ഒരു പ്രവാസിയുടെ കോവിഡ്കാല അനുഭവങ്ങള്‍

മെയ് 22  വൈകീട്ട് ആറ് മണി ഇനി നോമ്പ് മുറിക്കാന്‍ അവശേഷിക്കുന്നത് വെറും പത്ത് മിനിറ്റ്. കുറച്ച് പഴങ്ങളും മറ്റും വാങ്ങാനായി ഫ്ളാറ്റിന് താഴെയുള്ള ഒരു ബംഗ്ലാവിദേശുകാരന്‍റെ കടയിലേക്കോടി. പകുതി ദൂരം പിന്നിട്ടപ്പോളാണറിഞ്ഞത് മാസ്ക് ധരിക്കാതെയാണ്  വെളിയിലേക്കിറങ്ങിയതെന്ന്.

ഓ…..സാരമില്ല ഇന്ന് ഒരു ദിവസമല്ലെ എന്ന് കരുതി  കടയിലെത്തി മാസ്ക്ക് ധരിക്കാത്തവരെ കടയില്‍ പ്രവേശിപ്പിക്കുന്നത് കുറ്റകരമാണെങ്കിലും, കടയുടമക്ക് എന്നെ അറിയാവുന്നതിലാവാണം അത്ര കാര്യമാക്കിയില്ല.

സാധനങ്ങള്‍ വാങ്ങി റൂമിലെത്തി. രാത്രി ഏറെ വൈകിയപ്പോള്‍ ലോക്ഡൗണ്‍ മൂലം നാട്ടില്‍ കുടുങ്ങിയ ബോസിന്‍റെ വിളി വന്നു. (കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് സ്വദേശി ഇ.കെ.അബ്ദുള്‍ ഹമീദ്) കോവിഡ് 19 എന്ന വൈറസിന്‍റെ സമൂഹ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി ഖത്തര്‍ പുറത്തിറക്കിയ ഇഹ്തിറാസ് സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ എല്ലാവരും ഉപയോഗപ്പെടുത്താന്‍ അറിയിച്ചുകൊണ്ടാണ് അദ്ദേഹം വിളിച്ചത്. ആപ്ലിക്കേഷന്‍ തുറന്നാല്‍ ക്യൂആര്‍ കോഡ് മാതൃകയിലുള്ള ഇമേജാണ് കാണുക.

കോവിഡ് 19 വൈറസ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ,  അടുത്തുകൂടി പോവുകയോ ചെയ്താല്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇത് വഴി വിവരം ലഭിക്കും. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഏതെങ്കിലും വ്യക്തി കോവിഡ് പോസിറ്റീവാണെന്ന് കണ്ടു പിടിച്ചാല്‍ അയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികളെ എളുപ്പത്തില്‍ ട്രാക്ക് ചെയ്ത് അവരുടെ മൊബൈല്‍ ഫോണുകളില്‍ ഈ ആപ്ലിക്കേഷന്‍ ഉണ്ടെങ്കില്‍ വിവരമറിയിക്കുകയും ചെയ്യും. വിവിധ നിറങ്ങളിലുള്ള സൂചനകളായിട്ടാണ് സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തിക്ക് വിവരം ലഭിക്കുക.

സൂചനകളുടെ അടിസ്ഥാനത്തില്‍ വ്യക്തിക്ക് ക്വാറന്‍റൈനിലേക്ക് മാറാവുന്നതാണ്. പച്ചനിറം വ്യക്തി ആരോഗ്യവാനാണെന്നും ഗ്രേ നിറം വ്യക്തി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടാകാമെന്നും,  മഞ്ഞനിറം വ്യക്തി ക്വാറന്‍റൈനിലാണെന്നും ചുകപ്പ് നിറം വൈറസ് ബാധയുണ്ടെന്നും സൂചിപ്പിക്കുന്നു.

ഞാന്‍ എന്‍റെ മൊബൈലിലുള്ള ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഓണ്‍ചെയ്തു. ഞാന്‍ കണ്ടത് മഞ്ഞ ഇമേജായിരുന്നു. അത് സൂചിപ്പിക്കുന്നത് രോഗമുള്ളയാളുമായി സമ്പർക്കം ചെയ്യുകയാണ് എന്നുകൂടി അറിഞ്ഞതോടെ അങ്കലാപ്പ് ഇരട്ടിച്ചു. കുറച്ച് നേരം അവിടെയിരുന്ന എന്നെ ആംബുലന്‍സില്‍ കയറ്റി. വാഹനം ചീറിപ്പാഞ്ഞു.

ആംബുലന്‍സ് പതിനഞ്ച് മിനുറ്റുകൊണ്ട് ആശുപത്രിയുടെ മുന്നില്‍ വന്നുനിന്നു.  അവിടുത്തെ രണ്ട് ജീവനക്കാര്‍ വന്ന് എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. രജിസ്ട്രേഷന്‍ നടപടിയൊക്കെ പൂര്‍ത്തിയാക്കി വീണ്ടും ഷുഗര്‍ പരിശോധന നടത്തിയ ശേഷം എന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. ദേഹ പരിശോധന തുടങ്ങി.

കോവിഡ് വന്നാല്‍ ഉണ്ടാകാവുന്ന രോഗലക്ഷണങ്ങളെ കുറിച്ച് ഫിലിപ്പീന്‍സുകാരിയായ ഡോക്ടര്‍ ഇവിടേയും ചോദിച്ചു ഇതുവരെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് മറുപടി പറഞ്ഞു.

ഡോക്ടര്‍ കംപ്യൂട്ടറില്‍ പരിശോധനാ റിപ്പോര്‍ട്ട് രേഖപ്പെടുത്തിയ ശേഷം ഷുഗറിന് മാത്രമായി കഴിക്കാന്‍ മരുന്നും ഹോം ക്വാറന്‍റൈന്‍ നിര്‍ദ്ദേശങ്ങളും പറഞ്ഞ്തന്നു. പതിനാല് ദിവസം ഹോം ക്വാറന്‍റൈനില്‍ കഴിയണം. മാസ്ക് ധരിക്കണം ആകലം പാലിക്കണം എന്തെങ്കിലും വല്ലായ്മ തോന്നുകയാണെങ്കില്‍ ഉടന്‍ ഹെല്‍ത്ത് സെന്‍ററിനെ സമീപിക്കണം.

എന്നിങ്ങനെ ഒരുപടി നിര്‍ദ്ദേശങ്ങള്‍. തിരികെ പോകുമ്പോള്‍ കോവിഡ് പരിശോധനക്കായി സ്രവം കൊടുക്കണമെന്നും പരിശോധനാ ഫലം നാളെ രാവിലെ താങ്കളെ ഫോണില്‍ അറിയിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.

സ്രവവും, ഫോണ്‍ നമ്പറും കൊടുത്ത് ഒരു ടാക്സി പിടിച്ച് റൂമിലെത്തി. ആശുപത്രി   സംഭവങ്ങളെല്ലാം സഹപ്രവര്‍ത്തകരോട് വിവരിച്ചു. അവര്‍ പെട്ടെന്ന് തന്നെ അത്യാവശ്യ സാധനങ്ങളും മറ്റും വാങ്ങി റൂമിന് സമാന്തരമായി മറ്റൊരു മുറിയും ബാത്ത് റൂമും റെഡിയാക്കി തന്നു. മുറിയില്‍ ഏസിയില്ലാത്തതിനാല്‍ മുറിയിലെ ചൂട് അസഹനീയമായിരുന്നു. പൊതുവെ നമ്മള്‍ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കുന്ന മുറിയായിരുന്നു അത്.

അതിനാല്‍ പെട്ടെന്ന് തന്നെ അതൊരു ബെഡ്റൂമാക്കി മാറ്റി. ഒരു ടേബിള്‍ഫാനും വാങ്ങി സ്ഥാപിച്ചു. ടേബിള്‍ഫാന്‍ പ്രവര്‍ത്തിച്ചപ്പോള്‍ ചൂടും കാറ്റും ഇടകലര്‍ന്ന് വന്നു. എന്തായാലും സമരസപ്പെട്ടുപോവുക. അത്രതന്നെ.

പിറ്റേന്ന് അതിരാവിലെ ഉണര്‍ന്നു. മൊബൈലിലെ ഇഹ്തിറാസ് ആപ്പിലെ ഇമേജ് എടുത്തു നോക്കി. ചുകപ്പായിരുന്നു നിറം. കണ്ണു തുടച്ച് ഒന്നുകൂടി നോക്കി. അപ്പോഴും സംശയം ബാക്കിയായി.

സമയം ഇപ്പോള്‍ ഒന്‍പത് മണിയായി. ആശുപത്രി അധികൃതരില്‍ നിന്ന് യാതൊരു അറിയിപ്പും  അതുവരെ വന്നില്ല. ആപ്ലിക്കേഷന്‍ വീണ്ടും ഓണ്‍ ചെയ്തു. മാറ്റമില്ല. ഇമേജ് അതേപടി ഉണ്ട്. ഞാന്‍ എന്‍റെ ഒരു സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു. അവന്‍റെ ഭാര്യ ഇതേ ആശുപത്രിയില്‍ കാര്‍ഡിയോലജി വിഭാഗത്തില്‍ നഴ്സാണ്. അന്ന് അവര്‍ക്ക് രാത്രിയായിരുന്നു ഡ്യൂട്ടി.

ഇതേക്കുറിച്ച് എങ്ങനെയാണൊന്നറിയുക. സുഹൃത്ത് പറഞ്ഞു. പോരാത്തതിന് അവരുടെ സഹജീവനക്കാരെല്ലാം പി പി ഇ വേഷത്തിലായതിനാല്‍ ഫോണ്‍ എടുക്കാനും വഴിയില്ല. ഡ്യൂട്ടി സമയം അത് അനുവദനീയവുമല്ല. അവന്‍ എന്‍റെ ഹെല്‍ത്ത് കാര്‍ഡ് നമ്പര്‍ വാങ്ങി മെസ്സേജ് അയച്ചു നോക്കാമെന്ന് പറഞ്ഞു.

ഒരു മണിക്കൂറിന് ശേഷം സുഹൃത്തിന്‍റെ ഫോണ്‍ വന്നു. സംശയം ശരിയാണ്. താങ്കള്‍ക്ക് കോവിഡ് പോസിറ്റീവാണ്. രണ്ട് ദിവസം കഴിഞ്ഞ് ഇതുമായി ഉണ്ടായേക്കാവുന്ന ചില രോഗ ലക്ഷണങ്ങള്‍ കാണുമെന്നും ഭയപ്പെടേണ്ടതില്ലെന്നും പറഞ്ഞാശ്വസിപ്പിച്ചു. ആ ദിവസം ഇരുട്ടിലേക്ക് മറയുകയാണ്.

സമയം ഇപ്പോള്‍ വൈകീട്ട ആറ് മണി. എന്‍റെ ഫോണ്‍ ശബ്ദിച്ചു. എടുത്തു നോക്കിയപ്പോള്‍ ഒരു സ്ത്രീയായിരുന്നു അങ്ങേതലക്കല്‍. അതും മലയാളി. സംസാരം തുടര്‍ന്നു. ഞാന്‍ ഖത്തര്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്‍റില്‍ നിന്നും വിളിക്കുകയാണ്.

താങ്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. വേണ്ട നിര്‍ദ്ദേശങ്ങള്‍ തരാന്‍ വിളിച്ചതാണെന്ന് പറഞ്ഞു.

ഞാന്‍ രാവിലെ തന്നെ അറിഞ്ഞു. രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള തയ്യാറെടുപ്പുകള്‍ എടുത്തിരുന്നുവെന്നും, ഞാന്‍ അവരോട് പറഞ്ഞു. ദിനംപ്രതി രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവാണ് രോഗവിവരം അറിയിക്കാന്‍ വൈകിയതെന്നും പറഞ്ഞു. മറ്റു സഹപ്രവര്‍ത്തകരേയും കോവിഡ് ടെസ്റ്റിനായി ജോലിചെയ്യുന്ന കമ്പനി മുഖേന ആരോഗ്യ വിഭാഗത്തിലേക്ക് ഇ-മെയില്‍ ചെയ്യണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

മെയ് 24 ഞായറാഴ്ച  ഗള്‍ഫിലും നാട്ടിലും ഒരുപോലെ പെരുന്നാളാണ്. മഹാമാരി കാരണം മസ്ജിദും ഈദ് ഗാഹും തുറന്നില്ല. പെരുന്നാള്‍ നമസ്ക്കാരം അവരവരുടെ മുറിയില്‍ തന്നെ നിർവ്വഹിച്ചു. കോവിഡ് കാരണം പുത്തനുടുപ്പുകള്‍ക്കായി മക്കള്‍ വാശിപിടിച്ചില്ല. ഉള്ള ഉടുപ്പുകളിട്ട് വാട്സാപ്പില്‍ ഭാര്യയുടേയും കുഞ്ഞുമക്കളുടേയും ഫോട്ടോകള്‍ വന്നപ്പോള്‍ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.

പിന്നാലെ സുഖവിവരം അന്വേഷിച്ചും. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും,  ആത്മധൈര്യം കൈവിടരുതെന്നും ഞങ്ങളെല്ലാം കൂടെയുണ്ടെന്നും അറിയിച്ച് വിദേശത്തേയും നാട്ടിലേയും ബന്ധുമിത്രാദികളുടേയും സുഹൃത്തുക്കളുടേയും സന്ദേശങ്ങള്‍ വന്നു. ചില സുഹൃത്തുക്കളുടെ വരികള്‍ എന്‍റെ കണ്ണ് നനയിച്ചു.

പെരുന്നാള്‍ ആഘോഷിക്കാറില്ല. എന്നാലും കേള്‍ക്കുമ്പോള്‍ സന്തോഷിക്കാറുണ്ട്. എന്നാല്‍

ഈ പെരുന്നാള്‍ എന്തോ

നിന്‍റെ ഓര്‍മ്മകള്‍ മാത്രം…

അതുകൊണ്ട് തന്നെ  ഈ പെരുന്നാള്‍  പ്രാര്‍ത്ഥനയും

നിനക്ക് വേണ്ടി മാത്രം.  അടുത്ത പെരുന്നാള്‍  ആകുമ്പോഴേക്കും പൂര്‍ണ  ആരോഗ്യവാനായി

തിരിച്ചെത്തി ഒന്നിച്ച് പെരുന്നാള്‍

ആഘോഷിക്കാന്‍  സര്‍വ്വശക്തനായ  തമ്പുരാന്‍ തുണയ്ക്കു

മാറാവട്ടെ എന്ന്  പ്രാര്‍ത്ഥിക്കാം.

എല്ലാവരുടേയും പ്രാര്‍ത്ഥനയുടെ ഫലമായി ഇതുവരെ കോവിഡുമായി ബന്ധപ്പെട്ടുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും എനിക്ക് ഉണ്ടായിട്ടില്ല.

ഇതിനിടയില്‍ ഖത്തറില്‍ ആറങ്ങാടി സ്വദേശിക്ക് കോവിഡ് സ്ഥിതീകരിച്ചെന്ന വാര്‍ത്ത ആഘോഷമാക്കാനും ചിലര്‍ മറന്നില്ല. ലേറ്റസ്റ്റ് പത്രവാർത്തയില്‍ ആരുടേയും പേര് പരാമര്‍ശിച്ചിരുന്നില്ല. അത് പത്ര ധര്‍മ്മമാണ്.

ആളെ കണ്ടെത്തിയെന്ന് പറഞ്ഞ് രോഗവുമായി യാതൊരു ബന്ധവുമില്ലാത്ത എന്‍റെ കൂടപ്പിറപ്പിനേയും , കുടുംബത്തേയും പരാമര്‍ശിക്കുന്ന രീതിയില്‍ വാട്സാപ്പില്‍ കാട്ടുതീപോലെ സന്ദേശം പ്രചരിച്ചു.

നാം പൊരുതേണ്ടത് രോഗികളോടല്ല, രോഗത്തോടാണെന്ന തിരിച്ചറിവില്ലാത്തവര്‍ ഇതില്‍ സംതൃപ്തി കണ്ടെത്തുന്നുണ്ടാവാം. സഹവര്‍ത്തിത്വ മനോഭാവം ഇത്തരക്കാര്‍ക്ക് കാണാനില്ല. രോഗികളെ മാനസികമായി തളര്‍ത്തുന്ന സമീപനമാണ് ഇത്തരക്കാര്‍ കൈകൊള്ളുന്നത്. ഇന്ന് ജൂണ്‍ നാല്. രാവിലെ തന്നെ ആരോഗ്യ വിഭാഗത്തില്‍ നിന്നും കോള്‍ വന്നു. താങ്കളുടെ ക്വാറന്‍റൈന്‍ കാലാവധി ഇന്ന് അവസാനിക്കുകയാണ്.

എങ്കിലും ക്വാറന്‍റൈന്‍ കാലാവധി ശരാശരി പൂര്‍ത്തിയാക്കാന്‍ ഇനിയും ഏഴ് ദിവസം കൂടി ബാക്കിയുണ്ട് ഇതിനിടയില്‍ ആപ്പിലെ ഇമേജില്‍ മാറ്റങ്ങള്‍ വന്നേക്കാം. ഭയപ്പെടേണ്ടതില്ല. ഇതുവരെ മറ്റ് അസുഖങ്ങളൊന്നും ഇല്ലാത്തതിനാല്‍ പരിശോധനയുടെ ആവശ്യം ഇല്ലെന്നും ഏഴ് ദിവസം കൂടി കഴിഞ്ഞാല്‍ ആപ്പില്‍ പഴയ നിലയില്‍ പച്ച ഇമേജ് തെളിയുമെന്നും താങ്കള്‍ക്ക് പുറത്തിറങ്ങാമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ന് ജൂണ്‍ 12. മൊബൈലില്‍ ഇമേജ് പഴയതു തന്നെ. മാറ്റമില്ല. ജൂണ്‍ 13 രാവിലെ  തന്നെ ആപ്പ് തുറന്ന് നോക്കി. ഇമേജില്‍ മാറ്റം വന്നിട്ടുണ്ട്. ഇപ്പോള്‍ ഗ്രീന്‍ ഇമേജ്. ഇനി പുറത്തിറങ്ങാം. കോവിഡ് ഒരു മഹാമാരി തന്നെയാണ്. കരുതലാണ് പ്രധാനം. കോവിഡ് ബാധയേറ്റ ഒരു വ്യക്തി മനസ്സിനെ സ്വതന്ത്രമാക്കി മാറ്റുക. ഇച്ഛാശക്തിയും ആത്മനിയന്ത്രണങ്ങളും വളര്‍ത്തിയെടുക്കുക. നാം ഒറ്റക്കല്ല. മഹാമാരി മൂലം ഈ ഭൂലോകത്ത് രോഗവുമായി കഷ്ടതയനുഭവിക്കുന്നവരെ കുറിച്ചും മരണത്തെ പുല്‍കിയവരെക്കുറിച്ചും നാം ഓര്‍ക്കുക എല്ലാത്തിനേയും ആത്മവിശ്വാസത്തോടെ നേരിടുക. ആശങ്കപ്പെടുത്തുന്ന ചിന്തകളെ മനസ്സില്‍ നിന്നും അകറ്റി നിര്‍ത്തുക. നന്നായി ഉറങ്ങുക. നാളെയുടെ നല്ല ഭാവിക്കായി ചിന്തിക്കുക. എല്ലാവര്‍ക്കും നന്ദി.

Muneer-Arangadi
കെ.കെ. മുനീര്‍ ആറങ്ങാടി
ദോഹ

LatestDaily

Read Previous

മെട്രോ മുഹമ്മദ് ഹാജിയുടെ ഭവനം മന്ത്രി ഇ. ചന്ദ്രശേഖരൻ സന്ദർശിച്ചു

Read Next

ഞാനും മാനസിക രോഗ വിദഗ്ദനെ കണ്ടിട്ടുണ്ട് : രജിഷ വിജയൻ