ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചരിത്രാധ്യാപകൻ അജയ്്കുമാർ കോടോത്ത് കെ.പി സതീഷ്്ചന്ദ്രനെ വെല്ലുവിളിക്കുന്നു
കാഞ്ഞങ്ങാട്: മടിക്കൈയിൽ അമ്പതു കോടി രൂപ മുടക്കി ഇടതുപക്ഷ സർക്കാർ പണിയുന്ന സാംസ്ക്കാരിക സമുച്ചയത്തിന് ടി. സുബ്രഹ്മണ്യം തിരുമുമ്പിന്റെ പേര് നൽകാൻ തീരുമാനിച്ചതിനെ ന്യായീകരിച്ചുകൊണ്ട് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സതീഷ്ചന്ദ്രന്റേതാ യി ലേറ്റസ്റ്റ് പത്രത്തിൽ ഇന്നലെ പ്രസിദ്ധീകരിച്ച പ്രസ്താവന ചരിത്ര സത്യങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് ചരിത്ര വിഭാഗം പ്രഫസർ കാഞ്ഞങ്ങാട്ടെ അജയ്കുമാർ കോടോത്ത് ആരോപിച്ചു.
കാര്യങ്ങൾ വ്യക്തമായി അറിഞ്ഞിട്ടും സാംസ്ക്കാരിക നിലയത്തിന് തിരുമുമ്പിന്റെ പേരിട്ട തീരുമാനത്തിന് പിറകിൽ കെ.പി. സതീഷ്ചന്ദ്രനും പ്രവർത്തിച്ചുവെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്.
തിരുമുമ്പിന്റെ 1948-ലെ വഞ്ചനാപരമായ കാലു മാറ്റത്തെ തുടർന്നുള്ള പോലീസ് നടപടിയുടെ ഭാഗമായി സ്വാതന്ത്യ സമര സേനാനികളായ കെ. മാധവൻ, വെള്ളിക്കോത്ത് പി. അമ്പുനായർ എന്നീ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ തൊട്ട് മടിക്കൈയിലെ പാവപ്പെട്ട സഖാവ് കാരിച്ചിയമ്മ വരെ അനുഭവിച്ച ക്രൂര മർദ്ദനങ്ങളെപ്പോലും പരിഹസിക്കുന്നതായിപ്പോയി കെ.പി. സതീഷ്ചന്ദ്രന്റെ ഈ വെളിപ്പെടുത്തൽ.
താഴെ ഉന്നയിക്കുന്ന പന്ത്രണ്ട് ചോദ്യങ്ങൾക്ക് കെ.പി. സതീഷ്ചന്ദ്രൻ ഈയവസരത്തിൽ മറുപടി പറയാൻ ബാധ്യസ്ഥനാണ്. ഈ എതിർപ്പ് മടിക്കൈയിൽ ഉയരുന്ന സാംസ്ക്കാരിക സമുച്ചയത്തോടല്ല, മറിച്ച് അതിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത ഒരു വ്യക്തിയുടെ പേര് ഇടുന്നതിനോടാണെന്ന് പ്രഫ. അജയ്കുമാർ കോടോത്ത് പറഞ്ഞു.
ചോദ്യങ്ങൾ
1. 1948 ഫെബ്രുവരി മാസം കൽക്കത്തയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ്സിൽ കൽക്കത്ത തീസിസിനെ അനുകൂലിച്ച ആളാണ് തിരുമുമ്പ് എന്ന് അറിയാമല്ലോ-?
2. അതേ തിരുമുമ്പ് കേരളത്തിൽ പോലീസ് നടപടി ശക്തിപ്പെട്ടതിനെത്തുടർന്ന് 1948 മെയ് മാസം 21-ാം തീയ്യതി പോലീസിന് മുന്നിൽ കീഴടങ്ങുമ്പോൾ, മലബാറിലെയും പഴയ കാസർകോട് താലൂക്കിലെയും മുഴുവൻ പാർട്ടി രഹസ്യങ്ങളും ചോർത്തികൊടുത്തുവെന്ന സത്യം സതീഷ്ചന്ദ്രൻ അറിയാതെ പോയി-?
3. 2017-ലെ മാതൃഭൂമി ഓണപ്പതിപ്പിൽ ഈ ലേഖകൻ കെ. മാധവനെ കുറിച്ചെഴുതിയ ദീർഘ ലേഖനത്തിൽ തെളിവുകൾ സഹിതം പാർട്ടിയിൽ നിന്നുള്ള തിരുമുമ്പിന്റെ വഞ്ചനാപരമായ രാജിയെക്കുറിച്ച് എഴുതിയത് താങ്കൾ വായിച്ചിരുന്നുവെന്ന സത്യം നിഷേധിക്കാൻ സതീഷ്ചന്ദ്രനാവില്ല-?
4. ഒരു നിർണ്ണായക ഘട്ടമായിരുന്ന 1948-ൽ തിരുമുമ്പ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിട്ടെറിഞ്ഞ് എതിർ ക്യാമ്പിൽ അഭയം തേടിയപ്പോൾ, അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി മലബാർ കമ്മിറ്റി അംഗവും കാസർകോട് താലൂക്ക് പ്രസിഡണ്ടുമായിരുന്നുവെന്നത് ചരിത്ര വസ്തുതയാണ്-?
5. അന്നത്തെ പാർട്ടി സിക്രട്ടറി കെ. മാധവൻ തന്റെ ആത്മകഥയിൽ, ഒരു വിപ്ലവകാരിക്ക് ഒരിക്കലും ചേരാത്ത വിധമാണ് 1948-ൽ തിരുമുമ്പ് പോലീസിന് കീഴടങ്ങിയ നടപടിയെന്ന് എഴുതിയ കാര്യം സതീഷ്ചന്ദ്രൻ മറക്കരുത്-?
6. 1948-ൽ തിരുമുമ്പ് പോലീസിന് കീഴടങ്ങിയതിന് തൊട്ടു പിന്നാലെ കാസർകോട് താലൂക്കിലെ മുഴുവൻ പാർട്ടി ഒളിത്താവളങ്ങളിലും പോലീസ് റെയ്ഡ് നടന്നതും നൂറ് കണക്കിന് സഖാക്കൾ ക്രൂര മർദ്ദനത്തിന് വിധേയമായതും, തിരുമു മ്പിന്റെ അപദാനങ്ങൾ ഇപ്പോൾ വാഴ്ത്തുന്ന മുൻ എംഎൽഏ, സൗകര്യപൂർവ്വം മറക്കുകയാണ്.
7. 1948- ൽ പോലീസിന് കീഴടങ്ങുമ്പോൾ, തിരുമുമ്പ് കൈമാറിയ പാർട്ടി രഹസ്യങ്ങൾ അടിസ്ഥാനപ്പെടുത്തി പഴയ മദ്രാസ് പ്രോവിൻസിലെ (ആന്ധ്രയും, തമിഴ്നാടും, മലബാറും, കൂർഗും, സൗത്ത് കാനറയും ഉൾപ്പെടുന്ന പ്രദേശം) കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിക്കാനുള്ള മുഖ്യ കാരണമായി എന്ന ചരിത്രവസ്തുത നിഷേധിക്കാൻ സതീഷ് ചന്ദ്രന് ഒരിക്കലും കഴിയില്ല.
8. തിരുമുമ്പിന്റെ സറണ്ടർ സ്റ്റേറ്റ്മെന്റിൽ(സ്വയം കീഴടങ്ങൾ) അന്നത്തെ കാസർകോട് താലൂക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി കമ്മിറ്റി അംഗങ്ങളുടെ പേര് വിവരങ്ങളും പാർട്ടി നടത്താൻ ഉദ്ദേശിച്ചിരുന്ന സമരങ്ങളുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങളും കൈമാറിയിരുന്നുവെന്ന ചരിത്ര സത്യം നിഷേധിക്കാൻ സതീഷ്ചന്ദ്രന് ധൈര്യമുണ്ടോ-?
9. പോലീസിന് കീഴടങ്ങിയ തിരുമുമ്പ്, അന്ന് സർക്കാർ ഒരുക്കിയ പൊതുയോഗങ്ങളിൽ പങ്കെടുത്ത കമ്മ്യൂണിസ്റ്റ് നേതാക്കൾ രാജ്യദ്രേഹികളാണെന്നും, അവരെ പോലീസിന് പിടിച്ചു കൊടുക്കേണ്ടതാണെന്നും, നാടുനീളെ പ്രസംഗിച്ച് നടന്ന കാര്യം സതീഷ്ചന്ദ്രൻ യുവതലമുറയിൽ നിന്ന് ബോധപൂർവ്വം മറച്ചു വെക്കുന്നത് എന്തിനാണ്?
10. സതീഷ്ചന്ദ്രന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന തിരുമുമ്പിന്റെ 1948 ലെ കീഴടങ്ങലുമായി ബന്ധപ്പെട്ടുള്ള മദ്രാസ് ആർക്കൈവ്സ് രേഖ (സീക്രട്ട് ഫയൽ നം. 2966, മെയ് 29-1948, തമിഴ്നാട്, ആർക്കൈവ്സ് ചെന്നൈ) യിൽ പറയുന്ന വസ്തുതകൾ നിഷേധിക്കാനും, ഇക്കാര്യത്തിൽ ഒരു പരസ്യ സംവാദത്തിനും സതീഷ് ചന്ദ്രൻ തയ്യാറാകണം.
11. 1948- ൽ പാർട്ടി വിട്ട തിരുമുമ്പ് പിന്നീടുള്ള ജീവിതത്തിൽ എന്നെങ്കിലും, കമ്മ്യൂണിസ്റ്റ് പാർട്ടിയെ വഞ്ചിച്ചതും നിർണ്ണായകഘട്ടത്തിൽ രാജി വെച്ചതും ബ്രിട്ടീഷ് പട്ടാളത്തിന് രഹസ്യങ്ങൾ കൈമാറിയതുമെല്ലാം തെറ്റായിപ്പോയെന്ന് കുറ്റസമ്മതം നടത്തുകയോ പശ്ചാത്തപിക്കുകയോ ചെയ്തിട്ടുണ്ടോ?
പിന്നെ എന്തടിസ്ഥാനത്തിലാണ് ടി.എസ് തിരുമുമ്പ് കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നുവെന്നും ഇഎംഎസ് പോലും തിരുമുമ്പിനെ പാടുന്ന പടവാവെന്ന് വിളിച്ച് പ്രകീർത്തിച്ചിരുന്നുവെന്നും, സതീഷ് ചന്ദ്രൻ യുവ തലമുറയിലെ കമ്മ്യൂണിസ്റ്റുകാരെയും, പാർട്ടി അനുഭാവികളെയും ഇപ്പോൾ തെറ്റിദ്ധരിപ്പിച്ചത്.
12. അന്തമാനിലെ സെല്ലുലാർ ജയിലിൽ നിന്ന് രക്ഷപ്പെടാൻ ബ്രിട്ടീഷ് സർക്കാറിന് മാപ്പപേക്ഷ നൽകിയ വി.ഡി സവർക്കറുടെ നടപടി സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുക്കലായിരുന്നെങ്കിൽ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒരു നിർണ്ണായക ഘട്ടത്തിൽ ഒറ്റു കൊടുത്ത ടി. സുബ്രഹ്മണ്യം തിരുമുമ്പിന്റെ നടപടിയെങ്ങിനെ കേവലം പാർട്ടിയിൽ നിന്നുള്ള രാജി മാത്രമായിത്തീരുമെന്നും
കെ .പി. സതീഷ്ചന്ദ്രൻ ജനങ്ങളോട് തുറന്നുപറയണം.