ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോൺഗ്രസ്സ് പിന്തുണക്കും∙ പത്രിക നൽകിയത് സിഐടിയു∙ നേതാവിന്റെ ഭാര്യയായ മുൻ കൗൺസിലർ പി. ലീല
കാഞ്ഞങ്ങാട്: അതിയാമ്പൂർ നാലാം വാർഡിൽ മത്സരിക്കുന്ന സിപിഎം നഗരസഭാ അധ്യക്ഷ സ്ഥാനാർത്ഥി സുജാത ടീച്ചർക്കെതിരെ സിഐടിയു നേതാവ് ബല്ലാ രാജന്റെ ഭാര്യ പി. ലീല റിബൽ സ്ഥാനാർത്ഥി. ഇന്ന് രാവിലെ കാഞ്ഞങ്ങാട് നഗരസഭാ വരണാധികാരിക്ക് മുന്നിൽ പി. ലീല പത്രിക സമർപ്പിച്ചു.
സിപിഎം മുൻ ബല്ലാ ലോക്കൽ കമ്മിറ്റിയംഗവും, പാർട്ടി അതിയാമ്പൂർ ബ്രാഞ്ച് കമ്മിറ്റിയംഗവുമായിരുന്ന ബല്ല രാജൻ നിലവിൽ നിർമ്മാണത്തൊഴിലാളി യൂണിയൻ സിഐടിയു കാസർകോട് ജില്ലാ കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടും, കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റി പ്രസിഡണ്ടുമാണ്. സ്ഥാനാർത്ഥി പി. ലീല എൽഐസി ഏജന്റ് യൂണിയൻ സിഐടിയുവിന്റെ കാസർകോട് ജില്ലാക്കമ്മിറ്റി അംഗമാണ്.
2010 മുതൽ 15 വരെ അതിയാമ്പൂർ 4-ാം വാർഡ് സിപിഎം കൗൺസിലറായിരുന്ന ലീല ബ്രാഞ്ച് കമ്മിറ്റിയംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 2010-ൽ അതിയാമ്പൂര് വാർഡിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട മുൻകൗൺസിലറാണ് ലീല. സിപിഎം പ്രവർത്തകൻ അതിയാമ്പൂരിലെ അനൂപ് ലീലയെ മർദ്ദിച്ചതിൽ പാർട്ടി നേതൃത്വം അനൂപിന് അനുകൂലമായി നിലപാടെടുത്തതോടെ രാജനും ഭാര്യയും സിപിഎമ്മുമായി അകലുകയായിരുന്നു.
അതിയാമ്പൂര് വാർഡിനെ പ്രതിനിധീകരിച്ച് മത്സരിച്ച് ചെയർമാനായ ശേഷം വി.വി. രമേശൻ അതിയാമ്പൂര് വാർഡിനോട് കാണിച്ച അവഗണനയിൽ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയതെന്ന് രാജനും ലീലയും പറഞ്ഞു. കഴിഞ്ഞ 5 വർഷത്തിനിടെ അതിയാമ്പൂര് വാർഡിൽ വികസനമെത്തിക്കാൻ ചെയർമാന് കഴിഞ്ഞിട്ടില്ല.
കുന്നുമ്മൽ ഹനുമാൻ ജിംനേഷ്യം മുതൽ അതിയാമ്പൂര് വരെയുള്ള റോഡ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് കിളച്ച് മറിച്ചതല്ലാതെ റോഡ് പണി നടന്നിട്ടില്ല. കുന്നുമ്മൽ റോഡിന്റെ അവസ്ഥ ദയനീയ കാഴ്ചയാണ്. വി.വി. രമേശൻ വാർഡിനോട് കാണിച്ച വികസന വിരോധത്തിനെതിരെയാണ് പോരാട്ടമെന്ന് ബല്ല രാജൻ പറഞ്ഞു.
ലീല എൽഡിഎഫ് റിബൽ സ്ഥാനാർത്ഥിയായതോടെ ലീലയെ പിന്തുണക്കാൻ കോൺഗ്രസ്സിൽ ആലോചന തുടങ്ങി. കഴിഞ്ഞ തവണ യുഡിഎഫിനെ പ്രതിനിധീകരിച്ച് സിഎംപിയാണ് ബല്ല വാർഡിൽ മത്സരിച്ചത്. ഇത്തവണ സിഎംപി മത്സരത്തിനില്ലെന്നറിയിച്ചതോടെ, കോൺഗ്രസ്സ് വാർഡ് ഏറ്റെടുക്കുകയും, സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
സിപിഎമ്മിൽ റിബൽ സ്ഥാനാർത്ഥി സാധ്യത തിരിച്ചറിഞ്ഞ കോൺഗ്രസ്സ് മറ്റ് മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോഴും, അതിയാമ്പൂര് വാർഡിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ലീല സ്ഥാനാർത്ഥിത്വത്തിൽ ഉറച്ച് നിന്നാൽ 4-ാം വാർഡിൽ കോൺഗ്രസ്സിന് സ്ഥാനാർത്ഥിയുണ്ടാവില്ല. ലീലയ്ക്ക് പിന്തുണ നൽകും.