ഇനി വരാനിരിക്കുന്ന വിപത്തുകള്‍

രാജ്യമാകെ കോവിഡ് 19 എന്ന വിപത്തിനെ അഭിമുഖീകരിക്കുമ്പോള്‍ അതിനെ നേരിടുവാന്‍ ഫലപ്രദമായ ഒരു പദ്ധതിയും മുന്നോട്ടുവയ്ക്കാതെ രാജ്യം ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ മുഖംതിരിച്ചു നില്ക്കുകയാണ്.

എല്ലാ ഉത്തരവാദിത്വങ്ങളും സംസ്ഥാന സര്‍ക്കാരുകളുടെ തോളില്‍ കെട്ടിയേല്പിച്ച് കൈയ്യുംകെട്ടി നോക്കിനില്‍ക്കുന്ന ഒരു കാഴ്ചക്കാരന്‍ മാത്രമായി മാറിയിരിക്കുന്നു കേന്ദ്രസര്‍ക്കാര്‍. യാതൊരു മുന്നറിയിപ്പുമില്ലാതെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ നാലുകോടിയില്‍ അധികം വരുന്ന കുടിയേറ്റ തൊഴിലാളികളുടെ ജീവിതം അതീവ ദുസ്സഹമാക്കി മാറ്റുകയായിരുന്നു ആദ്യ നടപടി.

ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ തൊഴില്‍ രഹിതരായി. താമസിക്കുന്ന താല്ക്കാലിക പാര്‍പ്പിടങ്ങളില്‍ ഭക്ഷണമോ വെള്ളമോ പോലും ലഭിക്കാതെ വന്നപ്പോള്‍ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൂടെക്കൂട്ടി ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് ദേശീയ പാതകളിലൂടെയും റയില്‍വേ പാളങ്ങളിലൂടെയും നടന്നുനീങ്ങിയ ലക്ഷക്കണക്കിന് മനുഷ്യര്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും ദുഃഖകരമായ കാഴ്ചയായി മാറി.

“വിഭജനത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത ദുരന്തം” എന്നാണ് ഈ മഹായാനത്തെ പ്രശസ്ത ചരിത്രകാരനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ രാമചന്ദ്ര ഗുഹ വിശേഷിപ്പിച്ചത്. “ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും ലോക്ഡൗണിനു മുമ്പ് സ്വന്തം വീടുകളിലേയ്ക്ക് തിരിച്ചു പോകാന്‍ സമയം നൽകിയിരുന്നുവെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു” എന്നാണ് അദ്ദേഹം പറഞ്ഞത്.

പിന്നീടുള്ള ദിവസങ്ങളില്‍ നമ്മള്‍ കാണാനും കേള്‍ക്കാനും വിധിക്കപ്പെട്ട സംഭവങ്ങള്‍, വഴിയരികില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ നിര്‍ജ്ജലീകരണം ബാധിച്ച് മരിച്ചുവീണവര്‍ മുതല്‍ ഉറക്കത്തില്‍ തീവണ്ടി പാഞ്ഞുകയറി ഛിന്നഭിന്നമായവര്‍ വരെ ജീവിതാവസാനം വരെ നമ്മെ നടുക്കിക്കൊണ്ടിരിക്കുകതന്നെ ചെയ്യും.

തെരുവില്‍ മരിച്ചുകിടക്കുന്ന ശ്വാനന്റെ മാംസം ഒരു പൗരന് ഭക്ഷിക്കേണ്ടിവരിക എന്നത് ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരികള്‍ക്ക് ഒരിക്കലും കഴുകിക്കളയാനാവാത്ത കളങ്കമാണ്. അറേബ്യയിലെ മുഴുവന്‍ സുഗന്ധ വസ്തുക്കള്‍ക്കോ വെടിയുണ്ട തീവണ്ടികള്‍ക്കോ, കിന്നരി തലപ്പാവുകള്‍ക്കോ മായ്ച്ചുകളയാനാവാത്ത കളങ്കം.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കു ശേഷം നൂറുകണക്കിന് മനുഷ്യര്‍ വഴിയരികില്‍ ജീവന്‍ വെടിഞ്ഞതിനു ശേഷം കുടിയേറ്റ തൊഴിലാളികള്‍ക്കായി പ്രത്യേക തീവണ്ടികള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുന്നു. എന്നാല്‍ യാത്രക്കൂലി നല്കണം.

പട്ടിണികിടക്കുന്ന ബഹുഭൂരിപക്ഷത്തിനും യാത്രക്കൂലി നല്കാന്‍ കഴിവില്ല. ഇത്തരം തീവണ്ടികളില്‍ കയറിപ്പറ്റിയവര്‍ തീവണ്ടികള്‍ വഴിമാറിയോടിയും എത്തിയ സ്റ്റേഷനുകളില്‍ പിടിച്ചിട്ടും വഴിയില്‍ കിടക്കുന്നു. രാജ്യം ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ലക്ഷക്കണക്കിന് പൗരന്മാരുടെ ജീവനുവേണ്ടിയുള്ള മുറവിളി കേട്ടെന്നുപോലും നടിക്കുന്നില്ല. വഴിനീളെ അവരെ പൊലീസ് തല്ലിച്ചതയ്ക്കുകയും ചെയ്യുന്നു.

ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ ജി‍‍ഡിപിയുടെ 10 ശതമാനം വരുന്ന 20 ലക്ഷം കോടി രൂപയുടെ രക്ഷാപദ്ധതി പ്രഖ്യാപിക്കുന്നത്. എന്നാല്‍ വിശദാംശങ്ങളൊന്നും തന്നെ വെളിപ്പെടുത്തിയില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേന്ദ്ര ധനകാര്യമന്ത്രി വിശദമായ പാക്കേജ് പ്രഖ്യാപനം നടത്തിയപ്പോഴാണ് കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുവാനായി, തൊഴില്‍ നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസം നല്കുവാനായി, തകര്‍ന്ന സാമ്പത്തികരംഗത്തിന് ഊര്‍ജ്ജം പകരാനായി ആ പാക്കേജില്‍ ഒന്നുംതന്നെയില്ല എന്ന് വ്യക്തമാവുന്നത്.

കോവിഡ് 19ന്റെ വ്യാപനം മൂലം സ്വന്തം വീടുകള്‍ക്കകത്ത് തടവിലാക്കപ്പെട്ട ഒരു ജനതയുടെ നിസഹായത മുതലെടുത്ത്, ജനരോഷം ഭയന്ന് നടപ്പിലാക്കാന്‍ സാധിക്കാതെയിരുന്ന സ്വകാര്യവല്ക്കരണ നടപടികളും വിറ്റഴിക്കലും നടപ്പിലാക്കുക എന്ന അജണ്ട മാത്രമായിരുന്നു പാക്കേജ് എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ടത്. കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യയുടെ സാമ്പത്തികരംഗം തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുകയായിരുന്നു.

കോവിഡിന്റെ വ്യാപനം ഈ തിരിച്ചടികളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിച്ചുവെന്നു മാത്രം.

2016 നവംബര്‍ എട്ടിന് നോട്ടുനിരോധനം പ്രഖ്യാപിച്ചതിനു ശേഷം തുടര്‍ച്ചയായി കാണിച്ച അബദ്ധങ്ങള്‍ വഴി ജിഡിപി വളര്‍ച്ച മൂന്നു ശതമാനത്തിലും താഴെയെത്തിയ ഘട്ടത്തിലാണ് കോവിഡ് വ്യാപനം കൂടി സംഭവിക്കുന്നത്.

അതിനാല്‍തന്നെ ഈ മഹാമാരിയുടെ വ്യാപനം ഒന്നുകൊണ്ട് മാത്രമാണ് ജിഡിപി തകര്‍ച്ചയുണ്ടായത് എന്ന വാദത്തിന് ഒരു പിന്‍ബലവുമില്ല.

20 ലക്ഷം കോടി പാക്കേജ് അവസാനം ഉള്ളി തൊലിച്ചതുപോലെ അതിന്റെ അവസാനത്തില്‍ കേന്ദ്ര ധനകാര്യമന്ത്രിതന്നെ 1.6 ലക്ഷം കോടി മാത്രമേ നേരിട്ട് കേന്ദ്ര സര്‍ക്കാര്‍ മുതല്‍മുടക്കുന്നുള്ളു എന്ന് സമ്മതിക്കുകയും ചെയ്തു. കോവിഡ് വ്യാപനം ചെറുക്കാന്‍ എന്ന പേരില്‍ പ്രഖ്യാപിച്ച പാക്കേജില്‍ രണ്ട് ശതമാനത്തില്‍ താഴെയാണ് ആരോഗ്യമേഖലയ്ക്കായി ആകെ മാറ്റിവച്ചിരിക്കുന്നത്.

നിലവില്‍ ബജറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികളും പ്രഖ്യാപിച്ചിട്ട് ഇതുവരെ നടപ്പിലാവാത്ത പഴയ പല പദ്ധതികളും. ഉദാഹരണത്തിന് ‘മേക്ക് ഇന്‍ ഇന്ത്യ’യടക്കം പൊടിതട്ടി വീണ്ടും പ്രഖ്യാപിക്കുകയാണ് പ്രസ്തുത പാക്കേജിലൂടെ കേന്ദ്ര ധനമന്ത്രി ചെയ്തത്.

ലോകത്തിലെ വിവിധ രാജ്യങ്ങള്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ആ രാജ്യങ്ങളിലെ തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനങ്ങള്‍ക്കായി എന്തു ചെയ്തു എന്നും ആരോഗ്യമേഖലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എന്ത് വകയിരുത്തിയെന്നും പരിശോധിക്കുമ്പോഴാണ് ഈ പാക്കേജിന്റെ പൊള്ളത്തരം പൂര്‍ണമായും വെളിവാകുക.

ഏപ്രില്‍ മാസം ആദ്യവാരത്തില്‍ തന്നെ ഓസ്ട്രേലിയ രക്ഷാപാക്കേജ് പ്രഖ്യാപിച്ചു.

130 ബില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ വരുന്ന പാക്കേജാണ് പ്രഖ്യാപിച്ചത്.

ഇതുവഴി രണ്ടാഴ്ചയിലൊരിക്കല്‍ ജോലിക്കാര്‍ക്ക് വേതനം നല്കുവാനായി തൊഴിലുടമകള്‍ക്ക് ഒരു തൊഴിലാളിക്ക് 1500 ഡോളര്‍ വീതം നല്കുവാനായിരുന്നു തീരുമാനം. മൊത്തത്തിലുള്ള സാമ്പത്തിക സഹായം 320 ബില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറാണ്.

ജിഡിപിയുടെ 16.4 ശതമാനം സാമ്പത്തിക മേഖലയില്‍ തകര്‍ച്ചയുണ്ടാവാതെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടാതെ പിടിച്ചുനിര്‍ത്തുവാന്‍ ഈ വലിയ മുതല്‍മുടക്കിന് സാധിക്കും എന്നുതന്നെയാണ് അവര്‍ കരുതുന്നത്. ‘വരും വര്‍ഷങ്ങളില്‍ ജനങ്ങള്‍ അത് തിരിച്ചുനല്കും’ എന്നാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പ്രതികരിച്ചത്. തൊഴില്‍ രഹിതര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറ്റും പ്രത്യേക ധനസഹായവും സര്‍ക്കാര്‍ നല്കുന്നു.

ലോകത്തില്‍ ഏറ്റവും വലിയ കോവിഡ് രക്ഷാ പാക്കേജ് നടപ്പിലാക്കിയത് ജപ്പാന്‍ ആണ്. 240 ബില്യണ്‍ ഡോളറാണ് നേരിട്ട് കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടം പരിഹരിക്കുവാനായി ജപ്പാന്‍ ജനങ്ങള്‍ക്ക് നല്കിയത്.

പ്രായപൂര്‍ത്തിയായവരും കുഞ്ഞുങ്ങളും എന്ന ഭേദമില്ലാതെ രാജ്യത്തെ ഓരോ പൗരനും 1,00,000 യെന്‍ (930 ഡോളര്‍) നല്കുവാനാണ് പ്രധാനമന്ത്രി ഷിന്‍ സോ ആബെ തീരുമാനിച്ചത്. ബജറ്റിന്റെ പകുതി തുകയാണ് ഇങ്ങനെ രാജ്യത്തെ ഓരോ പൗരനുമായി നല്കാന്‍ തീരുമാനിച്ചത്. ജിഡിപിയുടെ 22 ശതമാനം കോവിഡ് രക്ഷാ പാക്കേജുകള്‍ക്കായി മാറ്റിവയ്ക്കാന്‍ ധീരമായ തീരുമാനമാണ് ജപ്പാന്‍‍ കൈക്കൊണ്ടത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരസ്പര ബന്ധമില്ലാത്ത പ്രസ്താവനകള്‍ ഒരുവശത്ത് നടക്കുന്നുവെങ്കിലും രണ്ട് ട്രില്യണ്‍ ഡോളറിന്റെ രക്ഷാ പാക്കേജാണ് യുഎസ് പ്രഖ്യാപിച്ചത്.

ഇതിനായി നടത്തിയ നിയമനിര്‍മ്മാണത്തില്‍ നാലുപേരുള്ള ഒരു കുടുംബത്തിന് 3,400 ഡോളര്‍ നേരിട്ട് നല്കുകയും വന്‍കിട കോര്‍പ്പറേറ്റുകള്‍ മുതല്‍ ചെറുകിട കമ്പനികള്‍ വരെയുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് സഹായധനം നല്കുകയും ചെയ്യുന്നു.

ജിഡിപിയുടെ 14 ശതമാനമാണ് യുഎസ് ഈ പാക്കേജിനായി മാറ്റിവയ്ക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഫണ്ട് കോവിഡ് രക്ഷാ പാക്കേജിനായി മാറ്റിവച്ച രാജ്യം മാള്‍ട്ടയാണ്.

രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും മുഴുവന്‍ ശമ്പളം നല്കാന്‍ (ഓരോരുത്തര്‍ക്കും 800 യൂറോ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കുള്‍പ്പെടെ നല്കാൻ)‍ ആ രാജ്യം തീരുമാനിച്ചു. 800 യൂറോക്ക് മുകളില്‍ ശമ്പളമുള്ളവരുടെ അധിക ശമ്പളം തൊഴിലുടമ നല്കണം. മാള്‍ട്ട ജിഡിപിയുടെ 23 ശതമാനമാണ് കോവിഡ് രക്ഷാ പാക്കേജിന് മാറ്റിവച്ചത്.

ജര്‍മ്മനി, ഇറ്റലി, ലക്സംബര്‍ഗ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും ബ്രസീല്‍, സിങ്കപ്പൂര്‍, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും തൊഴില്‍ നഷ്ടപ്പെടുന്ന പൗരന്മാര്‍ക്കും ബിസിനസ് നഷ്ടമാകുന്ന സ്ഥാപനങ്ങള്‍ക്കും നേരിട്ട് സഹായം നല്കുകയാണ്.

വളരെ ലളിതമായി പറഞ്ഞാല്‍ കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം കഴിയുന്നതോടെ ഈ രാജ്യങ്ങളില്‍ ജനജീവിതം സാധാരണഗതിയിലാവും കോവിഡിന്റെ മുറിപ്പാടുകള്‍‍ അപ്രത്യക്ഷമാവും.

എന്നാല്‍ നമ്മുടെ രാജ്യത്ത് സംസ്ഥാന സര്‍ക്കാരുകളുടെ ഇപ്പോള്‍ ഏതാണ്ട് നിലച്ച വരുമാനത്തിന്റെ ബലത്തിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ നികുതി വിഹിതം പോലും നല്കാതെ കടക്കെണിയിലേക്ക് തള്ളിവിടുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ഇത്രയും വലിയ ദേശീയ ദുരന്തത്തെ നേരിടുമ്പോള്‍ പോലും ഇന്ധനവിലയടക്കം ദിവസംതോറും ഉയര്‍ത്തിക്കൊണ്ട് ജനജീവിതം ദുസ്സഹമാക്കുക മാത്രമല്ല 20,000 കോടി മുടക്കി രാജ്യതലസ്ഥാനത്ത് പുതിയ പാര്‍ലമെന്റ് മന്ദിരമടക്കം നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ തുടരുകയും ചെയ്യുന്നു.

ഇനി വരാനിരിക്കുന്ന മനുഷ്യനിര്‍മ്മിത വിപത്തുകള്‍ കൊറോണ കാലം കഴിഞ്ഞാലും തുടരുകതന്നെ ചെയ്യും എന്നതാണ് രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ദുരന്തം.

LatestDaily

Read Previous

കാത്തിരിക്കുന്നത് പട്ടിണി നാളുകൾ

Read Next

കർഷകർ ജീവിത സമരത്തിന്