സഖ്യം അധികാരത്തിൽ വന്നാൽ ത്രിപുരയിൽ മുഖ്യമന്ത്രി സ്ഥാനം സി.പി.എമ്മിനെന്ന് കോൺഗ്രസ്സ്

അഗര്‍ത്തല: ഇടത്-കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ ത്രിപുരയിൽ മുഖ്യമന്ത്രി സ്ഥാനം സി.പി.എമ്മിന് ലഭിക്കുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി അജയ് കുമാർ. സഖ്യം അധികാരത്തിൽ വന്നാൽ സിപിഎമ്മിന്‍റെ മുതിർന്ന ഗോത്ര വർഗ നേതാവ് മുഖ്യമന്ത്രിയാകുമെന്ന് കൈലാശഹറിൽ നടന്ന സംയുക്ത റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അജയ് കുമാർ പറഞ്ഞു. ത്രിപുര, സിക്കിം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിയാണ് അജയ് കുമാര്‍.

സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചോദ്യത്തില്‍ നിന്ന് കഴിഞ്ഞ ദിവസം സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി ഒഴിഞ്ഞുമാറിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. നാല് തവണ മുഖ്യമന്ത്രിയായിരുന്ന മുതിർന്ന സി.പി.എം നേതാവ് മണിക് സർക്കാർ ഇത്തവണ മത്സരിക്കുന്നില്ല എന്ന പ്രത്യേകതയുമുണ്ട്.

നിലവിലെ പാർട്ടി സെക്രട്ടറി ജിതേന്ദ്ര ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്. മണിക് സർക്കാരിന്റെ സാന്നിധ്യത്തിൽ നടന്ന സംയുക്ത റാലിയിലാണ് അജയ് കുമാർ ഇക്കാര്യം അറിയിച്ചത്. ബിജെപിക്ക് സംസ്ഥാനത്ത് അഞ്ച് സീറ്റുകൾ പോലും നേടാൻ കഴിയില്ലെന്നും അജയ് കുമാർ പറഞ്ഞു.

K editor

Read Previous

കേരളത്തിൽ പരസ്പരം പോരടിക്കുന്നവർ ത്രിപുരയിൽ പരസ്പരം ചങ്ങാത്തം കൂടുകയാണ്: മോദി

Read Next

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡിലും ബീഹാറിലും ആർജെഡി–ജെഎംഎം സഖ്യമായി മത്സരിക്കും