ബങ്കളത്ത് സിപിഎം പ്രവർത്തകന്റെ വീടാക്രമിച്ചു

നീലേശ്വരം : മടിക്കൈ ബങ്കളത്ത് അഞ്ചംഗ സംഘം രാത്രിയിൽ കർഷകത്തൊഴിലാളിയുടെ വീടാക്രമിച്ചു. ബങ്കളം മുത്തപ്പൻ മഠപ്പുരയ്ക്കടുത്ത് താമസിക്കുന്ന വി. നാരായണന്റെ വീടാണ് കക്കാട്ട് സ്വദേശികളായ ഷിജു, മഹേഷ്, അനിൽ, മനോജ്, വിനു എന്നിവർ ചേർന്ന് ആക്രമിച്ചത്. രാത്രി എട്ടര മണിയോടെ വീട്ടിലെത്തിയ സംഘം വീടിന്റെ ഉമ്മറത്തേക്ക് ഇരച്ചു കയറുകയും, എവിടെയാടാ രൂപേഷ് എന്ന് അട്ടഹസിക്കുകയും ചെയ്തു.

വീടിന്റെ ജനാല ഗ്ലാസ്സ് അക്രമി സംഘം എറിഞ്ഞു തകർത്തു. അരമണിക്കൂറോളം അക്രമികൾ വീട്ടു മുറ്റത്ത് അഴിഞ്ഞാടി. നാരായണന്റെ മകൻ രൂപേഷ് പിക്കപ്പ് ഡ്രൈവറാണ്. രൂപേഷും അക്രമികളിൽ ചിലരുമായി ഇന്നലെ വൈകുന്നേരം 5 മണിക്ക് ബങ്കളത്ത് ഉന്തും തള്ളും
നടന്നിരുന്നു. ഒരു വൃദ്ധനെ പ്രതികൾ അപമാനിച്ച സംഭവം നേരിൽക്കണ്ട നാരായണന്റെ മകൻ രൂപേഷ് സംഭവത്തിലിടപെട്ടതിനെത്തുടർന്നാണ് അക്രമികളുമായി ഉന്തും തള്ളുമുണ്ടായത്. രാത്രി എട്ടര മണിയോടെയാണ് അക്രമം. വീട്ടിലുണ്ടായിരുന്ന രൂപേഷിനെയും അറുപതുകാരനായ പിതാവ് നാരായണനേയും അക്രമികൾ ക്രൂരമായി മർദ്ധിച്ചു.

ബഹളം കേട്ടെത്തിയ അയൽവാസികളായ ശരത് തുടങ്ങിയവർക്കും മർദ്ദനമേറ്റു. കക്കാട്ട് സ്വദേശികളായ ഷിജു, മഹേഷ് ബങ്കളം, മനോജ്, വിനു എന്നിവരാണ് വീടാക്രമിച്ച സംഘത്തിലുണ്ടായിരുന്നത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി. അക്രമികളുടെ അടിയേറ്റ് കൈക്ക് പരിക്ക് പറ്റിയ ഗൃനാഥൻ വി. നാരായണനെയും മകൻ രൂപേഷിനെയും രാത്രിയിൽ വള്ളിക്കുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. കൊറോണ ആയതിനാൽ അഡ്മിറ്റ് ചെയ്തില്ല. രാത്രി 10.30 മണിയോടെ രൂപേഷും പിതാവ് വി. നാരായണനും നീലേശ്വരം പോലീസിലെത്തി പരാതി നൽകി.
ഇന്ന് രാവിലെ വീണ്ടും രൂപേഷ് പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഇന്നലെ കൊടുത്ത പരാതി കാണാനില്ലെന്ന് പോലീസ് പറഞ്ഞതിനാ,ൽ ഇന്ന് രാവിലെ വീണ്ടും പരാതി നൽകിയിട്ടുണ്ട്.

അതിനിടയിൽ സി പി എം ബങ്കളം ബ്രാഞ്ച് സിക്രട്ടറി അനിൽ ബങ്കളം
പരാതിക്കാരെ വിളിച്ച് സംഭവം ഒതുക്കിത്തീർക്കാനുള്ള നീക്കവും നടത്തി. വീടാക്രമിച്ച സംഭവത്തിൽ കേസ്സ് എടുക്കരുതെന്നും, പറഞ്ഞു തീർക്കണമെന്നും പോലീസിൽ വിളിച്ച് അനിൽ ആവശ്യപ്പെട്ടതായും പുറത്തു വന്നിട്ടുണ്ട്.

LatestDaily

Read Previous

സംയുക്ത മുസ്്ലീം ജമാഅത്ത് ആസ്ഥാന മന്ദിരം മെട്രോ മുഹമ്മദ്ഹാജി സ്മാരക മന്ദിരമാക്കി

Read Next

ഷാനിൽ മംഗളൂരു വീട്ടമ്മയേയും ചതിച്ചു യുവതിയിൽ നിന്ന് തട്ടിയെടുത്തത് 3.65 ലക്ഷം രൂപ