ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചൈനയിൽ നിന്ന്, ഇറ്റലിയിൽ നിന്ന്, അമേരിക്കയിൽ നിന്ന്, ഡൽഹിയിൽ നിന്ന് എല്ലാം നമ്മൾ കൊറോണയുടെ കഥകൾ കേട്ടിരുന്നു. ഇനി അത് കഥയല്ല. കൊറോണ നമ്മുടെ അടുത്തേക്ക് വരികയാണ്.
ഇപ്പോൾ ദിവസേന എഴുന്നൂറ് കേസുകളായി, അതിനി ആയിരമാകാൻ അധികം ദിവസങ്ങൾ വേണ്ട. മൊത്തം കേസുകളുടെ എണ്ണം പതിനായിരം കടന്നും മുകളിലേക്കാണ്.
അതിനി ഒരു കുന്നുകയറി ഇറങ്ങണം. ആ കുന്നിന്റെ ഉയരം ഒരു ലക്ഷം കേസുകളുടെ താഴെ നിൽക്കുമോ എന്ന ആശങ്കയുടെ ദിനങ്ങൾ തന്നെയാണ് വരാനിരിക്കുന്നത്.
കൊറോണ തിരുവനന്തപുരത്തു നിന്നും പൂന്തുറയിൽ നിന്നും പുല്ലുവിളയിൽ നിന്നും ചെല്ലാനത്തു നിന്നും നമ്മുടെ നഗരത്തിലോ ഗ്രാമത്തിലോ എത്താൻ ഇനി ആഴ്ചകൾ വേണ്ട.
ഇതുവരെ നമുക്ക് വെറും അക്കങ്ങൾ മാത്രമായിട്ടാണ് കൊറോണക്കേസുകൾ വന്നിരുന്നതെങ്കിൽ ഇനിയത് നമുക്ക് നേരിട്ടറിയാവുന്നർ, സുഹൃത്തുക്കൾ, ബന്ധുക്കൾ ഒക്കെ ആകും. സ്വാഭാവികമായും അത് നമ്മിലും എത്താം.
പൊതുവിൽ പത്തിൽ എട്ടു കേസിലും ഒരു പനിയുടെ അത്രയും ബുദ്ധിമുട്ടേ കൊറോണ ഉണ്ടാക്കൂ. പക്ഷെ കുറച്ചു പേർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. ലോകത്തെ കണക്കനുസരിച്ച് നൂറിൽ നാല് പേർ ആണിപ്പോൾ മരിക്കുന്നത് (കേരളത്തിൽ മുന്നൂറിൽ ഒന്ന്).
കൂടുതൽ കേസുകൾ ഒരുമിച്ചുണ്ടാവുകയും ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കപ്പുറം ആക്റ്റീവ് ആയ കേസുകളുടെ എണ്ണം ആകുകയും ചെയ്താൽ മരണ നിരക്ക് കൂടും.
നമ്മൾ ഇതിൽ കുഴപ്പമില്ലാത്ത കൂട്ടത്തിൽ ആകുമോ, വെന്റിലേറ്ററിൽ പോകുമോ അതോ പരലോകത്ത് പോകുമോ എന്നൊന്നും മുൻകൂട്ടി പറയാൻ പറ്റില്ല.
ചെറുപ്പക്കാർക്ക് ഇത് കുഴപ്പമൊന്നും ഉണ്ടാക്കില്ല എന്ന മിഥ്യാധാരണ ഇപ്പോൾ മാറിയിട്ടുണ്ട്, ആർക്കും രോഗം വരാം, ആർക്കും ഗുരുതരമാകാം, ആർക്കുവേണമെങ്കിലും അടിപ്പെടാം. ഏറെ ജാഗ്രത വേണ്ട സമയമാണ്.
നമ്മൾ ഓരോരുത്തർക്കും കൊറോണ വരാൻ സാധ്യത ഉണ്ടെന്ന് മനസിലാക്കുക. കൊറോണ വന്നാൽ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഇപ്പോൾ തന്നെ പ്ലാൻ ചെയ്യണം. കൊറോണ ആരിൽ നിന്നും പകരാം. എത്രമാത്രം കൂടുതൽ ആളുകളുമായി നമുക്ക് സമ്പർക്കം ഉണ്ടോ അത്രമാത്രം കൊറോണ വരാനുള്ള സാധ്യതയും കൂടും.
അതേസമയം കൊറോണയെ പേടിച്ച് വീടിനകത്ത് (സർക്കാർ നിർദ്ദേശം ഇല്ലെങ്കിൽ) അടച്ചിരിക്കുക സാമ്പത്തികവും സാമൂഹ്യവുമായ കാരണങ്ങളാൽ അത്ര എളുപ്പമല്ല.
അത്യാവശ്യത്തിന് മാത്രം ആളുകളുമായി സമ്പർക്കം പുലർത്താം അത് പരമാവധി ചുരുങ്ങിയ സമയത്തേക്കാക്കണം. ഷോപ്പിംഗ് സൂപ്പർമാർക്കറ്റുകളിൽ നിന്നും മാറ്റി വീടിനടുത്തുള്ള ചെറിയ കടകളിൽ ഒറ്റ പ്രാവശ്യം ആക്കുക.
ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശിക്കുന്നുവെങ്കിൽ അത് ഇത്തരത്തിൽ നല്ല സുരക്ഷാ ശീലമുള്ളവരുടെ വീടുകളിൽ മാത്രമായി ഒതുക്കുക. ജോലി സ്ഥലങ്ങൾ പരമാവധി സുരക്ഷിതമാക്കാൻ ശ്രമിക്കുക. കൈ കഴുകൽ, സാമൂഹിക അകലം പാലിക്കൽ, മാസ്ക് ഉപയോഗിക്കൽ എല്ലാം തുടർന്നും ശീലമാക്കുക.
അതിരക്തസമ്മർദം, ഹൃദയ‑ശ്വാസകോശ രോഗം, പ്രമേഹം, കാൻസർ എന്നിവയുളളവർക്ക് റിസ്ക് കൂടുതലാണ്. നിങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ ഈ അസുഖങ്ങളുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക. സർക്കാർ നിർദ്ദേശിച്ചാലും ഇല്ലെങ്കിലും വ്യക്തിപരമായി റിവേഴ്സ് ക്വാറന്റൈൻ (പുറത്ത് പോകുന്നത് ഒഴിവാക്കുക/കുറയ്ക്കുക, വീട്ടിൽ തന്നെ മറ്റുള്ളവരോടുള്ള സമ്പർക്കം പരമാവധി കുറയ്ക്കുക) എടുക്കുന്നത് നല്ലതാണ്.
ഇക്കാര്യത്തിൽ വീട്ടിലെ മറ്റ് അംഗങ്ങളും പ്രത്യേകം ശ്രദ്ധിക്കുക. വീട്ടിൽ പ്രായമായവരുണ്ടെങ്കിൽ അവരും മുൻപ് പറഞ്ഞ പ്രോട്ടോകോൾ പാലിക്കുക. അവരുമായി വീട്ടുകാർ ഉൾപ്പെടെ അടുത്ത് സമ്പർക്കം ഉണ്ടാകുന്നത് പരമാവധി കുറയ്ക്കുക.
പനി, ചുമ, ക്ഷീണം, ശരീരവേദന, മൂക്കൊലിപ്പ്, തൊണ്ടവേദന, അതിസാരം എന്നിവയാണ് ആദ്യം പറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ കുളിര്, വിറയൽ, മസിൽ വേദന, തലവേദന, രുചിയും ഗന്ധവും നഷ്ടപ്പെടുക എന്നിവകൂടി കോവിഡ് ലക്ഷണങ്ങളാണ്. കോവിഡിന്റെ ചികിത്സ തൽക്കാലം സർക്കാർ ചെലവിലാണ്.
ഇത് എക്കാലവും നിലനിൽക്കണമെന്നില്ല, പോരാത്തതിന് കൊറോണ ഇല്ലെങ്കിലും മറ്റുള്ള ആരോഗ്യ പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ടാകാമല്ലോ. ആശുപത്രി ചെലവുകൾ കൂടിവരികയുമാണ്. അതുകൊണ്ട് തന്നെ ഒരു നല്ല ആരോഗ്യ ഇൻഷുറൻസ് എടുത്തുവയ്ക്കാൻ ഇതിലും പറ്റിയ സമയമില്ല.
ഓരോ വർഷവും പതിനായിരത്തോളം ആളുകൾ അപകടങ്ങളിൽ മരിക്കുന്ന കേരളത്തിൽ ആളുകൾ പൊതുവെ വില്പത്രം എഴുതാൻ മടിക്കുന്നുവെന്നത് എന്നെ എപ്പോഴും അതിശയിപ്പിക്കാറുണ്ട്. ബഹുഭൂരിപക്ഷം കുടുംബങ്ങളിലും അച്ഛനമ്മമാരുടെ ആസ്തി ബാധ്യതകൾ പരസ്പരം അറിയില്ല, മക്കൾക്ക് ഒരു പിടിയുമില്ല.
ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ച് ഒരാൾ മരിച്ചു കഴിഞ്ഞാൽ അവരുടെ സമ്പത്തിന്റെ അവകാശി ആരാണെന്ന് പോലും ഭൂരിപക്ഷം ആളുകൾക്കും അറിയില്ല.
ഇന്ത്യയിൽ നിങ്ങൾ ആണോ പെണ്ണോ, നിങ്ങളുടെ മതം ഏത്, നിങ്ങളുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ എന്നതിനെ ഒക്കെ ആശ്രയിച്ചിരിക്കും മരണാനന്തരം നിങ്ങളുടെ സ്വത്തിലുള്ള അവകാശങ്ങൾ.
കേരളത്തിൽ ആസ്തി ബാധ്യതകളുള്ള എല്ലാവരും വിൽപത്രം എഴുതിവയ്ക്കണമെന്ന് പലവട്ടം ഞാൻ പറഞ്ഞിരുന്നു, ഈ കൊറോണക്കാലത്ത് അത് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. സുരക്ഷിതരായിരിക്കുക.