പ്രതിസന്ധിയിൽ മലയാള ചലച്ചിത്ര മേഖല

കോവിഡിന്റെ രണ്ടാം വരവ് വ്യാപകമാകുമെന്ന് മുൻകൂട്ടി മനസ്സിലാക്കിയ സിനിമാ നിർമ്മാതാക്കൾ റിലീസിന് ഒരുക്കി നിർത്തിയിരുന്ന സിനിമകൾ  ഇനിയൊരു അറിയിപ്പുവരെ റിലീസ് മാറ്റി വെച്ചു. ഫലത്തിൽ സിനിമാശാലകളിൽ ആവശ്യത്തിന്  സിനിമകളില്ല. ഉള്ള പടങ്ങൾ കാണാൻ കാണികളുമില്ലാത്ത അവസ്ഥ സംജാതമാവുകയും ചെയ്തു.

ആദ്യ കോവിഡിന് ശേഷം കൊട്ടിഘോഷിച്ച് റിലീസ് ചെയ്ത മലയാളം, തമിഴ് സിനിമകൾ ഒന്നും തന്നെ പ്രേക്ഷകരിൽ ചർച്ച ചെയ്യപ്പെട്ടതുമില്ല. മഞ്ജു വാര്യർ നിർമ്മാണ പങ്കാളിയായി അഭിനയിച്ച മലയാള ചിത്രം ചതുർമുഖം വൻ പരാജയമായിരുന്നു. മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തിയ വൺ വേണ്ട വിധം പ്രേക്ഷകരിൽ ഏശിയില്ല.

പോയവാരം പ്രദർശനത്തിനെത്തിയ ചിത്രങ്ങളിൽ അൽപ്പമെങ്കിലും ജനശ്രദ്ധയാകർഷിച്ചത് ജോസഫ് എന്ന ചിത്രത്തിലെ നായകൻ ജോജു ജോർജ് പോലീസ് വേഷത്തിലെത്തിയ നായാട്ട് എന്ന  ചിത്രമാണ്. കുഞ്ചാക്കോയും, ജോജുവും, നിമിഷ സജയനും തകർത്തഭിനയിച്ചു നായാട്ടിൽ.  നയൻതാരയും, കുഞ്ചാക്കോയും  നായികാ നായകൻമാരായ നിഴലും വേണ്ടത്ര പ്രേക്ഷകരിൽ ചർച്ചയായില്ല.

കനികുസൃതിക്ക് സംസ്ഥാന സർക്കാർ മികച്ച നടിക്കുള്ള പുരസ്ക്കാരം നൽകിയ ബിരിയാണി എന്ന ചിത്രം എല്ലാകൊണ്ടും തീവ്രമായിരുന്നുവെങ്കിലും, എന്തുകൊണ്ടോ, പ്രേക്ഷകരെ കിട്ടിയില്ല. അതിനിടയിൽ കാസർകോട് ജില്ലയിലെ ഏതാനും സിനിമാശാലകളിൽ പ്രദർശിപ്പിച്ച വിനു കോളിച്ചാലിന്റെ സിനിമ സർക്കാസും  കഥ പറച്ചിലിലെ അത്യന്താധുനികത മൂലം പ്രേക്ഷകരിൽ ഏശാതെ പോയി.

വിജയ് നായകനായ മാസ്റ്റർ വൻ പ്രദർശന വിജയം നേടുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും, എന്തുകൊണ്ടോ ധാരാളം മലയാളി ആരാധകരുള്ള വിജയിയേയും കേരളത്തിലെ പ്രേക്ഷകർ  തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചു. മെഗാസ്റ്റാർ മമ്മൂട്ടി ഫാൻസ് പ്രതീക്ഷയോടെ കൈനീട്ടി സ്വീകരിച്ച ദീ പ്രീസ്റ്റ് എന്ന ചിത്രം അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന പ്രേത കഥയായിരുന്നു. പ്രീസ്റ്റും പ്രദർശനത്തിൽ തകിടം മറിഞ്ഞു.

മഞ്ജുവിന്റെ ചതുർമുഖം സെൽഫോണിൽ കടന്നുകൂടുന്ന മറ്റൊരു റേഡിയേഷൻ പ്രേത കഥയാണ്. ഒരു വർഷത്തെ കോവിഡ് ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യർ നായികയായ സിനിമ ആസ്വദിക്കാൻ കൊട്ടകയിലെത്തിയ കുടുംബ പ്രേക്ഷകർ കടുത്ത നിരാശയിൽ പുലമ്പിക്കൊണ്ടാണ് ചതുർമുഖം കണ്ട് കൊട്ടക വിട്ടത്.

വരുന്ന രണ്ടു മാസക്കാലം ഇനി നല്ല സിനിമകളൊന്നും കോവിഡ് ഭീതിമൂലം റിലീസ് ചെയ്യാനിടയില്ല. ആകെ  പ്രതീക്ഷ നൽകുന്ന ഒരു ചിത്രം മോഹൻലാൽ നായകനായ പ്രിയദർശന്റെ കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹമാണ്. ഫഹദ് ഫാസിലിന്റെ മാലിക്കും റിലീസ് നീട്ടിവെച്ചു. സിനിമാ വ്യവസായവും, സിനിമാ പ്രദർശന ശാലകളും ഒരു പോലെ കടുത്ത  പ്രതിസന്ധിയിലാണ്.

കഥാദാരിദ്ര്യമാണ് മലയാള സിനിമയെ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുന്ന മറ്റൊരു പ്രതിസന്ധി. പുതുമയുള്ള കഥയും, തിരക്കഥയും യഥേഷ്ടം ലഭിക്കാത്തതുമൂലം സിനിമാ നിർമ്മാതാക്കൾ പണം മുടക്കാൻ മുന്നോട്ടു വരുന്നുമില്ല. നവാഗതരായ കഥ– തിരക്കഥാകൃത്തുക്കൾക്ക് അവസരം ലഭിക്കുന്നുമില്ല. ദൃശ്യം–2 സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ ലോകം മുഴുവൻ കണ്ടുവെങ്കിലും സിനിമാശാലകളിൽ കാണുന്ന പ്രത്യേക  ആസ്വാദ്യതയ്ക്ക് വേണ്ടി മലയാളി പ്രേക്ഷകർ കാത്തു നിൽക്കുകയാണ്.

കുഞ്ഞാലി മരയ്ക്കാർ ഇനി സപ്തംബറിൽ ഒാണത്തിനായിരിക്കും റിലീസ്. കാരണം ഇന്നത്തെ  -സ്ഥിതിക്ക് രണ്ടാം കോവിഡ് വ്യാപനം ഇനി 3 മാസക്കാലമെങ്കിലും നീണ്ടു പോയേക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മലയാള സിനിമകൾ അന്യ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത് തെലുങ്ക് സിനിമയിലാണ്. അതുതന്നെ ചുരുക്കം ചിത്രങ്ങൾ.

തെലുങ്കിൽ നിന്നും, തമിഴിൽ നിന്നും ഭാഷാ ചിത്രങ്ങൾ  മലയാളത്തിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്  തുലോം വിരളമാണ്. പ്രശസ്തരായ അടൂർ ഗോപാലകൃഷ്ണൻ, ഷാജി. എൻ. കരൂൺ, അടക്കമുള്ള സംവിധായകർ, നല്ല കഥകൾ തേടുകയാണ്. 1963 –ൽ കയ്യൂരിൽ നടന്ന നാരായണി കൊലക്കേസ്സ് പശ്ചാത്തലമാക്കിയുള്ള മൂന്നാൻ എന്ന നോവൽ അഭ്രപാളികളിൽ പകർത്താനുള്ള ശ്രമത്തിലാണ് കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിയായ സംവിധായകൻ സുനീഷ് ബാബു.

LatestDaily

Read Previous

ശനി, ഞായർ തുണിക്കടകൾ തുറക്കില്ല സ്വകാര്യ ബസുകൾ ഒാടിക്കും ഹോട്ടലുകളിൽ പാഴ്സൽ മാത്രം

Read Next

സി.എച്ച് ഇബ്രാഹിം മാസ്റ്റര്‍ അന്തരിച്ചു