ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്‍റെ പേരിലുള്ള നിയമന ശുപാർശ കത്ത് പുറത്ത് വന്ന് ഒന്നര ആഴ്ച കഴിഞ്ഞിട്ടും കത്തിന്‍റെ ഉറവിടം കണ്ടെത്താനാവാതെ ക്രൈംബ്രാഞ്ചും, വിജിലൻസും. കത്തിൻ മേൽ പ്രാഥമിക അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് റിപ്പോർട്ടും ഇതുവരെ ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയിട്ടില്ല. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ക്രൈംബ്രാഞ്ച് സംഘം കേസെടുത്ത് അന്വേഷണം നടത്തണമെന്ന ശുപാർശയാണ് തയ്യാറാക്കിയിട്ടുള്ളത്. അവധിയിലായിരുന്ന ക്രൈംബ്രാഞ്ച് മേധാവി വെള്ളിയാഴ്ച തിരിച്ചെത്തിയെങ്കിലും റിപ്പോർട്ട് കൈമാറിയില്ല. റിപ്പോർട്ട് ഇന്ന് കൈമാറിയേക്കും.
അതേസമയം, കത്തിൻ മേലുള്ള വിജിലൻസ് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. കത്തിന്‍റെ ഒറിജിനൽ പകർപ്പ് നശിപ്പിച്ച സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. കേസിൽ അന്വേഷണം വൈകുന്നതിനാൽ തെളിവുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
അതേസമയം, വരും ദിവസങ്ങളിൽ കോർപ്പറേഷൻ ഓഫീസിൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാനാണ് ബി.ജെ.പിയുടെയും യു.ഡി.എഫിന്‍റെയും തീരുമാനം. മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കും വരെ സമരം തുടരുമെന്നാണ് ഇരുവിഭാഗങ്ങളും പറയുന്നത്. എന്നാൽ മേയർ രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന നിലപാടിലാണ് സി.പി.എമ്മും ഇടതുപക്ഷവും.
മേയർക്കെതിരെ ഉയർന്ന ആരോപണങ്ങൾ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ അഭ്യർത്ഥന മാനിച്ച് കഴിഞ്ഞ ദിവസം പ്രത്യേക കൗൺസിൽ യോഗം ചേർന്നിരുന്നു. മേയർ അദ്ധ്യക്ഷത വഹിക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നിരസിക്കുകയായിരുന്നു. ഇതോടെ സ്പെഷ്യൽ കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചു. മേയർ എത്തുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മേയർ എത്തിയപ്പോൾ കരിങ്കൊടിയും ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി. ഗോ ബാക്ക് വിളിച്ച് പ്രതിഷേധിച്ചു. എന്നാൽ വനിതാ കൗൺസിലർമാരെ മേയറുടെ ഡയസിന് ചുറ്റും അണിനിരത്തിയാണ് ഇടതുമുന്നണി പ്രതിരോധം തീർത്തത്. കെ സുരേന്ദ്രന്‍റെ മകന്‍റെ നിയമനവുമായി ബന്ധപ്പെട്ട വിവാദം ഉയർത്തി എൽ.ഡി.എഫ് തിരിച്ചടിച്ചു. പ്രതിപക്ഷ അംഗങ്ങളാരും യോഗത്തിൽ സംസാരിച്ചില്ല. ഇന്ന് മുതൽ പ്രതിഷേധം ശക്തമാക്കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.