ജില്ലാശുപത്രിയിൽ ഡോക്ടർമാരും, നഴ്സുമാരുമടക്കം 75 പേർ കുത്തിവെച്ചു ആദ്യ കുത്തിവെപ്പ് സ്വീകരിച്ച് ഡോ. വി. സുരേഷ്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ ഡോക്ടർമാരും നഴ്സുമാരടക്കം 75 ആരോഗ്യ പ്രവർത്തകർ ഇന്ന് കോവിഡ് കുത്തിവെപ്പിന് വിധേയരായി. കുട്ടികളുടെ ഡോക്ടർ വി. സുരേഷാണ് ജില്ലാശുപത്രിയിൽ നിന്നും ആദ്യ കോവിഡ് വാക്സിൻ സ്വീകരിച്ചത്. ജില്ലാശുപത്രിയിൽ പ്രത്യേക ഉദ്ഘാടന ചടങ്ങുകളൊന്നുമില്ലാതെയാണ് വാക്സിൻ കുത്തിവെപ്പിന് തുടക്കം കുറിച്ചത്. ആദ്യ ഘട്ടത്തിൽ വാക്സിൻ സ്വീകരിച്ചവരെല്ലാം ആരോഗ്യ പ്രവർത്തകരാണ്.

പത്രപ്രവർത്തകർക്കുൾപ്പടെ കുത്തിവെപ്പ് സ്ഥലത്ത് പ്രവേശനമനുവദിച്ചില്ല.
ക്യാമറകൾക്കും പ്രവേശനമുണ്ടായില്ല. മൊബൈൽ ക്യാമറയിൽ കുത്തിവെപ്പ് ചിത്രീകരിക്കുന്നതിനും വിലക്കുണ്ടായിരുന്നു. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ച കോവി ഷീൽഡ് വാക്സിനാണ് കുത്തിവെച്ചത്. കോഴിക്കോട് റീജണൽ വാക്സിൻ സ്റ്റോറിൽ നിന്നും പ്രത്യേകം സജീകരിച്ച ട്രക്കിലാണ് വാക്സിൻ കാഞ്ഞങ്ങാട്ടെത്തിച്ചത്. 3100 പേർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഇന്ന് 9 കേന്ദ്രങ്ങളിൽ വാക്സിൻ നൽകി. രണ്ടാം ഘട്ടത്തിൽ 58 കേന്ദ്രങ്ങളിലും, മൂന്നാം ഘട്ടത്തിൽ 329 കേന്ദ്രങ്ങളിലും വാക്സിൻ വിതരണം നടക്കും.

ജില്ലാ ആശുപത്രിക്ക് പുറമെ, കാസർകോട് ഗവ.കോളേജ്, കാസർകോട് ജനറൽ ആശുപത്രി, നീലേശ്വരം, പനത്തടി, മംഗൽപ്പാടി, ബേഡഡുക്ക താലൂക്ക് ആശുപത്രികൾ, പെരിയ സിഎച്ച്സി, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ഇന്ന് വാക്സിൻ കുത്തിവെച്ചു. വാക്സിനേഷനു ശേഷം മറ്റു അസ്വസ്ഥതകളുണ്ടായാൽ, പരിഹരിക്കുന്നതിനുള്ള ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങൾ കേന്ദ്രങ്ങളിൽ ഒരുക്കിയിരുന്നു. എന്നാൽ, അസ്വാഭാവികമായൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

LatestDaily

Read Previous

ഉദുമ ഭർതൃമതിയെ പീഡിപ്പിച്ച കേസ് വഴിത്തിരിവിൽ ഭർതൃബന്ധുക്കളും ബലാത്സംഗം ചെയ്തുവെന്ന് യുവതി

Read Next

കടയുടെ ഷട്ടർ മുറിച്ച് രണ്ടര ലക്ഷത്തിന്റെ കുരുമുളക് കവർന്നു