ആൾക്കൂട്ട നിയന്ത്രണം: കർശ്ശന നടപടിയുമായി പോലീസ്

കാഞ്ഞങ്ങാട്: കോവിഡ് വ്യാപന ഭീതി വളരുന്ന പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങളുണ്ടാകുന്നതിനെതിരെ കർശ്ശന  നടപടി സ്വീകരിക്കാൻ പോലീസ് നിർദ്ദേശം.

പോതു സ്ഥലങ്ങളിൽ പത്തിൽ കൂടുതൽ ആൾക്കാർ സംഘടിക്കരുതെന്നാണ് നിർദ്ദേശം.

കോവിഡ് പശ്ചാത്തലത്തിൽ ജില്ലയിൽ നടക്കുന്ന സമരങ്ങൾക്കും കർശ്ശന നിയന്ത്രണം ബാധകമാണ്.സമരങ്ങൾക്ക് പത്തിൽ കൂടുതൽ ആൾക്കാർ പങ്കെടുക്കാൻ പാടില്ലെന്നും, പങ്കെടുക്കുന്നവർ 6 അടിഅകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

റോഡരികിലും, കടവരാന്തകളിലും അനാവശ്യമായി കൂട്ടം കൂടി നിൽക്കുന്നവർക്കെതിരെയും, ഫുട്ബോൾ മുതലായ വിനോദങ്ങളിലേർപ്പെടുന്നവർക്കെതിരെയും കർശ്ശന നിയമ നടപടികളുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ആരാധനാലയങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിച്ച് എത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും, കുട്ടികൾക്കും ആരാധനാലയങ്ങളിൽ വരുന്നതിന് വിലക്കുണ്ട്. ഈ വിലക്ക് ലംഘിച്ച് ധാരാളം ആൾക്കാർ അമ്പലങ്ങളിലും, പള്ളികളിലും എത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ്  നൽകുന്നു.

പോലീസ് ഉന്നതതല നിർദ്ദേശപ്രകാരം കാസർകോട് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പ ഈ സന്ദേശം ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും  കൈമാറിയിട്ടുണ്ട്. ഇന്ന് മുതൽ പോതു സ്ഥലത്ത് പത്തിൽകൂടുതൽ ആൾക്കാർ സംഘടിച്ചാൽ നിയമ നടപടിയുണ്ടാകും.

LatestDaily

Read Previous

പ്രവാസിയെ മതത്തിന്റെ പേരിൽ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും ഇറക്കിവിട്ടു

Read Next

കാഞ്ഞങ്ങാട് നഗരസഭയിൽ 6 വാർഡുകൾ ഹോട്ട്സ്പോട്ട്