ഹോട്ടൽ മേഖലയും കടുത്ത പ്രതിസന്ധിയിൽ

ലോക് ഡൗൺ രീതി അശാസ്ത്രീയമെന്ന് വ്യാപാരി വ്യവസായി സമിതിയും

കാഞ്ഞങ്ങാട്: കോവിഡ് കാലത്തെ ലോക് ഡൗൺ രീതിയിലെ അശാസ്ത്രീയത നേരിടുന്ന വ്യാപാര സ്ഥാപനങ്ങൾക്കൊപ്പം ഹോട്ടൽ മേഖലയും കടുത്ത പ്രതിസന്ധിയിൽ. വമ്പൻ വാടക നൽകി പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ ഒരു വിഭാഗം തീർത്തും അടച്ചു പൂട്ടലിലേക്കാണ് നീങ്ങുന്നത്. ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും തുറക്കാൻ അനുമതിയുണ്ടെങ്കിലും, പാർസലുകളും ഹോം ഡലിവറിയും മാത്രമെ പാടുള്ളൂ. വമ്പൻ വാടകയ്ക്ക് പുറമെ ഹോട്ടൽ നടത്താൻ പാചക വിദഗ്ദരും വിതരണക്കാരുമുൾപ്പടെയുള്ള തൊഴിലാളികളുടെ വേതനവും വളരെ കൂടുതലാണ്. പാർസലും ഹോം ഡലിവറിയും നൽകണമെങ്കിൽ സാധാരണഗതിയിലുള്ള തൊഴിലാളികൾ തന്നെ വേണം. തൊഴിലാളികൾക്ക് നൽകുന്ന വേതനത്തിന്റെ വരുമാനം പോലും ഹോട്ടലുടമകൾക്ക് ലഭിക്കുന്നില്ല.

നല്ല അഭിപ്രായവും, പേരുമുള്ള ഹോട്ടലുകൾ  സ്ഥാപനത്തിന്റെ തുടർന്നുള്ള നിലനിൽപ്പിനെയോർത്ത് മാത്രമാണ് നഷ്ടം സഹിച്ചുള്ള ഇപ്പോഴത്തെ വ്യാപാരം നടത്തുന്നത്. മിക്ക ഹോട്ടലുകളിലും ജീവനക്കാരിലേറെയും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഇവർ സ്വദേശത്തേക്ക് പോയാൽ തിരിച്ച് വരാൻ കാലതാമസമെടുക്കുന്നതിനാൽ ജീവനക്കാരെ ഇവിടത്തന്നെ താമസിപ്പിച്ച് വരികയാണ്. ഹോട്ടലിൽ വ്യാപാരം നടന്നില്ലെങ്കിലും, ഇവർക്ക്  താമസ സൗകര്യവും ഭക്ഷണവും നൽകണം. ഹോട്ടലുകൾ ഇപ്പോൾ നടത്തിക്കൊണ്ടുപോകുന്നതിനുള്ള ചെലവുകളും, വരുമാനവും തമ്മിലുള്ള അന്തരം വളരെ വലുതാണ്. ഭീമമായ വാടകയും, ജിഎസ്ടിയും നൽകിയാണ് ഹോട്ടലുകൾ നടത്തുന്നത്. കഴിഞ്ഞ ലോക് ഡൗൺ കാലത്തെ വാടക പോലും ഇപ്പോഴും കൊടുത്ത് തീർക്കാൻ കഴിയാത്ത ഹോട്ടലുകളുണ്ട്.

പരിമിതമായ തോതിലെങ്കിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടെങ്കിൽ മാത്രമെ ഒരു വിധം പിടിച്ച് നിൽക്കാൻ കഴിയുകയുള്ളൂ. സാധാരണക്കാർക്ക് പാർസൽ വാങ്ങിയാൽ ഹോട്ടൽ പരിസരത്ത് നിന്ന് കഴിക്കാൻ പോലും സീറ്റില്ല. ഇപ്രകാരം ബഹുമുഖമായ പ്രശ്നങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന ഹോട്ടൽ മേഖല തീർത്തും പ്രതിസന്ധിയിലാണ്. വ്യാപാര മേഖലയിൽ ഒരു വിഭാഗത്തോടൊപ്പം നിലനിൽപ്പിന് വേണ്ടിയുള്ള കഷ്ടപ്പാടിലാണ് ഹോട്ടൽ ഉടമസ്ഥരും. പൊളിഞ്ഞു പാളീസാവുന്ന വ്യാപാരികളുടെ പട്ടികയിലേക്കാണ് ഹോട്ടൽ മേഖലയും നീങ്ങുന്നത്. ലോക് ഡൗൺ നടപ്പിലാക്കുമ്പോൾ കാറ്റഗറി തിരിച്ച രീതിയാണ് ഒരു വിഭാഗം വ്യാപാരികളെയും കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. രോഗ സ്ഥിരീകരണനിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുന്ന ലോക് ഡൗൺ രീതി അശാസ്ത്രിയമാണെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ആരോപിച്ചു.

കോവിഡ് പ്രതിരോധത്തിൽ ഏറ്റവും കൂടുതൽ സംയമനത്തോടെ സഹകരിച്ച വ്യാപാരി സമൂഹത്തിന് ഇപ്പോഴത്തെ പ്രതിരോധ സംവിധാനത്തോട് യോജിക്കാൻ കഴിയില്ലെന്നും, കോവിഡ് പകർച്ചയ്ക്ക്  കച്ചവടക്കാർ മാത്രമാണ് ഉത്തരവാദി എന്ന രീതിയിലാണ് കാര്യങ്ങൾ നടപ്പിലാക്കുന്നതെന്നും വ്യാപാരി–വ്യവസായി സമിതി കുറ്റപ്പെടുത്തി. ഡി. കാറ്റഗറിയിലുള്ള പഞ്ചായത്തുകൾ അടച്ചു കഴിഞ്ഞാൽ ഏ. കാറ്റഗറിയിലുള്ള സമീപ പഞ്ചായത്തുകളിലേക്ക് ജനങ്ങൾക്ക് പോകാൻ ഇഷ്ടം പോലെ സൗകര്യമുണ്ട്. നേരത്തെയുണ്ടായിരുന്നത് പോലെ ജില്ലാ അടിസ്ഥാനത്തിൽ കാറ്റഗറി നിർണ്ണയം നടത്തണമെന്ന് സമിതി യോഗം അഭിപ്രായപ്പെട്ടു. മറിച്ചാണെങ്കിൽ എല്ലാ വ്യാപാരികൾക്കും നിശ്ചിത സമയം തുറക്കാനുള്ള അനുമതി നൽകുന്നതിലുള്ള മാനദണ്ഡങ്ങൾ ഇടയ്ക്കിടെ മാറ്റുന്നതും പ്രയാസമുണ്ടാക്കുന്നു. കഴിഞ്ഞ ഒന്നരമാസമായി വാടകയും മറ്റു ചെലവുകളും സഹിക്കാ-നാവാതെ ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിലാണെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡണ്ട് പി. കെ. ഗോപാലനും, സിക്രട്ടറി രാഘവൻ വെളുത്തോളിയും പറഞ്ഞു.

LatestDaily

Read Previous

ജില്ലാശുപത്രി ആർദ്രം ഏഴു നിലക്കെട്ടിടം ഉദ്ഘാടനത്തിന് സജ്ജം

Read Next

ഡോ: കെ. ജി. പൈക്ക് നാടിന്റെ പ്രണാമം