കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് സൗദി ഇന്ത്യന്‍ എംബസി

NRI

സൗദിഅറേബ്യ: സൗദിഅറേബ്യയിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയതായി സൗദിയിലെ ഇന്ത്യൻ എംബസി.

കേരള സർക്കാരിന്‍റെ ആവശ്യം പരിഗണിച്ചാണ് ശനിയാഴ്ച മുതൽ പരിശോധന നിർബന്ധമാക്കിയത്. കോവിഡ് നെഗറ്റീവ് ആയവർക്ക് മാത്രമായിരിക്കും ചാർട്ടേഡ് വിമാനങ്ങളിൽ യാത്രാനുമതിയെന്നും എംബസി അറിയിച്ചു. കേരള സര്‍ക്കാരിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

എന്നാൽ, വന്ദേഭാരത് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് കോവിഡ് പരിശോധന ബാധകമായിരിക്കില്ലെന്നും എംബസി വ്യക്തമാക്കി. പ്രവാസികളുടെ വന്‍ പ്രതിഷേധം ചൂടാകുന്നതിനിടെയാണ് തീരുമാനം. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാണ് തീരുമാനം.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ  സൗദിയിൽ നിന്ന് ഇതുവരെ നാട്ടിലേയ്ക്ക് മടങ്ങിയ ഇന്ത്യക്കാർ 9247 പേർ മാത്രം. അതേസമയം പോകാനായി  എംബസിയിൽ പേര് റജിസ്റ്റർ ചെയ്ത് ഊഴം കാത്ത് കഴിയുന്നവർ 1,10,000  പേരും.

ആകെ റജിസ്ട്രേഷന്റെ  8.5% ത്തിന് പോലും ഇതുവരെ മടങ്ങിപ്പോകാനായിട്ടില്ല. റജിസ്റ്റർ ചെയ്തവരിൽ 60% ഉം മലയാളികളാണെന്ന് റിയാദിലെ ഇന്ത്യൻ അംബാസഡർ ഡോ.ഔസാഫ് സഈദ് പറഞ്ഞു.

സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 സാമൂഹിക പ്രവർത്തകരുമായി നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. 9000 പേർ തമിഴ് നാട്ടിൽ നിന്നും 6400 പേര് യുപിയിൽ നിന്നും 4080 തെലുങ്കാനയിൽ നിന്നുമാണ് റജിസ്റ്റർ ചെയ്തത്.

35 ശതമാനം പേർ ജോലി നഷ്ടപ്പെട്ടവരും 25 ശതമാനം സന്ദർശന വീസയിൽ വന്ന് കുടുങ്ങിയവരും 22 ശതമാനം ഗർഭിണികളും മറ്റു രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരുമാണ്.  വന്ദേഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യക്ക് പുറമെ മറ്റു എയർ ലൈനുകളും സർവീസ് ആരംഭിച്ചിട്ടുണ്ട്.

വിവിധ പ്രവിശ്യകളിൽ നിന്ന് 20 ചാർട്ടേഡ് വിമാനങ്ങൾക്കുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതിൽ  18 എണ്ണം കമ്പനികൾ നേരിട്ട് ചാർട്ട് ചെയ്യുന്നതും രണ്ടെണ്ണം സംഘടനകളുമാണ്.

അതോടൊപ്പം ദമാം, റിയാദ്, ജിദ്ദ എന്നീ വിമാനത്താവളങ്ങൾക്ക് പുറമെ രാജ്യത്തെ അബ്ഹ ഉൾപ്പെടെയുള്ള സെക്ടറുകളിൽ നിന്ന് ഇന്ത്യയുടെ മുഴുവൻ പ്രദേശങ്ങളിലേക്കും സർവീസ് നടത്തുന്നതിന് നടപടികളെടുക്കും.

ചാർട്ടേഡ് വിമാനങ്ങളുടെ വിവരങ്ങളും അവയുടെ വ്യവവസ്ഥകളും എംബസി വെബ്‌സൈറ്റിൽ അപ്പപ്പോൾ പ്രസിദ്ധീകരിക്കും. നിലവിൽ ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട ഉയർന്നു വന്ന പരാതികൾ പരിഹരിക്കാനായുള്ള സാധ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. ഒരു സമയം ഒരു വിമാനത്തിലേക്കുള്ള ടിക്കറ്റ് വിതരണം ചെയ്ത് തിരക്ക് കുറയ്ക്കും.

അതേ സമയം ടിക്കറ്റു വില്പന ഓൺലൈൻ വഴിയാക്കുന്നത് സംബന്ധിച്ച സാധ്യതകൾ എയർ ഇന്ത്യയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എക്സിറ്റ് വീസയുടെ കാലാവധി കഴിഞ്ഞവർ, കോവിഡ് പരിചരണത്തിനുള്ള പ്രത്യേക ക്വാറന്റീൻ കേന്ദ്രങ്ങൾ, ഇന്ത്യൻ രോഗികളെ ചികിത്സാ കേന്ദ്രത്തിൽ പെട്ടെന്ന്  എത്തിക്കാനുള്ള ആംബുലൻസ് സംവിധാനം  എന്നിവ സംബന്ധിച്ച സൗദി അധികൃതരുമായി ചർച്ച നടത്തും.

കമ്യൂണിറ്റി വെൽഫെയർ ഫണ്ട് അടിയന്തര ഘട്ടങ്ങളിൽ അർഹമായവർക്ക് ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അംബാസഡർ വ്യക്തമാക്കി. ഔദ്യോഗിക സ്ഥിരീകരണമനുസരിച്ച്  കോവിഡ് ബാധിച്ച് സൗദിയിൽ 167 ഇന്ത്യക്കാരാണ് മരിച്ചത്. ഇതിൽ 47 പേര് മലയാളികളാണ്.

LatestDaily

Read Previous

സൂപ്പർ താരങ്ങളുടെ പെരുമാറ്റം വെളിപ്പെടുത്തി ശോഭന

Read Next

വഖഫ് ഭൂമി തന്നെ : എംഎൽഏയുടെ വാദം പൊളിഞ്ഞു