കോർപ്പറേഷൻ കത്ത് വിവാദം; ക്രൈംബ്രാഞ്ച് ആനാവൂർ നാഗപ്പന്റെ മൊഴിയെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കത്ത് വിവാദത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. നായനാർ ചാരിറ്റബിൾ ട്രസ്റ്റിൽ ബുധനാഴ്ച രാത്രിയാണ് മൊഴി രേഖപ്പെടുത്തിയത്. മേയർ അയച്ചതെന്ന് പറയപ്പെടുന്ന കത്ത് കണ്ടിട്ടില്ലെന്ന് ആനാവൂർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി.

സംഭവത്തിൽ പാർട്ടി ഉടൻ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നൽകിയിട്ടുണ്ട്. നിയമന കത്ത് വിവാദത്തിൽ പാർട്ടി അന്വേഷണം ഉടൻ നടക്കും. പൊലീസിന് നൽകിയ മൊഴി മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല. കത്ത് വ്യാജമാണെന്ന് മേയർ പറ‍ഞ്ഞിട്ടുണ്ട്. കോർപ്പറേഷൻ പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിന്‍റെ കത്തും പാർട്ടി അന്വേഷിക്കും. അന്വേഷണത്തിന് പാർട്ടിക്ക് അതിന്‍റേതായ സംവിധാനമുണ്ട്’ അദ്ദേഹം പറഞ്ഞു.

കോർപ്പറേഷനിലെ 295 താൽക്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാനുള്ള പട്ടിക ആവശ്യപ്പെട്ട് മേയർ ആനാവൂർ നാഗപ്പന് കത്ത് നൽകിയെന്നാണ് ആരോപണം. ആനാവൂരിന്റെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് നേരത്തെ സമയം തേടിയിരുന്നു. പാർട്ടി പരിപാടികളുടെ തിരക്കിലാണെന്നും സമയം ഉടൻ അനുവദിക്കാമെന്നും അദ്ദേഹം ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു.

K editor

Read Previous

ഇന്ത്യയിൽ 833 പുതിയ കൊവിഡ് കേസുകൾ; സജീവ കേസുകൾ 0.03 %

Read Next

ഇരട്ടനികുതി ഉത്തരവോടെ നിരക്ക് ഇരട്ടിയാക്കി സ്വകാര്യ ബസുകൾ