ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
∙ 410 കെ.വി. ട്രാൻസ് ഫോർമർ സ്ഥലം മാറ്റാൻ പ്രസിഡന്റ് ടി. കെ. രവി 10 ലക്ഷം രൂപ കൈപ്പറ്റിയതായി പാർട്ടി അംഗത്തിൻെറ പരാതി
∙ ആശാപുര കമ്പനിയിൽ നിന്ന് കൈപ്പറ്റിയ 10 ലക്ഷം രൂപ പി. കരുണാകരൻെറ അറിവോടെയെന്ന് ആരോപണം
∙ സിപിഎം ജില്ലാ കമ്മിറ്റി ബഹളമയമായി
കാഞ്ഞങ്ങാട്: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീലേശ്വരത്തെ ടി.കെ. രവിക്കെതിരെ പാർട്ടി ജില്ലാ കമ്മിറ്റിയിൽ അഴിമതി ആരോപണം കത്തി. ആശാപുര കമ്പനിയിൽ നിന്ന് ടി.കെ. രവി കൈപ്പറ്റിയ 10 ലക്ഷം രൂപയുടെ കൈക്കൂലി ഇടപാട് പാർട്ടി കേന്ദ്രകമ്മിറ്റിയംഗം പി. കരുണാകരൻ ഇടപെട്ടാണ് ഒതുക്കിയതെന്നാണ് ടി.കെ. രവിക്ക് എതിരായ മുഖ്യ ആരോപണം. ടി.കെ. രവി അന്ന് പാർട്ടി നീലേശ്വരം ഏരിയാ സിക്രട്ടറിയായിരുന്നു. അഴിമതിക്കാരൻ എന്ന് തെളിവു സഹിതം ബോധ്യപ്പെട്ടിട്ടും, പി. കരുണാകരൻ താൽപ്പര്യമെടുത്ത് ടി.കെ. രവിയെ കിനാനൂർ- കരിന്തളം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് പദവിയിൽ അവരോധിക്കുകയും ചെയ്തു.
കരിന്തളത്ത് 410 കെ.വി. സബ് സ്റ്റേഷൻ സ്ഥാപിക്കാൻ കണ്ടെത്തിയ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് സബ് സ്റ്റേഷൻ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ ഇപ്പോൾ ഗ്രാമ പഞ്ചായത്ത് അധ്യക്ഷനായ ടി.കെ. രവി സ്ഥലമുടമയിൽ നിന്ന് പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായ പരാതി, പാർട്ടി സംസ്ഥാന കമ്മിറ്റിക്കയച്ചത് കരിന്തളത്തെ പാർട്ടി പ്രവർത്തകൻ പത്മനാഭനാണ്. ഈ രണ്ടു പരാതികളും അന്വേഷിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റി, കാസർകോട് ജില്ലാ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു.
2021 ആഗസ്ത് 19-ന് ചേർന്ന ജില്ലാ കമ്മിറ്റി ടി.കെ. രവിക്ക് എതിരായ പരാതികൾ ചർച്ചയ്ക്കെടുത്തപ്പോൾ, ജില്ലാപഞ്ചായത്ത് അധ്യക്ഷ പി. ബേബിയും, പി. കരുണാകരനും ടി.കെ. രവിയെ വെള്ളപൂശാൻ ശ്രമിച്ചതാണ് ജില്ലാ കമ്മിറ്റി ബഹളമയമായത്. ടി.കെ. രവി അഴിമതിക്കാരൻ എന്ന് ബോധ്യപ്പെട്ടിട്ടും, രവിയെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ചരടുവലിച്ചത് പി. കരുണാകരനാണെന്ന് ചില ജില്ലാ കമ്മിറ്റി അംഗങ്ങൾ കമ്മിറ്റിയിൽ തുറന്നടിച്ചു.
ടി.കെ. രവി നീലേശ്വരം ഏരിയാ സിക്രട്ടറിയായിരുന്നപ്പോൾ പാർട്ടി പ്രവർത്തകരെ ഉൾപ്പെടുത്തി നടത്തിയ ചിട്ടിയുടെ കണക്കുകൾ വർഷങ്ങൾ കഴിഞ്ഞിട്ടും പുറത്തു വിട്ടില്ലെന്ന പരാതി സംസാഥന കമ്മിറ്റിക്കയച്ചുകൊടുത്തത് നീലേശ്വരത്തെ പാർട്ടി ലോക്കൽ കമ്മിറ്റിയംഗം വേണു ഗോപാലനാണ്. ഇപ്പോൾ പഞ്ചായത്ത് അധ്യക്ഷന്റെ പദവിയിലിരുന്നും, ടി.കെ. രവി അഴിമതി നടത്തിയതിനുള്ള തെളിവുകൾ കരിന്തളത്തെ പാർട്ടി പ്രവർത്തകരിൽ ചർച്ചയാണ്. ഇരുപരാതികളിലും ജില്ലാക്കമ്മിറ്റിയിൽ നാലു മണിക്കൂർ നീണ്ട ചർച്ചകളും ബഹളങ്ങളും നടന്നു.
ഒടുവിൽ അഴിമതി ആരോപണങ്ങൾ അന്വേഷിച്ച് അടുത്ത ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ ജില്ലാ കമ്മിറ്റി അംഗങ്ങളെ പാർട്ടി ചുമതലപ്പെടുത്തി. പി. അപ്പുക്കുട്ടൻ, ജില്ലാ സിക്രട്ടറിയേറ്റംഗം പി. ജനാർദ്ധനൻ തുടങ്ങിയ മൂന്നംഗങ്ങൾ. ടി.കെ. രവിക്ക് എതിരായ പരാതികൾ അന്വേഷിച്ച് പാർട്ടിക്ക് റിപ്പോർട്ട് നൽകാനാണ് ഡിസിസി തീരുമാനിച്ചത്.