സിപിഐഎം ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്നു: കെ സുധാകരന്‍

തിരുവനന്തപുരം: ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്ന നയമാണ് ഇടതുമുന്നണി ഭരിക്കുന്ന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. തലശ്ശേരിയിൽ ഫർണിച്ചർ വ്യവസായം അടച്ചുപൂട്ടി നാടുവിടേണ്ടി വന്ന ദമ്പതികളുടെ ദുരവസ്ഥയ്ക്ക് ഉത്തരവാദി വ്യവസായ വകുപ്പും നഗരസഭയുമാണ്. കേരളം നിക്ഷേപ സൗഹൃദമാണെന്ന സർക്കാരിന്റെ അവകാശവാദം പൊള്ളയും കാപട്യവുമാണെന്നാണ് ഈ സംഭവം കാണിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

സിപിഐഎം ഭരണസമിതി കട അടച്ചുപൂട്ടിപ്പിച്ച നടപടി വിവാദമായപ്പോള്‍ കടതുറക്കാന്‍ അനുമതി നല്‍കി കൈയ്യടി നേടാനാണ് സര്‍ക്കാർ ശ്രമിക്കുന്നത്. വൻകിടക്കാരെ മാത്രം സഹായിക്കുന്ന നിലപാട് സർക്കാർ തിരുത്തണം. ചെറുകിട സംരംഭകരെ സൃഷ്ടിച്ച് അവരെ സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്രദേശവാസികള്‍ക്ക് വ്യവസായം തുടങ്ങാനും നല്ലരീതിയില്‍ നടത്തിക്കൊണ്ടുപോകാനുമുള്ള അന്തരീക്ഷം ഒരുക്കിയിട്ട് വേണം സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങളും സംരംഭങ്ങളും ആകര്‍ഷിക്കുന്നതിനുള്ള നടപടികളുമായിട്ടാണ് മുന്നോട്ട് പോകേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

ചെറുകിട സംരംഭകരെയും വൻ കിട സംരംഭകരെയും ഉൾക്കൊള്ളുന്ന സമഗ്രമായ സുസ്ഥിര വികസന കാഴ്ചപ്പാട് നാം നടപ്പാക്കേണ്ടതുണ്ട്. റാങ്കിംഗ് ലിസ്റ്റിലെ ഏറ്റക്കുറച്ചിലുകൾ നോക്കിയല്ല, മറിച്ച് നമ്മുടെ സംരംഭകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും തൊഴിൽ അന്തരീക്ഷവും സൃഷ്ടിക്കുമ്പോൾ മാത്രമേ നിക്ഷേപ സൗഹൃദമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടൂ. അതിനായി സങ്കുചിത മനോഭാവവും പ്രതികാരനടപടികളും ഉപേക്ഷിക്കാൻ സി.പി.എം ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ തയ്യാറാവണം. കേരളത്തിലെ സാഹചര്യം നിലവിൽ അതിന് യോജിച്ചതല്ലെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

K editor

Read Previous

ജീവിക്കാൻ മാര്‍ഗമില്ല; ദയാവധത്തിന് അപേക്ഷ നല്‍കി മലയാളി ട്രാൻസ് വുമണ്‍

Read Next

ഗുലാം നബി പുതിയ പാര്‍ട്ടി രൂപീകരിക്കും