കോർപ്പറേഷൻ കത്ത് വിവാദം; മേയർ രാജിവയ്ക്കില്ലെന്ന് ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കില്ലെന്ന പ്രഖ്യാപനവുമായി വിവാദ കത്ത് സംബോധന ചെയ്യപ്പെടുന്ന സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. വിവാദ കത്തുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സംഘം സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആനാവൂർ പറഞ്ഞു. പാർട്ടി പരിപാടികളുടെ തിരക്കിലാണെന്നും ഉടൻ സമയം അനുവദിക്കുമെന്നും ജില്ലാ സെക്രട്ടറി അന്വേഷണ സംഘത്തെ അറിയിച്ചു.

കത്ത് വിവാദത്തിന്‍റെ വസ്തുതകൾ തേടി മേയറുടെ ഓഫീസുമായി ബന്ധപ്പെട്ടവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ തുടങ്ങി. ഓഫീസിലെ ക്ലാർ‍ക്കുമാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ലെറ്റർപാഡ് വ്യാജമാണെന്നും തങ്ങളുടെ ഓഫീസ് അത് തയ്യാറാക്കിയിട്ടില്ലെന്നും വിനോദും ഗിരീഷും അറിയിച്ചു. ജീവനക്കാർക്ക് എടുക്കാൻ കഴിയുന്ന തരത്തിലാണ് ലെറ്റർഹെഡ് സൂക്ഷിച്ചതെന്നും പ്രചരിക്കുന്ന കത്ത് മേയറുടെ ലെറ്റർപാഡിന്‍റെ മാതൃകയിലാണെന്നും ഇരുവരും പറഞ്ഞു. കൂടുതൽ ജീവനക്കാരിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുക്കും.

അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് തുടർച്ചയായ നാലാം ദിവസവും കോർപ്പറേഷൻ ഓഫീസ് കലാപ ഭൂമിയായി മാറി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മേയറുടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചത് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടാകാൻ ഇടയാക്കി. താൽക്കാലിക നിയമനത്തിൽ പാർട്ടി പട്ടിക ആവശ്യപ്പെട്ട് മേയർ സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്താണ് വിവാദമായത്.

Read Previous

കോർപ്പറേഷൻ കത്ത് വിവാദം; മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

Read Next

പീഡന കേസ്; പരാതിക്കാരിയുടെ മൊഴി പരിശോധിക്കാൻ എൽദോസ് കുന്നപ്പിള്ളിക്ക് ഹൈക്കോടതി അനുമതി