എം സി ഖമറുദ്ധീനെതിരെ പ്രതിഷേധമിരമ്പി

കാഞ്ഞങ്ങാട്: മാഫിയാ രാഷ്ട്രീയത്തിനെതിരെ സിപിഎം ജില്ലാക്കമ്മിറ്റി ജില്ലയിലെ 13 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ജനരോഷ സദസ്സുകളിൽ രാഷ്ട്രീയത്തിലെ മാഫിയാവത്ക്കരണത്തിനെതിരെ പ്രതിഷേധമിരമ്പി.

തൃക്കരിപ്പൂർ ജാമിഅഃസഅദിയ ഇസ്്ലാമിയയുടെ ഉടമസ്ഥതയിലുള്ളതും വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്തതുമായ കെട്ടിടവും, സ്ഥലവും നിസ്കാരപ്പള്ളിയും ചുളുവിലയ്ക്ക് തട്ടിയെടുത്ത മഞ്ചേശ്വരം എംഎൽഏ, എം.സി ഖമറുദ്ദീനെതിരെയാണ് സിപിഎം വിവിധ കേന്ദ്രങ്ങളിൽ ജനരോഷം സംഘടിപ്പിച്ചത്.

ഭൂമി തട്ടിപ്പിലുൾപ്പെട്ട എം.സി ഖമറുദ്ദീൻ എംഎൽഏ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി ബഷീർ, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് എം.ടി ജബ്ബാർ, തൃക്കരിപ്പൂർ പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാർ വി.കെ ബാവ തുടങ്ങിയവർക്കെതിരെയാണ് സിപിഎം പ്രതിഷേധം സംഘടിപ്പിച്ചത്.

ഫാഷൻഗോൾഡ് നിക്ഷേപത്തട്ടിപ്പ്, വഖഫ് ഭൂമി വിലയ്ക്ക് വാങ്ങൽ മുതലായ വിഷയങ്ങളിൽ ആരോപണ വിധേയനായ എം.സി ഖമറുദ്ദീന്റെ നടപടികൾ രാഷ്ട്രീയ ആയുധമാക്കിക്കൊണ്ടാണ് സിപിഎം അദ്ദേഹത്തിനെതിരെ ജനരോഷ സദസ്സുകൾ സംഘടിപ്പിച്ചതെന്ന് വ്യക്തമാണ്.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് രാഷ്ട്രീയ ആയുധമാക്കാനാണ് സിപിഎം നീക്കം.

ടി.കെ പൂക്കോയ തങ്ങളും, എം.സി ഖമറുദ്ദീൻ എം.എൽഏയും കച്ചവട പങ്കാളികളായ ഫാഷൻ ഗോൾഡ് സ്ഥാപനത്തിന്റെ ചെറുവത്തൂർ, കാസർകോട് പയ്യന്നൂർ മുതലായ സ്ഥാപനങ്ങളിലായി 100 കണക്കിനാളുകളാണ് നിക്ഷേപത്തട്ടിപ്പിൽ കുരുങ്ങിയിരിക്കുന്നത്.

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്, വഖഫ് ഭൂമി വാങ്ങൽ എന്നീ വിഷയങ്ങൾ സജീവമാക്കി നിലനിർത്തിയാൽ ലീഗിന് അത് ദോഷം ചെയ്യും. ജ്വല്ലറിയിൽ പണം നിക്ഷേപിച്ച് വഞ്ചിതരായവർ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗിന് വേണ്ടി വോട്ട് ചെയ്യുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

വഖഫ് ഭൂമി ഇടപാടിൽ ഉരുണ്ടുകളിച്ച ഖമറുദ്ദീൻ ഒടുവിൽ വാങ്ങിയ സ്വത്തുവകകൾ തിരികെ നൽകാമെന്ന് സമ്മതിച്ചിട്ടുമുണ്ട്.

ഇന്നലെ കാഞ്ഞങ്ങാട് നടന്ന ജനരോഷ സദസ്സ് തൃക്കരിപ്പൂർ എംഎൽഏ, എം. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരത്ത് നടന്ന പരിപാടി സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം പി. കരുണാകരനും, തൃക്കരിപ്പൂരിൽ ജില്ലാ സിക്രട്ടറി എം.വി ബാലകൃഷ്ണനും, ഉപ്പളയിൽ സംസ്ഥാനകമ്മിറ്റിയംഗം കെ.പി സതീഷ് ചന്ദ്രനും, കുന്നുംകൈയിൽ ജില്ലാ സിക്രട്ടറിയേറ്റംഗം സാബു അബ്രഹാമും, പടന്നയിൽ ഡോ. വി.പി മുസ്തഫയും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

LatestDaily

Read Previous

ഇഖ്ബാൽ ഗേറ്റ് വധശ്രമം സിനിമാ മോഡലിൽ

Read Next

പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കാൻ നീക്കം