ഭാരത് ജോഡോ യാത്രയെ സിപിഎമ്മും ഭയക്കുന്നു: വി.ഡി സതീശന്‍

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ സി.പി.എമ്മിനും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അതുകൊണ്ടാണ് എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതികളെ കണ്ടെത്തിയെന്ന് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

“പ്രതിയെ കിട്ടിയെങ്കിൽ അവർ പറയട്ടെ. ഈ യാത്രയെ അവർ ഭയക്കുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് യാത്ര തുടങ്ങുന്നതിനു മുൻപേ ഇത്തരം നെഗറ്റീവ് കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. കിട്ടിയെന്നു പറയുന്ന പ്രതിയുടെ വിശദാംശങ്ങൾ ലഭിക്കാതെ ഞങ്ങൾ പ്രതികരിക്കേണ്ട കാര്യമില്ലല്ലോ” സതീശൻ പറഞ്ഞു.

സിപിഎം ആസ്ഥാനമായ എ.കെ.ജി സെന്‍ററിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ കേസിലെ പ്രതികളെക്കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചെന്ന പ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് വി.ഡി സതീശന്‍റെ പ്രതികരണം. സിപിഎമ്മുമായി ബന്ധമുള്ള കേന്ദ്രങ്ങളാണ് ഈ പ്രചാരണം നടത്തുന്നതെങ്കിലും ഇത് സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

Read Previous

ചരിത്രം കുറിച്ച് ലുസൈൽ സ്റ്റേഡിയം; സൂപ്പർ കപ്പ് കാണാൻ എത്തിയത് 77,575 പേർ

Read Next

‘അധ്യക്ഷ സ്ഥാനത്തേക്ക് മൽസരമുണ്ടാകണം; സംഘടന തിരഞ്ഞെടുപ്പ് ഗുണം ചെയ്യും’