ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാലക്കാട്: ഇടതുപക്ഷത്തിന്‍റെ തുടർഭരണം പിണറായി ബ്രാൻഡാക്കി മാറ്റാൻ സി.പി.ഐ മന്ത്രിമാർ പോലും മത്സരിക്കുകയാണെന്ന് വിമർശനം. സി.പി.ഐ പാലക്കാട് ജില്ലാ സമ്മേളനത്തിന്‍റെ രാഷ്ട്രീയ ചർച്ചയിൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പ് വലിയ പരാജയമാണെന്നും ജനങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്നും വിമർശനമുയർന്നു. സിൽവർ ലൈൻ വിഷയത്തിൽ സർക്കാർ വ്യത്യസ്തമായി ചിന്തിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
അധികാരം മുഖ്യമന്ത്രിയിൽ മാത്രമായി ഒതുങ്ങുന്നു. വകുപ്പിന്‍റെ ചുമതല വഹിക്കുന്നതല്ലാതെ മന്ത്രിമാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. ഇടതുമുന്നണിയെ ശക്തിപ്പെടുത്തുന്നതിൽ വിട്ടുവീഴ്ചയില്ലെങ്കിലും സ്വന്തം പാർട്ടിയെ വിലകുറച്ച് കാണുന്നതിൽ സി.പി.ഐ മന്ത്രിമാർ ഒട്ടും പിന്നിലല്ല. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പ് വലിയ പരാജയമാണ്. ഇടതുമുന്നണിയുടെ നയമനുസരിച്ചല്ല പൊലീസ് പ്രവർത്തിക്കുന്നത്. നീതി കിട്ടുന്നില്ലെന്ന ജനങ്ങളുടെ പരാതി സർക്കാരിന് ചീത്തപ്പേരുണ്ടാക്കുകയാണ്.
കൃഷിവകുപ്പിന്‍റെ പ്രവർത്തനം വേണ്ടത്ര മെച്ചപ്പെടുന്നില്ല. പൊതുവിതരണ, റവന്യു വകുപ്പുകൾ ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആനി രാജയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ എം.എം മണി പ്രസംഗം നടത്തിയിട്ടും എതിർക്കുന്നതിനുപകരം പാർട്ടി സംസ്ഥാന സെക്രട്ടറി ആനി രാജയെ വിമർശിച്ചത് ശരിയായില്ല. ലോകായുക്ത നിയമത്തിൽ വെള്ളം ചേർക്കാൻ സി.പി.എമ്മുമായി കൈകോർക്കാൻ സി.പി.ഐ ശ്രമിക്കുന്നുവെന്ന് സംശയിച്ചാൽ ജനങ്ങളെ കുറ്റം പറയാനാവില്ല. സിൽവർ ലൈൻ പദ്ധതിക്ക് ഇത്ര വേഗത വേണ്ടിയിരുന്നോ എന്ന് ഇനിയും പരിഗണിക്കേണ്ടതുണ്ടെന്നും വിമർശനമുയർന്നു.