മുൻകരുതൽ തുടരണം

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്നുള്ളത് ആശ്വാസകരമാണെങ്കിലും രോഗ ഭീതി കുറഞ്ഞിട്ടില്ലെന്ന യാഥാർത്ഥ്യത്തെ എല്ലാവരും ഉൾക്കൊള്ളുക തന്നെ വേണം. പേടിപ്പെടുത്തുന്ന തരത്തിലുള്ള രോഗ വർധനാ നിരക്കിൽ താല്കാരിക കുറവ് മാത്രമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നതും സത്യമാണ്.

കോവിഡ് രോഗികളുടെ എണ്ണത്തിൽ ആഴ്ചയിൽ പത്ത് ശതമാനം വരെ കുറവുണ്ടാകുന്നുവെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നെങ്കിലും എത്ര കാലം ഈ പ്രവണത തുടരുമെന്ന് പ്രവചിക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ കരുതലോടെയുള്ള ജീവിത ശൈലി തന്നെയാണ് അഭികാമ്യം. കേരള ജനത കാണിച്ച പ്രശംസാവഹമായ കരുതലും, സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമാണ് കേരളത്തിൽ കോവിഡ് മരണ നിരക്കും രോഗ വ്യാപനവും കുറച്ചതെന്നത് യാഥാർത്ഥ്യമാണ്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സംസ്ഥാനമാണ് കേരളം. രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടായെങ്കിലും ഇന്ത്യയിലെ  മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ  രോഗികളുടെ  എണ്ണം കുറവ് തന്നെയാണ്. ആരോഗ്യ സേവന രംഗത്ത് കേരളം കൈവരിച്ച മികച്ച നേട്ടങ്ങളുടെ ഭാഗമായിത്തന്നെയാണ് മരണ നിരക്ക്  കുറയ്ക്കാനായതും, രോഗവ്യാപനം ഒരളവ് വരെ പിടിച്ചു നിർത്താനായതും.

കോവിഡ് പരിശോധനകളിൽ കേരളത്തിൽ രോഗികളുടെ എണ്ണം കുറയുന്നുണ്ടെന്നത് ആശ്വാസകരമാണെങ്കിലും നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിലും, ഇളവുകൾ നൽകുന്നതിലും സർക്കാർ ഉദാരത കാണിക്കാൻ സമയമായിട്ടില്ല. നിയന്ത്രണങ്ങളിലെ ചെറിയ ഇളവുകൾ പോലും ആരോഗ്യമേഖലയിലെ സ്ഥിതി സ്ഫോടനാത്മകമാക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേകിച്ചും.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ ഭീതിദമായ വർധനയ്ക്ക്  കാരണം കേരളത്തിൽ അങ്ങോളമിങ്ങോളം നടന്ന സമരങ്ങൾ തന്നെയാണെന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്. കോവിഡ് കാലത്തെ സമരങ്ങൾക്കെതിരെ ഹൈക്കോടതി കടുത്ത നിലപാട് എടുത്തില്ലായിരുന്നുവെങ്കിൽ കേരളം ശവപ്പറമ്പായിത്തീരുമായിരുന്നുവെന്നതും ആർക്കും നിഷേധിക്കാനാവില്ല.

കോവിഡ് രോഗ നിയന്ത്രണത്തിനായി സർക്കാരിന് കോടികൾ ചെലവാക്കേണ്ടി വന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും സമരങ്ങൾ നടത്തി രോഗ വ്യാപനം വർധിപ്പിച്ച രാഷ്ട്രീയ കക്ഷികൾക്ക് മാറി നിൽക്കാനാകില്ല. കോവിഡ് പ്രതി സന്ധി കാലത്ത് സാധാരണക്കാരായ പൊതുജനത്തിന് ആശ്വാസ പദ്ധതികൾ നടപ്പിലാക്കാമായിരുന്ന പൊതുഫണ്ടാണ് രോഗ നിയന്ത്രണത്തിനായി സർക്കാരിന് ചെലവാക്കേണ്ടി വന്നത്.

LatestDaily

Read Previous

നീലേശ്വരം നഗരസഭയിൽ ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Read Next

ഫാഷൻ ഗോൾഡ് തകർത്തതിന് പിന്നിൽ സ്വപ്നസുന്ദരിമാർ