ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവല്ല: ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി ജലീൽ എം.എൽ.എയ്ക്കെതിരെ കേസെടുക്കാൻ തിരുവല്ല കോടതി പൊലീസിന് നിർദ്ദേശം നൽകി. ആർഎസ്എസ് ഭാരവാഹി അരുൺ മോഹൻ നൽകിയ ഹർജി പരിഗണിച്ചാണ് ജലീലിനെതിരെ കേസെടുക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകിയത്. ഇതേ സംഭവത്തിൽ ജലീലിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. അഡ്വക്കേറ്റ് ജി.എസ്. മണി തിലക് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കൂടുതൽ അന്വേഷണത്തിനായി പരാതി സൈബർ ക്രൈം വിഭാഗത്തിന് കൈമാറി.
ലെജിസ്ലേറ്റീവ് കൗൺസിലിന്‍റെ ഭാഗമായി കശ്മീർ സന്ദർശിച്ച ജലീൽ പാക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും കശ്മീർ താഴ്വര, ജമ്മു, ലഡാക്ക് എന്നിവയെ ‘ഇന്ത്യൻ അധീന കശ്മീർ’ എന്നും വിശേഷിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു.
അതേസമയം വിവാദ പരാമർശത്തിന്‍റെ പേരിൽ പെരുമാറ്റച്ചട്ടം ലംഘിച്ച ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സ്പീക്കർക്ക് കത്ത് നൽകി. ജലീലിന്റെ പരാമർശങ്ങൾ നിയമസഭയ്ക്കും സഭാ സമിതിക്കും പൊതുസമൂഹത്തിനു മുന്നിൽ അവമതിപ്പ് ഉണ്ടാക്കി. ജലീൽ നൽകിയ വിശദീകരണത്തിൽ പോലും ഖേദം പ്രകടിപ്പിക്കാനോ നിലപാട് തിരുത്താനോ അദ്ദേഹം തയ്യാറല്ലെന്നും കത്തിൽ പറയുന്നു.