മലയോരം കോവിഡ്ഭീതിയിൽ

ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ പട്ടയങ്ങാനം കോളനിയിൽ താമസിക്കുന്ന കോവിഡ് ബാധിതനായ കരിന്തളം സ്വദേശിയുടെ പ്രാഥമിക സമ്പർക്കപ്പട്ടിക പുറത്തിറക്കിയതോടെ മലയോര മേഖല ഭീതിയിൽ. കരിന്തളം സ്വദേശിയുമായ പ്രാഥമിക സമ്പർക്കമുണ്ടായ 13 പേരുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇവരിൽ 2 ഓട്ടോ ഡ്രൈവർമാർ കൂടി ഉൾപ്പെട്ടതാണ് ആശങ്ക വർദ്ധിപ്പിച്ചത്. ഭാര്യയുടെ പ്രസവ ചികിത്സയ്ക്കായി കരിന്തളം സ്വദേശി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലാണ്  ആദ്യമെത്തിയത്.

ഗർഭിണിക്ക് വിദഗ്ദ ചികിത്സ ആവശ്യമായതിനാൽ പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രി ആവശ്യങ്ങൾക്കായി യുവാവ് സഞ്ചരിച്ച 2 ഓട്ടോറിക്ഷകളുടെ ഡ്രൈവർമാരാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്.  പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർ എത്ര പേരുമാരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെന്നും വ്യക്തമല്ല. കോവിഡ് ബാധിതന്റെ സമ്പർക്ക പട്ടികയിലുള്ളവരെല്ലാം ക്വാറന്റൈനിലാണ്.

ഈസ്റ്റ് എളേരി പഞ്ചായത്തിലെ 15-ാം വാർഡിൽപ്പെട്ട പട്ടയങ്ങാനം കോളനി പൂർണ്ണമായി അടച്ചിട്ട നിലയിലാണ്. കടുമേനിയിൽ കടകൾ തുറക്കുന്നതിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മലയോരത്ത് ആദ്യമായാണ് ഒരാൾക്ക് സമ്പർക്കം വഴി കോവിഡ് ബാധ ഉണ്ടായത്. കരിന്തളം സ്വദേശിക്ക് രോഗം എവിടെ നിന്ന് പകർന്നെന്ന് വ്യക്തമല്ല. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരിൽ ഭൂരിഭാഗവും ബന്ധുക്കളാണ്.

LatestDaily

Read Previous

കാസര്‍കോട് സ്വദേശി സൗദിയില്‍ മരിച്ചു

Read Next

സമൂഹ നിസ്ക്കാരം നടത്തി ജമാഅത്തിൽ മുറുമുറുപ്പ്