കോവിഡ്: കേരളം പ്ലാൻ സിയിൽ

സുരക്ഷാ ഉപകരണങ്ങളും വെന്റിലേറ്റർ സൗകര്യങ്ങളും കൂട്ടും

കാഞ്ഞങ്ങാട്: കോവിഡ് കേസുകളുടെ സ്ഥിരീകരണം വർദ്ധിപ്പിക്കുകയും ഗൾഫ് രാജ്യങ്ങളിൽ നിന്ന് കോവിഡ് മഹാമാരി രൂക്ഷമായ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന മലയാളികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് വന്നതോടെ കേരളം ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു. ശാസ്ത്രീയ വിലയിരുത്തലുകളുടെയും വിദഗ്ദാഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനം പ്ലാൻ സിയിലേക്ക് മാറുകയാണ്. സ്വകാര്യ ആശുപത്രികളുടെ കൂടി സഹകരണത്തോടെ അടിസ്ഥാന സൗകര്യം കൂട്ടുന്നതാണ് പ്ലാൻ സി. ഡോക്ടർമാർ, നേഴ്സുമാർ, മറ്റു ജീവനക്കാർ, മരുന്നുകൾ സുരക്ഷാ ഉപകരണം, വെന്റിലേറ്റർ സൗകര്യങ്ങൾ വർദ്ധിപ്പിക്കും.

സുരക്ഷാ ഉപകരണങ്ങൾ കൂടുതലാക്കാൻ മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. 1.75 ലക്ഷം  പി.പി.ഇ കിറ്റുകളും, 2.40 ലക്ഷം എൻ-95 മാസ്ക്കുകളും, 5 മില്ലി ലിറ്ററിന്റെ മൂന്ന് ലക്ഷം സാനിറ്റൈസറുകളും, 24 ലക്ഷം ട്രിപ്പിൾ ലയർ മാസ്ക്കുകളും ഒരു ലക്ഷം ഷീൽഡും അടിയന്തരമായി സംസ്ഥാനം വാങ്ങും. കേരളം പ്രതീക്ഷിക്കുന്ന മടങ്ങിവരവും രോഗ വ്യാപനവും ജൂൺ മുപ്പതോടെ പ്രതിദിന കേസുകൾ 169 വരെയായേക്കുമെന്നാണ് സർക്കാർ നിഗമനം. ജൂലായ് അവസാനത്തോടെ പ്രതിദിന കേസുകൾ 27ഉം ആഗസ്തിൽ 342ഉം ആകെ കേസുകൾ പതിനെട്ടായിരം വരെ ആയേക്കുമെന്നാണ് മുഖ്യമന്ത്രിക്ക് ലഭിച്ച റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹച്യത്തിലാണ് പ്രതിരോധത്തിന്റെ അടുത്തഘട്ടം ആസുത്രണം ചെയ്യുന്നത്.

സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കുന്നതിന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അവരുമായി വീഡിയോ കോൺഫറൻസ് നടത്തുകയുണ്ടായി. ലാബ്, വെന്റിലേറ്റർ ഉൾപ്പെടെ സൗകര്യങ്ങൾ അത്യാവശ്യഘട്ടങ്ങളിൽ സ്വകാര്യ ആശുപത്രികളിൽ ലഭ്യമാക്കുമെന്ന് സ്വകാര്യ മാനേജ്മെന്റുകൾ ഉറപ്പ് നൽകിയിട്ടുണ്ട്. സർക്കാർ- സ്വകാര്യ ആശുപത്രികളിലെ 13 ലക്ഷം ജീവനക്കാർക്കും ഇതിനകം രണ്ട് തവണയാണ് പരിശീലനം നൽകിയത്. അടിയന്തിര പ്രാധാന്യം  നൽകുന്നതിന് വിപുലമായ സജ്ജീകരണങ്ങളാണ് കേരളത്തിൽ ഒരുങ്ങുന്നത്.

LatestDaily

Read Previous

മെട്രോ മുഹമ്മദ് ഹാജിയെ അനുസ്മരിച്ച് സൗത്ത് ചിത്താരി

Read Next

ബിജെപി ഇടപെടല്‍ വിജയം കണ്ടു; റോഡിലിട്ട മണ്ണ് നീക്കാന്‍ കര്‍ണ്ണാടക മന്ത്രിയുടെ ഉത്തരവ്