വിവേകപൂർണ്ണമായ സമീപനം വേണം

കോവിഡ് രോഗ വ്യാപനത്തിന്റെ മൂന്നാംഘട്ടത്തിൽ കാസർകോട് ജില്ലയിൽ സ്ഥിതികൾ അതീവ സങ്കീർണ്ണാവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന സൂചനകൾ വഴി മനസ്സിലാക്കേണ്ടത്. ഒറ്റ രോഗിപോലുമില്ലാതെയിരുന്ന അവസ്ഥയിൽ നിന്നാണ് വീണ്ടും ജില്ല ഈ സ്ഥിതിയിലേക്ക് വന്നത്.

ജില്ലയിൽ കാസർകോട് മഞ്ചേശ്വരം താലൂക്കുകളിൽ രോഗികളുടെ എണ്ണംദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ്. തൊട്ടടുത്ത പഞ്ചായത്തുകളായ മധൂർ, കുമ്പള, ചെമ്മനാട്, അതിർത്തി പഞ്ചായത്തായ മഞ്ചേശ്വരം കാസർകോട് നഗരസഭ എന്നിവിടങ്ങളിലാണ് രോഗബാധ വർദ്ധിക്കുന്നത്.

സമ്പർക്കം വഴിയുള്ള രോഗവ്യാപനമാണ് ജില്ലയിൽ കുറച്ചു ദിവസമായി നടക്കുന്നത്. ഉറവിടം എവിടെ നിന്നാമെന്നുപോലും തിരിച്ചറിയാത്ത കേസുകളുണ്ടെന്നത് തന്നെ രോഗ വ്യാപ്തിയുടെ  ഗുരുതരാവസ്ഥ വെളിപ്പെടുത്തുന്നതാണ്. കാസർകോട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പഴം, പച്ചക്കറി, മത്സ്യമാർക്കറ്റുകൾ  അടച്ചിട്ടിരുന്നെങ്കിലും, രോഗവ്യാപനം കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല.

ജില്ല സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് പോകുന്നതിന്റെ ലക്ഷണങ്ങളാണ് നിലവിൽ കണ്ടുകൊണ്ടിരിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ താൽക്കാലികമായി നിർത്തിക്കഴിഞ്ഞു. കർണ്ണാടകയിൽ നിന്നുള്ള പച്ചക്കറി വാഹനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. സർക്കാറിന്റെ നിയന്ത്രണങ്ങൾ അനുസരിക്കാതെയുണ്ടായ സ്വയംകൃതാനർത്ഥമാണ് ജില്ലയിലെ നിലവിലെ സാഹചര്യമെന്ന് പറയേണ്ടി വരും.

രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പും, പോലീസും നൽകിയ മുന്നറിയിപ്പുകൾ തൃണവൽഗണിച്ചാണ് ജില്ലയിലെ ഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും പെരുമാറുന്നത്. ആൾക്കുട്ടങ്ങളൊഴിവാക്കാൻ സർക്കാർ നിർദ്ദേശമുണ്ടെങ്കിലും, ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന വിധത്തിൽ പെരുമാറിയവരാണ് ജില്ലയുെട നിലവിലെ അവസ്ഥയ്ക്ക് കാരണക്കാർ.

നിയമം ലംഘിക്കുന്നവർ തങ്ങളുടെ സഹജീവികളോടും, കുടുംബത്തോടും തന്നെയാണ് ക്രൂരത കാണിക്കുന്നതെന്ന അവബോധമില്ലാത്തതാണ് കാതലായ പ്രശ്നം. മാസ്ക് ധരിക്കാതെയും, കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചും, തന്നിഷ്ടത്തിന്റെ റിപ്പബ്ലിക്ക് സ്ഥാപിക്കുന്നവർ അറിഞ്ഞോ അറിയാതെയോ സ്വന്തം ശവക്കുഴിക്കൊപ്പം ഉറ്റവരുടെയും ശവക്കുഴി തോണ്ടുകയാണ്.

ആരോഗ്യവകുപ്പും, പോലീസും ഭരണ സംവിധാനവും മാത്രം വിചാരിച്ചാൽ പരിഹരിക്കാൻ സാധ്യമാകുന്നതല്ല നിലവിലെ അവസ്ഥ. രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചു കയറുമ്പോൾ ഒരു ന്യൂനപക്ഷം മാത്രം വിചാരിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല.

ഒത്തൊരുമയോടെ ഒന്നിച്ച് നിന്നാൽ നിലവിലെ സാഹചര്യത്തിൽ നിന്നും ജില്ലയ്ക്ക് കരകയറാം. അതിനായി അൽപം ക്ഷമയും വിവേകവുമാണ് ഓരോരുത്തരും കാണിക്കേണ്ടത്. മാധ്യമങ്ങളിലെ ചരമക്കോളത്തിലെ ചിത്രങ്ങളുടെ എണ്ണം കൂട്ടാനായിരിക്കരുത് ഓരോരുത്തരുടെയും പ്രവർത്തനം.

LatestDaily

Read Previous

പ്ലസ്ടു ഉപരി പഠനം അന്തിമ തീരുമാനത്തിന് മുമ്പ്

Read Next

കാസർകോട് ജില്ലയിൽ ആദ്യകോവിഡ് മരണം: മരിച്ചത് ഉപ്പള സ്ത്രീ