അജാനൂർ: കോവിഡ് ബാധിച്ച് പുല്ലൂർ വിഷ്ണുമംഗലത്തെ ഐടി എഞ്ചിനീയർ, സുഭാഷ് 32, ബംഗളൂരുവിൽ മരണപ്പെട്ടതിന് പിന്നാലെ സുഭാഷിന്റെ പിതാവ് വിഷ്ണുമംഗലം സ്വദേശി ഉണ്ണികൃഷ്ണനും 67, ഇന്ന് പുലർച്ചെ ബംഗളൂരു സ്വകാര്യാശുപത്രിയിൽ കോവിഡ് മൂലം മരിച്ചു. സുഭാഷ് ഒരാഴ്ച മുമ്പാണ് മരണപ്പെട്ടത്. ഭാര്യ യശോദ രോഗബാധയെ തുടർന്ന് മത്തിക്കരയിലുള്ള വീട്ടിൽ ക്വാറന്റൈനിലാണ്. കാൽ നൂറ്റാണ്ടായി ഉണ്ണികൃഷ്ണനും പത്നിയും രണ്ട് ആൺമക്കളും ബംഗളൂരുവിലാണ് താമസം. മക്കളിൽ മൂത്തയാൾ രാജേഷ്കുമാർ ഐടി എഞ്ചിനീയറാണ്.
സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച ഉണ്ണികൃഷ്ണന് നില ഗുരുതരമായപ്പോൾ ഓക്സിജൻ ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൽ പരാതിപ്പെട്ടു. വെള്ളിക്കോത്ത് തക്ഷശില കോളേജ് അധ്യാപകൻ മാധവന്റെ സഹോദരീഭർത്താവാണ് മരണപ്പെട്ട ഉണ്ണികൃഷ്ണൻ. കാഞ്ഞങ്ങാട്ടുള്ള കുടുംബാംഗങ്ങൾക്ക് ബംഗളൂരുവിലേക്ക് പോകാൻ കർണ്ണാടകയിൽ കർശ്ശന നിയന്ത്രങ്ങൾ മൂലം അനുമതി ലഭിച്ചില്ല.