ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നഗരസഭാ തിരഞ്ഞെടുപ്പിൽ അരയി 20-ാം വാർഡിനെ ചൊല്ലി സിപിഎം – സിപിഐ തർക്കം. കഴിഞ്ഞ തവണ രണ്ട് സീറ്റിൽ മത്സരിച്ച സിപിഐക്ക് ഇത്തവണ രണ്ട് സീറ്റുകൾ എൽഡിഎഫ് വാഗ്ദാനം ചെയ്യുമ്പോൾ, വാർഡുകളിലൊന്ന് വെച്ചുമാറണമെന്ന സിപിഎം നിലപാടാണ് സിപിഐയെ ചൊടിപ്പിച്ചത്.
മുമ്പ് ഇടതുമുന്നണിയിലായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ എൽജെഡി കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പക്ഷത്തായിരുന്നു. കാലാകാലങ്ങളിൽ ജനതാദൾ എൽഡിഎഫിനെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്ന അരയി വാർഡ് കഴിഞ്ഞ തവണ എൽഡിഎഫ് സിപിഐക്ക് വീട്ടുകൊടുക്കുകയായിരുന്നു.
ഇത്തവണ ചിത്രം മാറി എൽജെഡി എൽഡിഎഫ് പക്ഷത്ത് തിരിച്ചെത്തിയതോടെ, ദളിത് സ്വാധീനമുള്ള അരയി വാർഡ് സിപിഐയിൽ നിന്നും തിരിച്ചു പിടിച്ച് എൽജെഡിക്ക് നൽക്കാൻ സിപിഎം കൈകൊണ്ട തീരുമാനമാണ് സിപിഐയെ ചൊടിപ്പിച്ചത്. നിലവിൽ ബിജെപി കൗൺസിലർ പ്രതിനിധീകരിക്കുന്ന കാരാട്ട് വയൽ വാർഡ് 6, അരയിക്ക് പകരം സിപിഐക്ക് വിട്ടുനൽകിയിട്ടുണ്ടെങ്കിലും, കാരാട്ട് വയൽ വാർഡിൽ മത്സരിക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ് സിപിഐ നേതൃത്വം.
മത്സരിക്കുന്നുവെങ്കിൽ, അരയി വാർഡിലും, കഴിഞ്ഞ തവണ പാർട്ടിയംഗം മത്സരിച്ച് പരാജയപ്പെട്ട കല്ലൂരാവി 37-ാം വാർഡിലും ഒരിക്കൽകൂടി പരീക്ഷണം നടത്താനാണ് സിപിഐക്ക് താത്പര്യം. എൽജെഡി തിരിച്ചു മുന്നണിയിലെത്തിയതോടെ എൽഡിഎഫ് ഏറെ വിജയപ്രതീക്ഷ പുലർത്തുന്ന അരയി വാർഡിലൂടെ ഇത്തവണ നഗരസഭയിലേക്കിതാദ്യമായെത്താമെന്ന സിപിഐ നീക്കമാണ്, സിപിഎം നിലപാട് കടുപ്പിച്ചതോടെ അസ്ഥാനത്തായി.
കഴിഞ്ഞ തവണ ജനതാദളിന്റെ അഭാവത്തിൽ അരയി വാർഡ് സിപിഐക്ക് വിട്ടുകൊടുത്തതിനെതി രെ പ്രാദേശിക സിപിഎം പ്രവർത്തകർ നേതൃത്വത്തിനെതിരെ രംഗത്തിറങ്ങുകയും പാർട്ടി ബ്രാഞ്ച് സിക്രട്ടറിയായിരുന്ന രാജനെ എൽഡിഎഫ് റിബൽ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുകയും ചെയ്തിരുന്നു.
സിപിഎം റിബൽ സ്ഥാനാർത്ഥി കാര്യമായി വോട്ട് പിടിച്ചതിനാൽ സിപിഎം സ്ഥാനാർത്ഥി എം. നാരായണൻ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. 20-ാം വാർഡ് സി.കെ. വത്സലനിലൂടെ ബിജെപി പിടിച്ചെടുത്തത് സിപിഎം സഹായത്താലാണെന്ന ആരോപണം സിപിഐ ഉയർത്തുന്നു. യുഡിഎഫിനെ ഭരണത്തിൽ നിന്നും അകറ്റി നിർത്താൻ യുഡിഎഫ് അംഗബലം കുറക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ തവണ അരയി വാർഡിൽ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചതായാണ് സിപിഐ ആരോപണം.
കല്ലൂരാവി 37-ാം വാർഡിൽ മത്സരിക്കുന്നതിൽ സിപിഐക്ക് എതിർപ്പില്ല. അരയി വാർഡ് കിട്ടിയില്ലെങ്കിൽ, കാരാട്ട് വാർഡിൽ മത്സരത്തിനില്ലെന്ന നിലപാട് മുന്നണി യോഗത്തിൽ സിപിഐ ആവർത്തിച്ചെങ്കിലും, അരയി വാർഡ് എൽജെഡിക്ക് തന്നെ വിട്ടു നൽകാനാണ് എൽഡിഎഫ് തീരുമാനം.