സമ്പര്‍ക്കം വഴി രോഗം പകരാതിരിക്കാന്‍ കര്‍ശന ജാഗ്രത: റവന്യൂ വകുപ്പ് മന്ത്രി

കാസർകോട്: സമ്പര്‍ക്കം വഴി രോഗം പകരാതിരിക്കാന്‍ കര്‍ശനമായ ജാഗ്രത ആവശ്യമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കോവിഡ്-19 പ്രതിരോധത്തിനുള്ള ജില്ലാതല രാഷ്ട്രീയകക്ഷി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവേണ്ടത്, ഉദ്യോഗസ്ഥരുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും ഇതിന് പൊതുസമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം തടയുന്നതിന് പൊതുജനങ്ങളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും കാവല്‍ക്കാരെ പോലെ പ്രവര്‍ത്തന നിരതരാകണം. വിദേശത്തു നിന്നും അന്യസംസ്ഥാനത്തു നിന്നും തിരിച്ചു വരുന്നവരില്‍ പലര്‍ക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍  നിരീക്ഷണ സംവിധാനം ശക്തമാക്കും. ഇതിനായി വാര്‍ഡ്തല ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനവും ശക്തമാക്കണം. രാഷ്ട്രീയ കക്ഷികളുടെ പൂര്‍ണ്ണപിന്തുണയും ഇതിന് അനിവാര്യമാണ്. കോവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടം കനത്ത ഉത്തരവാദിത്വമാണ് നല്‍കുന്നത്. വിദേശത്തു നിന്നും അന്യസംസ്ഥാനത്തും മടങ്ങിയെത്തുന്നവര്‍ക്ക് ഹോം ക്വാറന്റീന്‍, ഇന്‍സ്റ്റി റ്റിയൂഷനല്‍ ക്വാറന്റീന്‍ എന്നിവയ്ക്ക് എല്ലാവിധ സൗകര്യവും ജില്ലയില്‍  ഒരുക്കിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി, നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടക്കരുത്.

റൂം ക്വാറന്റൈയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ ഒരു കാരണവശാലും  വീട്ടിലുള്ള മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടരുത്. ക്വാറന്റൈയിനില്‍ കഴിയുന്നവരെ  ജനപങ്കാളിത്തത്തോടെ നിരീക്ഷിക്കും. രോഗികളെ അകറ്റി നിര്‍ത്തുകയല്ല, സമ്പര്‍ക്കത്തിലൂടെ രോഗം പകരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുക മാത്രമാണ്  ചെയ്യുന്നത് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 65 വയസ്സിന് മുകളില്‍ ഉള്ളവരും 10 വയസ്സിന് താഴെയുള്ളവരും ജാഗ്രത പാലിക്കണം. ഇവര്‍ ഒരു കാരണവശാലും  പുറത്തിറങ്ങി നടക്കരുത്. ജൂണ്‍ എട്ടിന് ശേഷം ലോക്കൂ ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സാധ്യതയുള്ളതിനാല്‍  പഴുതടച്ച നിരീക്ഷണം അനിവാര്യമാണ.്

രാഷ്ട്രീയ കക്ഷികളും സന്നദ്ധ സംഘടനാ  പ്രവര്‍ത്തകരും ഉദ്യോഗസ്ഥ സംവിധാനത്തോടും ആരോഗ്യ പ്രവര്‍ത്തകരോടുമൊപ്പം നിതാന്ത  ജാഗ്രത പുലര്‍ത്തണം.  ഒന്നും രണ്ടും ഘട്ടത്തില്‍ ജില്ല രോഗവിമുക്ത മാകുന്നതിനും ലോക്ഡൗണിനെതുടര്‍ന്ന്  ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് സാധിച്ചത്. സംസ്ഥാനത്തലത്തില്‍ നടന്ന  സര്‍വ്വകക്ഷി യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ ഈ സഹകരണം തുടരുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ജില്ലാതലത്തിലും ഇതു പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കണ്ടൈന്‍മെന്റ് സോണിന്  അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം കര്‍ശനമായി നിയന്ത്രിക്കും. സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും രാഷ്ട്രീയ കക്ഷികളുടെയും പൂര്‍ണ്ണ  സഹകരണത്തോടെ കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

സോപ്പ്, മാസ്‌ക്, സാമൂഹ്യ അകലം പാലിക്കല്‍ (എസ് എം എസ്) എന്നിവ സംബന്ധിച്ച് വ്യാപകമായ പ്രചരണം നടത്താന്‍ മന്ത്രി നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍ ഡോ  ഡി സജിത് ബാബു, ജില്ലാ പോലീസ് മേധാവി ഡി. ശില്പ, സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍, എഡിഎം എന്‍ ദേവിദാസ്, ഡി എം ഒ ഡോ  എ വി രാംദാസ്, കാസര്‍കോട്  ആര്‍.ഡി.ഒ ടി ആര്‍ അഹമ്മദ് കബീര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എം കേശവന്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ കെ  കെ  റെജി കുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച്  ഡി വൈഎസ് പി  എം സുനില്‍ കുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അഡ്വ സിഎച്ച് കുഞ്ഞമ്പു, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അസീസ് കടപ്പുറം, അഹമ്മദ് അലി കുമ്പള, സിവി ദാമോദരന്‍, കെ എ എം ഹനീഫ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

LatestDaily

Read Previous

കോവിഡ് പ്രതിരോധം: ജനപ്രതിനിധികളുടെ യോഗം എല്ലാ ആഴ്ചയിലും ചേരും: മന്ത്രി

Read Next

മലപ്പുറം തെറ്റിദ്ധരിപ്പിക്കപ്പെടുന്നു