ഓൺലൈൻ വിദ്യാഭ്യാസച്ചുവടുകൾ

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പുതിയ പരീക്ഷണങ്ങളുമായാണ് ഈ വർഷത്തെ അധ്യയനം ആരംഭിച്ചിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പ്രതിസന്ധി ഘട്ടത്തിലാണ് പുതിയ പരീക്ഷണമെന്ന നിലയിൽ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചിരിക്കുന്നത്.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ നടത്തുന്നതിനെതിരെ ചില രാഷ്ട്രീയ കക്ഷികൾ ഉയർത്തിയ ഭയാശങ്കകൾ അസ്ഥാനത്താണെന്ന് തെളിയിച്ചുകൊണ്ട് പരീക്ഷകൾ കൃത്യമായ രീതിയിൽ ഭംഗിയായി അവസാനിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സർക്കാർ പുതിയ അധ്യയന വർഷത്തിലേക്ക് പുതിയ പരീക്ഷണവുമായെത്തുന്നത്.

ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കുന്ന കാര്യത്തിൽ സർക്കാറിന് ഭയാശങ്കകൾ ഒന്നുമില്ലെങ്കിലും, പൊതുജനങ്ങൾക്കിടയിൽ ഭയാശങ്കകൾ ഇനിയും ബാക്കിയുണ്ട്. ടെലിവിഷൻ വഴിയും, സ്മാർട്ട് ഫോണുകൾ വഴിയും വിദ്യാർത്ഥികളെ അധ്യയനം നടത്താനാണ് സർക്കാർ തീരുമാനമെങ്കിലും ഈ സൗകര്യങ്ങളൊന്നുമില്ലാത്ത തീർത്തും പട്ടിണിപ്പാവങ്ങളായ വിദ്യാർത്ഥികൾക്ക് എങ്ങിനെ ക്ലാസ്സുകൾ ലഭിക്കുമെന്നതാണ് ആശങ്കയ്ക്ക് വക നൽകുന്നത്.

ഈ ഭയത്തെ അത്ര നിസ്സാരമാക്കി കാണാൻ കഴിയില്ല. വീടുകളിൽ ടെലിവിഷനോ, സ്മാർട്ട് ഫോണോ ഇല്ലാത്ത ആയിരക്കണക്കിന് വീടുകൾ സംസ്ഥാനത്ത് ഇപ്പോഴുമുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഇത്തരത്തിലുള്ള അധ്യേതാക്കളെ കണ്ടെത്തി പ്രശ്നത്തിന് പരിഹാരമുണ്ടാക്കുക മാത്രമാണ് ഇതിനുള്ള പോംവഴി.

നാളെ അധ്യയന വർഷം ആരംഭിക്കുമെങ്കിലും അധ്യാപകർ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂളുകളിൽ ഹാജരാകേണ്ടെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. പ്രൈമറി തലത്തിലുള്ള ക്ലാസ്സുകളാണ് ഇന്ന് മുതൽ ആരംഭിച്ചത്.

കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറന്ന് വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കേണ്ടെന്ന സർക്കാർ തീരുമാനം ഉചിതമായ നീക്കം തന്നെയാണ്. വിദ്യാഭ്യാസ രംഗത്തെ അനിശ്ചിതത്വം നീക്കാൻ ഓൺലൈൻ ക്ലാസ്സുകളല്ലാതെ മറ്റ് മാർഗ്ഗങ്ങളുമില്ല.

പതിവ് രീതിയിലുള്ള പ്രവേശനോത്സവങ്ങളോ, ആൾക്കൂട്ടങ്ങളോ ഇല്ലാതെയാണ് പുതിയ അധ്യയന വർഷത്തെ കേരളം എതിരേൽക്കുന്നത്.യോഗങ്ങൾ പോലും ഓൺലൈനായി നടക്കുന്ന കാലത്ത് ആധുനിക സാങ്കേതിക വിദ്യയുടെ ചുവട് പിടിച്ച് നടക്കുന്ന പുതിയ അധ്യയന രീതിയെയും കൈ നീട്ടി സ്വീകരിക്കാതെ വയ്യ.

ഓൺലൈൻ വഴിയുള്ള വിദ്യാഭ്യാസ സമ്പ്രദായം  താൽക്കാലികമായതാണ്. കോവിഡ് ഭീതി അകലുന്നതോടെ പഴയ ക്ലാസ്സ് മുറി സമ്പ്രദായത്തിലേക്ക് വിദ്യഭ്യാസം മാറുമെന്നും ഉടനടി അതുണ്ടാകുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

LatestDaily

Read Previous

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ ദുരൂഹത; പുനരന്വേഷണത്തിന് ഉത്തരവ്

Read Next

കൊവിഡ്സമേത ജീവിതത്തിലേക്ക്