കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി ദമ്പതികൾ സ്ഥാനാർത്ഥികളായി

കാഞ്ഞങ്ങാട്: കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റായിരുന്ന എം. കുഞ്ഞികൃഷ്ണന്റെ ഭാര്യ പി. നാരായണിക്ക് നിനച്ചിരിക്കാതെ സ്ഥാനാർത്ഥിത്വം കൈവന്നു. ജില്ലാ ആശുപത്രിക്ക് കിഴക്ക് ആലയി പ്രദേശം മുതൽ മടിക്കൈ പഞ്ചായത്ത് അതിർത്തി വരെയുള്ള 11– ാം വാർഡിലെ സ്ഥാനാർത്ഥിയായി കോൺഗ്രസ്സ് പരിഗണിച്ചത്, നഗരസഭയിലെ സാക്ഷരതാ പ്രേരക് ആയ ബാലാമണിയെയായിരുന്നു.

വ്യാഴാഴ്ച ഉച്ചയോടെ പത്രിക നൽകാൻ നഗരസഭയിലെത്തിയപ്പോഴാണ് സർക്കാർ ശമ്പളം കൈപ്പറ്റുന്നതിനാൽ, സാക്ഷരതാ മിഷൻ പ്രേരക്മാർ മൽസരിക്കരുതെന്ന സർക്കാർ ഉത്തരവുണ്ടെന്ന കാര്യമറിഞ്ഞത്. വാർഡുകളിലെ മറ്റ് സ്ഥാനാർത്ഥികൾക്കൊന്നും ഡമ്മി സ്ഥാനാർത്ഥികളെ നിർത്താതിരുന്ന കോൺഗ്രസ്സ് നേതാക്കൾ ബാലാമണിയുടെ ഡമ്മിയായി കോൺഗ്രസ്സിന്റെ വാർഡ് വൈസ് പ്രസിഡന്റായ പി. നാരായണിയെ കൊണ്ട് പത്രിക നൽകിച്ചതാണ് തുണയായത്.

സ്ഥാനാർത്ഥികളുടെ പത്രികയിന്മേൽ ഇന്നലെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ, ബാലാമണിയുടെ പത്രിക തള്ളിയതോടെ നാരായണി സ്ഥാനാർത്ഥിയായി മാറുകയായിരുന്നു.  എൻ. ജി. ഒ ക്വാർട്ടേഴ്സ് ഉൾപ്പെടുന്ന 13- ാം വാർഡിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയാണ് 11– ാം വാർഡ് സ്ഥാനാർത്ഥിയായ നാരായണിയുടെ ഭർത്താവ് എം. കുഞ്ഞികൃഷ്ണൻ. നാരായണി സ്ഥാനാർത്ഥിയായതോടെ അടുത്തുത്ത വാർഡുകളിൽ ഭാര്യയും ഭർത്താവും കാടടച്ചുള്ള പ്രചാരണ തിരക്കിലായി. നാരായണിക്ക് മുഖ്യ എതിരാളി സിപിഎം ആണ്, കുഞ്ഞികൃഷ്ണന് സിപിഎമ്മിനോടും ബിജെപിയോടും ഒരുപോലെ നേർക്കുനേർ മൽസരിക്കണം.

LatestDaily

Read Previous

അങ്കം കുറിക്കാൻ പ്രവാസി കുഞ്ഞിമൊയ്തീനും

Read Next

ഇടതു– വലതു മുന്നണികളുടെ സ്ഥാനാർത്ഥികൾ സഹോദരിമാർ