ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കോവിഡ് രോഗ സ്രവ പരിശോധനയിൽ ജില്ലാശുപത്രിയും കാഞ്ഞങ്ങാട്ടെ ചില സ്വകാര്യാശുപത്രികളും ഒത്തുകളിച്ചു.
ഗൾഫിലേക്ക് പോകുന്നതിന് മുമ്പുള്ള കോവിഡ് സ്രവ പരിശോധനയ്ക്ക് ജില്ലാ ആശുപത്രിയിലെത്തിയ പത്തോളം പ്രവാസികളെ ജില്ലാ ആശുപത്രി ഇൻഫർമേഷൻ കൗണ്ടറിൽ നിന്ന് കാഞ്ഞങ്ങാട്ടെ ചില സ്വകാര്യാശുപത്രികളിലേക്ക് പറഞ്ഞുവിടുകയായിരുന്നു.
സ്വകാര്യാശുപത്രികളിലെത്തിയ പ്രവാസികളുടെ സ്രവമെടുത്ത് സീൽചെയ്ത ശേഷം പരിശോധനയ്ക്ക് സർക്കാർ അധികാരപ്പെടുത്തിയ നോർത്ത് കോട്ടച്ചേരിയിലുള്ള ലബോറട്ടറിയിലേക്കയക്കുകയും, അവിടെ നിന്ന് ലഭിക്കുന്ന പരിശോധനാ റിപ്പോർട്ട് സ്രവം നൽകിയ പ്രവാസികൾക്ക് നൽകി സ്വകാര്യാശുപത്രികൾ പണം തട്ടുകയുമാണ് ചെയ്തത്.
ഈ ബ്രോക്കർ പണിയിൽ ഒരു സ്വകാര്യാശുപത്രി കൈപ്പറ്റിയത് 4500 രൂപയാണ്.
തൽസമയം, സർക്കാർ അംഗീകൃത ലാബിൽ ഈ സ്രവ പരിശോധനയ്ക്ക് വെറും 2750 രൂപ മാത്രമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ജില്ലാ ആശുപത്രി കൗണ്ടറിൽ സേവനത്തിലിരിക്കുന്ന, തിരുവനന്തപുരം സ്വദേശികളാണ് സ്രവ പരിശോധനയ്ക്കെത്തിയ പ്രവാസികളെ കുശവൻകുന്നിലുള്ള സ്വകാര്യാശുപത്രിയിലേക്കയച്ചത്.
സ്രവ പരിശോധനയ്ക്ക് 4500 രൂപ ഈടാക്കിയ ആശുപത്രി പണത്തിനുള്ള ബില്ലും നൽകിയിട്ടുണ്ട്.
ജില്ലാശുപത്രിയിൽ നിന്ന് സ്രവ പരിശോധനയ്ക്ക് ഒരാളെ സ്വകാര്യാശുപത്രിയിലെത്തിച്ചാൽ, ജില്ലാ ആശുപത്രി കൗണ്ടറിൽ ഇരിക്കുന്നവർക്ക് സ്വകാര്യാശുപത്രി 500 രൂപ കമ്മീഷൻ നൽകുന്ന ഏർപ്പാടാണിത്.
സർക്കാർ അംഗീകൃത ലാബിൽ 2750 രൂപയ്ക്ക് നടത്തുന്ന കോവിഡ് ആന്റിജൻ പരിശോധനയ്ക്കാണ് ജില്ലാശുപത്രി- സ്വകാര്യാശുപത്രി ഗൂഢ സംഘം 4500 രൂപയുടെ പകൽക്കൊള്ള നടത്തിയത്.
ജില്ലാശുപത്രിയിലെ ഏതാനും ഡോക്ടർമാർക്ക് കച്ചവട പങ്കാളിത്തമുള്ള ഹൊസ്ദുർഗ്ഗിലുള്ള ഒരു ഹൈടെക് ലബോറട്ടറിയിലേക്ക് ജില്ലാശുപത്രി ലാബിൽ പരിശോധിക്കാൻ സൗകര്യങ്ങൾ ഏറെയുള്ള മിക്ക പരിശോധനാ ചീട്ടുകളും ഡോക്ടർമാർ തന്നെ അയച്ചുകൊടുക്കുകയാണ്. ജില്ലാശുപത്രിയിൽനിലവിലുള്ള ലബോറട്ടറി തെന്നിന്ത്യയിലെ തന്നെ ഏറ്റവും പുതിയ ശാസ്ത്രീയ പരിശോധനാ സംവിധാനങ്ങളുള്ള ലബോറട്ടറിയാണ്.
ഈ ലബോറട്ടറിയിൽ രോഗികൾക്കാവശ്യമായ സകല പരിശോധനകളും നടത്താനുള്ള ആധുനിക സൗകര്യം നിലവിലുള്ളപ്പോഴാണ് ആരോഗ്യ രംഗം വൻകിട ബിസിനസ്സാക്കി മാറ്റിയിട്ടുള്ള ഏതാനും സർക്കാർ ഡോക്ടർമാർ നിർദ്ധനരായ രോഗികളെ അവരുടെ സ്വന്തം ലബോറട്ടറിയിലേക്ക് പറഞ്ഞുവിടുന്നത്.