ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഉദ്യോഗസ്ഥരെ കുത്തിനിറച്ച് കൊണ്ടുപോകുന്നു
നീലേശ്വരം: ചന്തേര പോലീസ് സ്റ്റേഷന് മുന്നിൽ നിന്ന് ഉപ്പള വരെ നിത്യവും പോലീസുദ്യോഗസ്ഥരെ കയറ്റിക്കൊണ്ടു പോകുന്ന പോലീസ് ബസ്സിൽ സാമൂഹിക അകലം ഒട്ടും പാലിക്കുന്നില്ലെന്ന് പരാതി.
ചന്തേരയിൽ നിന്ന് കാലത്ത് 7 മണിക്ക് പുറപ്പെടുന്ന ബസ്സ് കാഞ്ഞങ്ങാട്, ബേക്കൽ, ചന്ദ്രഗിരി വഴി കാസർകോട്ടും, പിന്നീട് വിദ്യാനഗർ വഴി സീതാംഗോളി വഴി ഉപ്പളയിലേക്കുമാണ് പോലീസ് ഉദ്യോഗസ്ഥരെ കുത്തി നിറച്ച് നിത്യവും ഓടുന്നത്.
ഈ ബസ്സ് ചന്ദ്രഗിരിയിലെത്തുമ്പോഴേയ്ക്കും, ശ്വാസം പോലും വിടാൻ കഴിയാത്ത വിധം പോലീസുദ്യോഗസ്ഥർ തിങ്ങി നിറഞ്ഞിരിക്കും.
അതേ നിലയിൽ തന്നെ ഉപ്പളയിൽ നിന്ന് പോലീസുദ്യോഗസ്ഥരെ കയറ്റി ഈ ബസ്സ് വൈകുന്നേരം ചന്തേരയിലുമെത്തുന്നുണ്ട്.
കോവിഡ് കാലത്ത് പോലീസുദ്യോഗസ്ഥർക്ക് ജില്ലയിൽ ബദിയടുക്ക വരെയുള്ള പോലീസ് സ്റ്റേഷനുകളിൽ യഥാ സമയം സേവനത്തിന് എത്തിച്ചേരാനാണ് വെളുത്ത നിറത്തിലുള്ള പോലീസ് ബസ്സ് പ്രത്യേകമായി ഓടിത്തുടങ്ങിയതെങ്കിലും, ഈ ബസ്സിൽ സീറ്റുകളിൽ നിറഞ്ഞു കഴിഞ്ഞ ശേഷമുള്ള പോലീസുകാരും പോലീസ് വനിതകളും നിന്നു കൊണ്ടുള്ള യാത്ര തുടരുകയാണ്.
സാമൂഹിക അകലം പാലിക്കാത്തതിന് ജില്ലയിലെ ഓരോ പോലീസ് സ്റ്റേഷനിലും നിത്യവും ചുരുങ്ങിയത് 2 കേസ്സുകളെങ്കിലും റജിസ്റ്റർ ചെയ്യുമ്പോഴാണ്, പോലീസ് ഉദ്യോഗസ്ഥരെ ജോലി സ്ഥലത്തെത്തിക്കാൻ ഓടുന്ന പോലീസ് വക ബസ്സിൽ നിയമം കാറ്റിൽപ്പറത്തി കാക്കിയുടുപ്പുകാരെ കുത്തിനിറച്ചു കൊണ്ടുള്ള ഓട്ടം.