്കും.

ഡൽഹി ഹൈക്കോടതിയിൽ നിന്ന് വിയോജിപ്പുള്ള വിധിയുള്ളതിനാൽ വിഷയം ഹൈക്കോടതിയുടെ തന്നെ മൂന്നാമതൊരു ജഡ്ജിക്ക് വിടാമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. എന്നാൽ ചീഫ് ജസ്റ്റിസ് ഇതിനോട് യോജിച്ചില്ല. ഹൈക്കോടതിയുടെ രണ്ട് അഭിപ്രായങ്ങളാണ് ഇപ്പോൾ മുന്നിൽ നിൽക്കുന്നത് എന്നതിനാൽ കേന്ദ്രത്തിന് എന്തെങ്കിലും പറയാനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

നിയമപ്രശ്നത്തിനുപുറമെ സാമൂഹികമായി പ്രതിഫലിക്കുന്ന വിഷയമായതിനാൽ മറുപടി നൽകേണ്ടതുണ്ടെന്നും സോളിസിറ്റർ പറഞ്ഞു. ഫെബ്രുവരി 15നകം മറുപടി നൽകണമെന്നായിരുന്നു നിർദേശം.

Read Previous

കര്‍ഷകര്‍ക്ക് അധിക ധനസഹായം നൽകുന്നതിന്നായി പുതിയ പങ്കാളിത്തവുമായി എസ്ബിഐ

Read Next

വിമാനത്തിന്റെ എമർജൻസി ഡോർ തുറന്ന് യാത്രക്കാരൻ: ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടു