ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ച ഇ. ചന്ദ്രശേഖരനെതിരെ പാർട്ടിക്കുള്ളിൽ കലാപക്കൊടിയുയർത്തിയ സിപിഐ നേതാക്കളെ പരസ്യമായി ശാസിക്കാൻ സിപിഐ ജില്ലാ കൗൺസിൽ തീരുമാനിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും, ജില്ലാ എക്സിക്യുട്ടീവ് അംഗവുമായ ബങ്കളം പി. കുഞ്ഞികൃഷ്ണൻ, ജില്ലാ കൗൺസിൽ അംഗമായ ഏ. ദാമോദരൻ എന്നിവർക്കെതിരെയാണ് അച്ചടക്ക ലംഘനത്തിന് പാർട്ടി നടപടി.
സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥിക്കെതിരെ തന്നെയാണ് ഇരുവരും പാർട്ടിക്കുള്ളിൽ കലാപക്കൊടിയുയർത്തിയത്. കാഞ്ഞങ്ങാട് നഗരസഭാ ടൗൺഹാളിൽ ഇ. ചന്ദ്രശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാതെ ബങ്കളം കുഞ്ഞികൃഷ്ണൻ ടൗൺഹാളിന് പുറത്തിറഞ്ഞിയ സംഭവം ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഇ. ചന്ദ്രശേഖരന് നിയമസഭയിലേക്ക് മത്സരിക്കാൻ മൂന്നാമത് അവസരം കൊടുത്തതിൽ പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു. എതിർപ്പിന്റെ ഭാഗമായാണ് സിപിഐയുടെ മുതിർന്ന നേതാവ് കൂടിയായ ബങ്കളം കുഞ്ഞികൃഷ്ണനും, ഏ ദാമോദരനും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും അകന്നു നിന്നത്.
പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ച സ്ഥാനാർത്ഥിക്കെതിരെ അതേ പാർട്ടിയിലെ നേതാക്കൾ പരസ്യമായി രംഗത്തെത്തിയത് സിപിഐ നേതൃത്വത്തിന് നാണക്കേടുണ്ടാക്കിയിരുന്നു. സത്യൻ മൊകേരി, ഇ.ചന്ദ്രശേഖരൻ എംഎൽഏ, സി.പി.ഐ കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി. മുരളി എന്നീ സംസ്ഥാന നേതാക്കൾ പങ്കെടുത്ത ജില്ലാ കൗൺസിൽ യോഗത്തിലാണ് പാർട്ടി അച്ചടക്കം ലംഘിച്ചവരെ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചത്.
പരസ്യശാസന കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ കടുത്ത ശിക്ഷയാണ്. പാർട്ടിയിൽ നിന്നും പുറത്താക്കുന്നതൊഴിവാക്കിയാണ് നേതാക്കളെ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചത്. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥിയായ ഇ. ചന്ദ്രശേഖരന് വേണ്ടി സിപിഎം അടക്കമുള്ള ഘടകകക്ഷികൾ രാപ്പകൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേർപ്പെട്ടപ്പോഴും ബങ്കളം കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരു സംഘം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ തണുപ്പൻ മട്ടിലായിരുന്നു. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലുള്ള വിഭാഗീയ പ്രവണതയാണ് മുമ്പെങ്ങുമില്ലാത്ത വിധം സിപിഐക്കുള്ളിൽ ദൃശ്യമായത്.
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ കാര്യമായ സ്വാധീനമില്ലാത്ത സിപിഐയുടെ സ്ഥാനാർത്ഥിക്കുവേണ്ടി സിപിഎം പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങിയപ്പോൾ ഒരു വിഭാഗം പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇത് സിപിഎം അണികൾക്കുള്ളിൽ പ്രതിഷേധത്തിനും കാരണമായി.