ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദിനം പ്രതി കോവിഡ് രോഗികളുണ്ടാകുന്നതിന്റെ നിരക്ക് നാലക്ക സംഖ്യയിൽ നിന്നും താഴോട്ട് പോകാതെ നിന്നിട്ടും, മലയാളി സമൂഹം പാഠങ്ങൾ പഠിച്ചിട്ടില്ലെന്ന് വേണം കരുതാൻ. വിവാഹച്ചടങ്ങുകളിലും, പൊതുയോഗങ്ങളിലും അനുവദനീയമായതിൽക്കൂടുതൽ ആൾക്കാരെ പങ്കെടുപ്പിച്ച് രോഗ വ്യാപനത്തോത് ഉയർത്താനുള്ള മത്സരത്തിലാണ് മലയാളികൾ. ഭീതിദമായ രീതിയിൽ രോഗ വ്യാപനത്തോത് നില നിൽക്കുമ്പോഴും ആൾക്കൂട്ടങ്ങളുടെ ഒത്തു ചേരലുകൾ സംഘടിപ്പിക്കുന്നവർ എന്തു കണ്ടാലും, അനുഭവിച്ചാലും പഠിക്കാത്തവരാണന്ന് തന്നെ പറയാം.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം സാക്ഷരതയിലും, ബൗദ്ധിക നിലവാരത്തിലും വളരെ മുന്നിലാണെന്നാണ് സങ്കൽപ്പമെങ്കിലും ഈ സങ്കൽപ്പം യാഥാർത്ഥ്യമല്ലെന്ന് തന്നെയാണ് സമീപകാല അനുഭവങ്ങളിലൂടെ വ്യക്തമാകുന്നത്. പൊതു ജനങ്ങളെ ബോധവത്കരിച്ച് തൊണ്ടയിൽ വെള്ളം വറ്റിയ ആരോഗ്യ വകുപ്പും, പോലീസും, ബോധവത്കരത്തിന്റെ തോത് കുറച്ചെന്ന് വേണം കരുതാൻ. കോവിഡിന്റെ പ്രാരംഭഘട്ടത്തിലുണ്ടായിരുന്ന ബോധവത്കരണം മെല്ലെമെല്ലെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നതാണ് യാഥാർത്ഥ്യം.
പൊതു ജനങ്ങളുടെ ആരോഗ്യ സംരംക്ഷണം സർക്കാരിന്റെ മാത്രം ബാധ്യതയാണെന്ന തരത്തിലുള്ള മനോഭാവമാണ് പൊതു സമൂഹത്തിനുള്ളതെന്ന് വേണം കരുതാൻ . രോഗ വ്യാപനമുണ്ടാകാതിരിക്കാൻ സർക്കാരിന്റെ നിർ ദ്ദേശങ്ങൾ അനുസരിക്കണമെന്ന ബോധ്യം സമൂഹത്തിലെ ഒരു ചെറിയ ശതമാനം ജനങ്ങൾക്കു മാത്രമാണുള്ളത്. നിയമങ്ങൾ ലംഘിപ്പെടേണ്ടതാണെന്ന മലയാളിയുടെ സഹജ മനോഭാവമാണ് സകല നിയന്ത്രണങ്ങളും വഴി പ്രകടമാകുന്നത്.
കേരളത്തിൽ ഉത്സവകാലം തുടങ്ങിയിരിക്കുകയാണ്. മിക്ക ക്ഷേത്രങ്ങളിലും, പള്ളികളിലും, ഉത്സവങ്ങൾ നടക്കേണ്ട കാലം. നിബന്ധനകൾക്ക് വിധേയമായി ഉത്സവങ്ങളും പെരുന്നാളുകളും നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും, മിക്ക സ്ഥലങ്ങളിലും നിയന്ത്രണങ്ങളുടെയെല്ലാം കെട്ടുപൊട്ടിയിരിക്കുകയാണ്. അത്യുത്തര കേരളത്തിൽ തെയ്യക്കാവുകൾ സജീവമായിട്ടില്ലെങ്കിലും കണ്ണൂർ കോഴിക്കോട് ജില്ലകളിൽ തെയ്യം, തിറ, ഉത്സവങ്ങൾ സജീവമായിത്തുടങ്ങിയിട്ടുണ്ട്.
ഉത്സവങ്ങൾക്കും, തെയ്യംകെട്ടുകൾക്കും ഇരുന്നൂറിൽക്കൂടുതൽ ആൾക്കാരെ പങ്കെടുപ്പിക്കരുതെന്ന് നിബന്ധനകളുണ്ടങ്കിലും ഇവയെല്ലാം ധിക്കരിച്ചാണ് സംഘാടകർ ഉത്സവങ്ങൾ സംഘടിപ്പിക്കുന്നത്. കോവിഡ് എവിടെ നിന്നും പടരാമെന്നിരിക്കെ ആൾക്കൂട്ട ആഘോഷങ്ങൾ സംഘടിപ്പിക്കുന്നവർ അൽപ്പം കൂടി അവധാനത പുലർത്തുന്നത് നന്നായിരിക്കും. ഉത്സവങ്ങൾക്ക് പുറമെ പള്ളിപ്പെരുന്നാളുകളിലും അനുവദനീയമായതിലധികം ആൾക്കാർ പങ്കെടുക്കുന്നുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് പൊതു ഖജനാവിെല പണമാണ് ചോർന്നു കൊണ്ടിരിക്കുന്നതെന്ന യാഥാർത്ഥ്യം ഇനിയെങ്കിലും മലയാളികൾ മനസ്സിലാക്കണം. സർക്കാർ വരുമാനത്തിന്റെ സിംഹഭാഗവും കോവിഡ് രേഗികൾക്ക് സൗജന്യ ചികിത്സ നൽകാനും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുമാണ് ചെലവായിക്കൊണ്ടിരിക്കുന്നത്. രോഗ വ്യാപന ഭീഷണി കുറയ്ക്കാൻ പ്രതിരോധം തന്നെയാണ് മികച്ചമാർഗ്ഗം. രോഗ പ്രതിരോധത്തിന് കൂടിച്ചേരലുകൾ കുറയ്ക്കുക എന്നതിനപ്പുറം വേറെ മാർഗ്ഗവുമില്ല.