സിപിഎം ബിജെപി വോട്ടിടപാട് മുഖ്യധാര മാധ്യമങ്ങൾ കണ്ടില്ലെന്ന് നടിച്ചു

സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടാതിരിക്കാനാണ് വാർത്ത തമസ്കരിച്ചത്
 
കാഞ്ഞങ്ങാട്: നഗരസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട്ടെ മൂന്ന് വാർഡുകളിൽ മുൻ നഗരസഭ ചെയർമാൻ വി. വി. രമേശന്റെ നേതൃത്വത്തിൽ നടത്തിയ വോട്ടു വ്യാപാരം മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിച്ചു. വിഷയംേ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത് ഒഴിവാക്കാനാണ് മുഖ്യധാര മാധ്യമങ്ങൾ വോട്ടിടപാട് രഹസ്യം മറച്ചുവെച്ചത്. നഗരസഭാ ചെയർമാനായിരുന്ന വി. വി. രമേശൻ മൽസരിച്ച വാർഡ് 17, ഇടതു സ്വതന്ത്ര മുൻ നഗരസഭ ചെയർപേഴ്സൺ ടി. വി. ശൈലജയും, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം. ബൽരാജിന്റെ ഭാര്യ വന്ദന റാവുവും മൽസരിച്ച വാർഡ് 14, എം. ബൽരാജ് മൽസരിച്ച വാർഡ് 13 എന്നിവിടങ്ങളിലാണ് ഇടതു മുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി വോട്ടുവ്യാപാരം നടത്തിയത്.

പോളിംഗ് ദിവസവും തൊട്ട് മുമ്പുള്ള ദിവസങ്ങളിലും ഫല പ്രഖ്യാപനത്തിലും സിപിഎം–ബിജെപി ബന്ധം പകൽ പോലെ പ്രകടനമായിരുന്നു. 14– ാം വാർഡായ മുൻസിപ്പൽ ഓഫീസ് വാർഡിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്നത് യുഡിഎഫിലെ തസ്റീനയാണ് ഇടതു സ്വതന്ത്ര ടി. വി. ശൈലജ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 13– ാം വാർഡിലും യുഡിഎഫിലെ എം. കുഞ്ഞികൃഷ്ണൻ രണ്ടാം സ്ഥാനാർത്ഥി ജയപ്രകാശന് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.  വി. വി. രമേശൻ വിജയിച്ച 17– ാം വാർഡിൽ യുഡിഎഫാണ് രണ്ടാം സ്ഥാനത്തുണ്ടായിരുന്നത് ബിജെപിയുടെ സ്വന്തം വോട്ടുകൾ പോലും കിട്ടാതെ ബിജെപി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

കാഞ്ഞങ്ങാട് നഗരസഭയിലെ മൂന്ന് വാർഡുകളിൽ ബിജെപി സിപിഎം നീക്ക് പോക്ക് നടക്കുന്നതായി ലേറ്റസ്റ്റിൽ ആദ്യ വാർത്ത വന്ന ഡിസമ്പർ 4 –ന് സിപിഎമ്മിന്റെ ഉത്തരവാദപ്പെട്ട നേതാക്കൾ ലേറ്റസ്റ്റ് ലേഖകനെ വിളിച്ച് സംസാരിച്ചിരുന്നു. വാർത്ത തെറ്റാണെന്ന് പറഞ്ഞ സിപിഎം നേതാക്കൾ സത്യം മറച്ചു വെച്ച് വി. വി. രമേശനെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. എം. ബൽരാജ് വിജയിച്ച 13– ാം വാർഡിൽ സിപിഎം സ്ഥാനാർത്ഥി വിജയിക്കുക തന്നെ ചെയ്യുമെന്നും, വിജയിക്കാനുള്ള വോട്ട് തങ്ങൾക്കുണ്ടെന്നും, പുതുതായി കുറെ വോട്ടുകൾ സിപിഎം അവിടെ ചേർത്തിട്ടുണ്ടെന്നും, തങ്ങൾ വിജയിക്കുമെന്നതിൽ ആർക്കും ഒരു സംശയവും വേണ്ടെന്നുമായിരുന്നു സിപിഎം നേതാക്കളുടെ വാദം.

ഇതു സംബന്ധിച്ച് സിപിഎം പാർട്ടി പത്രത്തിൽ നിഷേധക്കുറിപ്പും വന്നു. 14– ാം വാർഡിൽ ടി. വി. ശൈലജയാണ് തങ്ങളുടെ സ്ഥാനാർത്ഥിയെന്നും യുഡിഎഫും തങ്ങളും തമ്മിലാണ് മൽസരമെന്നും വന്ദനാ റാവു വിജയിക്കില്ലെന്നുമായിരുന്നു സിപിഎം നേതാക്കൾ അന്ന് പറഞ്ഞത്. 17– ാം വാർഡിൽ ബിജെപി വോട്ടില്ലാതെ തന്നെ തങ്ങൾക്ക് ജയിക്കാനാവുമെന്ന വാദവും സിപിഎം നേതാക്കൾ നിരത്തിയിരുന്നു.  എന്നാൽ, ഫലം പുറത്തു വന്നപ്പോൾ ലേറ്റസ്റ്റ് ചൂണ്ടിക്കാണിച്ചതു പോലെ വി. വി. രമേശൻ 17– ാം വാർഡിലും ബൽരാജ് 13– ാം വാർഡിലും വന്ദനറാവു 14– ാം വാർഡിലും വിജയിച്ചു.

ഇതോടെ ലേറ്റസ്റ്റ് വാർത്ത നൂറ് ശതമാനം ശരിയാണെന്ന് തെളിയിച്ച് 13 , 14 വാർഡുകളിൽ ഇടതു മുന്നണി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് വേളയിൽ ലേറ്റസ്റ്റ് പ്രസിദ്ധീകരിച്ച ബിജെപി– സിപിഎം രഹസ്യ ബാന്ധവം വാർത്ത ശരിയാണെന്ന് കണ്ടിട്ടും, മുഖ്യധാര മാധ്യമങ്ങൾ യാഥാർത്ഥ വസ്തുത പുറത്തറിയിക്കാൻ വൈമുഖ്യം കാട്ടിയതിൽ വലിയ തോതിലുള്ള ഇടപെടലാണ് നടന്നിട്ടുളളത്.

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് 52 പേർ അറസ്റ്റിൽ

Read Next

വിജേഷിന്റെ അന്തകനായത് കെഎസ്ആർടിസി ബസ്