ഇടുക്കിയിലെ സിപിഎം സമരം നേതാക്കളെ സംരക്ഷിക്കാനെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: സർക്കാർ ഭൂമി കയ്യേറിയ സി.പി.എം നേതാക്കളെ സംരക്ഷിക്കാനാണ് റവന്യൂ വകുപ്പിനെതിരെ ഇടുക്കിയിൽ മുഖ്യമന്ത്രിയുടെ പാർട്ടി സമരം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.പി.എമ്മിലെ ഉന്നത നേതാക്കൾ അവരുടെ ഒത്താശയോടെയാണ് ഇടുക്കിയിലെ ഭൂരിഭാഗം സർക്കാർ ഭൂമിയും കൈയേറിയതെന്നും സതീശൻ ആരോപിച്ചു. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കട്ടപ്പനയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാറിലെ ഭൂവിനിയോഗ ചട്ടങ്ങളുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം സബ്കളക്ടർ അവഗണിച്ചെന്ന് ആരോപിച്ച് ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയ്ക്കെതിരെ മുൻ മന്ത്രി എം.എം മണി നേരത്തെ രംഗത്തെത്തിയിരുന്നു. സബ് കളക്ടറെ തെമ്മാടി എന്ന് വിളിച്ചാണ് മണി അധിക്ഷേപിച്ചത്. മൂന്നാറിലെ സി.പി.എം കോട്ടയായ ഇക്ക നഗറിലെയടക്കം കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള സബ് കളക്ടറുടെ നീക്കമാണ് എം.എം മണിയെ ചൊടിപ്പിച്ചത്. 

മുഖ്യമന്ത്രി ഇടുക്കിയിലെത്തിയപ്പോൾ മൂന്നാറിൽ റവന്യൂ വകുപ്പ് ആരംഭിച്ച നടപടികൾ നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർക്ക് വാക്കാൽ നിർദ്ദേശം നൽകിയെന്നാണ് ഇടത് നേതാക്കളുടെ വാദം.  ഇത് സബ് കളക്ടർ അംഗീകരിക്കുന്നില്ലെന്ന് ആരോപിച്ച് ദേവികുളത്തെ സബ് കളക്ടറുടെ ഓഫീസ് സി.പി.എം ഘരാവോ ചെയ്തിരുന്നു. 

K editor

Read Previous

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Read Next

കണ്ണൂര്‍ വിസി നിയമനം; മുഖ്യമന്ത്രിക്കെതിരായ ജ്യോതികുമാര്‍ ചാമക്കാലയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും