കാത്തിരിക്കുന്നത് പട്ടിണി നാളുകൾ

കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് തൊഴില്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിലേക്ക് പോയതോടെ തൊഴില്‍ നഷ്ടപ്പെട്ടത് 12 കോടി ഇന്ത്യക്കാര്‍ക്കാണ്.  ലോകത്ത് 49 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും പലര്‍ക്കും 1.90 ഡോളറില്‍ താഴെ വരുമാനത്തില്‍ ജീവിക്കേണ്ടിവരുമെന്നും കൊടും പട്ടിണിയിലേക്കായിരിക്കും ഇത് കൊണ്ടുചെന്ന് എത്തിക്കുന്നതെന്നും പല ഏജൻസികളും നടത്തിയ പഠനങ്ങളിൽ വ്യക്തമാക്കുന്നു. ഇത് എത്രകണ്ട് ഭീകരമായ അവസ്ഥയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ത്യയില്‍ ദിവസക്കൂലിക്കാര്‍ക്കും ചെറുകിട വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുമാണ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ നേരിടേണ്ടിവരിക. വഴിയോര വാണിഭക്കാര്‍, നിര്‍മ്മാണ തൊഴിലാളികള്‍, റിക്ഷവണ്ടി വലിക്കുന്നവര്‍ തുടങ്ങിയവരും വലിയ പ്രതിന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മാറിമാറി വന്ന സര്‍ക്കാരുകള്‍ വര്‍ഷങ്ങള്‍കൊണ്ട് തുടച്ചുനീക്കിയ ദാരിദ്ര്യം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചുവന്നുവെന്ന് വേണമെങ്കിൽ പറയാം.  ഈ വര്‍ഷം തൊഴിലില്ലായ്മ നിരക്കില്‍ കുറച്ച് കൊണ്ടുവരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. വൈറസിനെക്കാള്‍ കൂടുതല്‍ ആളുകള്‍ പട്ടിണികൊണ്ട് മരിക്കുന്ന സ്ഥിതിയായിരിക്കുമെന്നും വിധഗ്ദർ പറയുന്നു. ലോകബാങ്ക് നിശ്ചയിച്ച ദാരിദ്ര്യ നിരക്ക് പ്രകാരം പ്രതിദിനം 3.2 ഡോളര്‍ സമ്പാദിക്കാന്‍ കഴിയാത്ത ഇന്ത്യക്കാരുടെ എണ്ണം 10.4 കോടിയായിരിക്കുമെന്ന് യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റി പഠനത്തില്‍ പറയുന്നു. ജനസംഖ്യയില്‍ 60 ശതമാനം അതായത് 81 കോടി മുതല്‍ 68 ശതമാനം 92 കോടി വരെ ജനങ്ങള്‍ പട്ടിണി നേരിടേണ്ടിവരുമെന്ന് ചുരുക്കം. ലോകം മുഴുവൻ പടർന്നു പിടിച്ച മഹാമാരി ജനങ്ങൾക്ക് സമ്മാനിച്ചത് മരണവും, ദാരിദ്ര്യവുമാണ്. കോവിഡിനൊപ്പം ജീവിക്കേണ്ടി വരുമെന്ന് രാജ്യ നേതാക്കളെല്ലാം പറയുമ്പോൾ ഈ മഹാമാരി നമ്മുടെ ജീവിതത്തെ എത്രകണ്ട് മാറ്റിമറിക്കുമെന്ന് കണ്ടറിയണം. സാമ്പത്തിക ഉത്തേജന സംവിധാനങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ പട്ടിണി മരണം സുനിശ്ചിതമാണ്.

Read Previous

ഉന്നത വിദ്യാഭ്യാസരംഗത്തും വേണം ബ്രേക് ദ ചെയിൻ

Read Next

ഇനി വരാനിരിക്കുന്ന വിപത്തുകള്‍