കോവിഡും ഒാണവും

ലോകമെങ്ങും പടർന്നുപിടിച്ച കോവിഡ് മഹാമാരി രണ്ടാം വർഷത്തിലെത്തി നിൽക്കുന്ന സാഹചര്യത്തിലാണ് കേരളത്തിൽ ഇക്കുറിയും ഒാണമാഘോഷിക്കുന്നത്. ആളും അരവവും ആർഭാടങ്ങളുമായി ആഘോഷപൂർവ്വം മലയാളികൾ കൊണ്ടാടിയിരുന്ന ഒാണാഘോഷങ്ങൾക്ക് ഭീഷണി ഉയർത്തി ഇത്തിരിക്കുഞ്ഞൻ കൊറോണ വൈറസ് രണ്ടാം വർഷവും കേരളത്തിൽ കളം  നിറഞ്ഞാടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഭീതിദമായ സാഹചര്യത്തിലാണ് ഈ വർഷത്തെ ഒാണാഘോഷങ്ങൾ നടക്കുന്നത്.

ഒാണം കേരളീയന്റെ ദേശീയോത്സവമാണ്. മതങ്ങളുടെ വേലിക്കെട്ടില്ലാതെ നടക്കുന്ന മാനവികതയുടെ ഉത്സവം കൂടിയാണ് കേരളത്തിൽ ഒാണോത്സവം. കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായി മാറിയ സമകാലീന സാമൂഹ്യ സാഹചര്യത്തിൽ വർഷത്തിലൊരിക്കൽ കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്നിരുന്ന കാലം കൂടിയാണ് ഒാണക്കാലം. കേരളത്തിൽ സർവ്വമതസ്ഥരും ഒറ്റക്കെട്ടായി ആഘോഷിക്കുന്ന വിശേഷ ദിവസങ്ങളിലൊന്ന് കൂടിയാണ് ഒാണം.

കോവിഡ് വൈറസ് സർവ്വശക്തിയും സംഭരിച്ച് സംഹാരതാണ്ഡവം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരളത്തിൽ ഒാണം നടക്കുന്നത്. ദിനംപ്രതിയുള്ള രോഗ നിരക്കിൽ കുറവില്ലാതിരിക്കുകയും, മരണനിരക്ക് ദിനംപ്രതി ഉയർന്ന് നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തവണത്തെ ഒാണാഘോഷങ്ങളിലും, ഒാണസദ്യകളിലും ഇത്തിരി കരുതലിന്റെ മേമ്പൊടി കൂടി ചേർക്കേണ്ടതുണ്ട്. ഒാണാഘോഷങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സർക്കാർ സർവ്വമേഖലകളിലും നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ വിവേകപൂർവ്വം കൈകാര്യം ചെയ്യുക എന്നതായിരിക്കണം ഇത്തവണത്തെ ഒാണദിന പ്രതിജ്ഞ.

ഒാണാഘോഷങ്ങളുടെ ഭാഗമായുള്ള കുടുംബങ്ങളുടെ ഒത്തുചേരലിൽ കഴിഞ്ഞ തവണത്തെ ഒാണത്തേക്കാൾ ഇക്കുറി ഇരട്ടി കരുതലും സൂക്ഷ്മതയും പുലർത്തേണ്ടതുണ്ടെന്ന തിരിച്ചറിവ് എല്ലാ കേരളീയർക്കുമുണ്ടാകണം. ഒാണാഘോഷത്തോടനുബന്ധിച്ച് പൊതു സാംസ്ക്കാരിക പരിപാടികളോ, സർക്കാർ വക സാംസ്ക്കാരികാഘോഷങ്ങളോ ഇല്ലാത്തതിനാൽ കൂട്ടം ചേരലുകൾ വഴിയുള്ള രോഗ വ്യാപനഭീതി ഒഴിവായിട്ടുണ്ട്. ആഘോഷങ്ങളിൽ മതി മറക്കുന്ന മലയാളിയുടെ സഹജ സ്വഭാവത്തിന് കൂടുതൽ നിയന്ത്രണമുണ്ടായാൽ രോഗവ്യാപന ഭീതിയില്ലാതെ ഒാണാഘോഷം കൊണ്ടാടാവുന്നതാണ്.

രണ്ടാംഘട്ട അടച്ചിടലിന് ശേഷം കേരളത്തിൽ ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിലുണ്ടായിരുന്നതിനേക്കാൾ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉർന്നിട്ടുണ്ട്. പ്രാരംഭഘട്ടത്തിൽ രണ്ടക്ക സംഖ്യകളിലും മൂന്നക്ക സംഖ്യകളിലും ഒതുങ്ങി നിന്ന രോഗികളുടെ എണ്ണം നിലവിൽ മാസങ്ങളായി പതിനായിരങ്ങളിലെത്തി നിൽക്കുന്നവെന്ന യാഥാർത്ഥ്യം കൂടി ഉൾക്കൊണ്ടായിരിക്കണം ഇക്കുറി ഒാണാഘോഷങ്ങൾ നടത്തേണ്ടത്. രോഗവ്യാപനത്തെ സഹായിക്കുന്ന പെരുമാറ്റ രീതികളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ പെരുമാറില്ലെന്ന ഉറച്ച തീരുമാനം ഒാരോ മലയാളിയും എടുക്കേണ്ടതുണ്ട്.

ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള നിശ്ചയ ദാർഢ്യമുള്ളവരാണ് മലയാളി സമൂഹം. ഈ നിശ്ചയ ദാർഢ്യം സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കാൻ കൂടി ഉപയോഗിക്കുമെന്ന് ഒാരോ മലയാളിയും പ്രതിജ്ഞയെടുത്താൽ കേരളം കോവിഡിനെയും അതിജീവിക്കും. പൊതു സ്ഥലങ്ങളിലും, ഒത്തുചേരലുകളിലും കോവിഡ് പ്രതിരോധ മാർഗ്ഗങ്ങൾക്ക് പുറമെ അൽപ്പം കരുതൽ കൂടി ചേർക്കാവുന്നതാണ്.

LatestDaily

Read Previous

പരോളിലിറങ്ങിയ കൊലക്കേസ്സ് പ്രതി തൂങ്ങി മരിച്ച നിലയിൽ

Read Next

പാച്ചിലില്ലാതെ ഉത്രാടം; ഒാണത്തിരക്കിലമർന്ന് നാട് കടുത്ത നിയന്ത്രണങ്ങൾ