ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: കോവിഡ് രോഗമുക്തനായി തിരിച്ചെത്തിയ സുഹൃത്തിന്, അങ്കം ജയിച്ചു വന്ന ചേകവർക്ക് കൊടുക്കുന്നതിന് സമാനമായ രീതിയിൽ അതിരുവിട്ട സ്വീകരണമൊരുക്കിയവർ പുലിവാലിലായി. ഇന്നലെ മടക്കരയിൽ രോഗമോചിതനായി തിരിച്ചെത്തിയ യുവാവിനാണ് സുഹൃത്തുക്കൾ സ്വീകരണം നൽകിയത്.
മെയ് 23-ന് മഹാരാഷ്ട്രയിൽ നിന്ന് തിരിച്ചെത്തിയ യുവാവിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിൽസയ്ക്ക് ശേഷം പരിശോധനാഫലം നെഗറ്റീവായതോടെ യുവാവ് ഇന്നലെ 108 ആംബുലൻസിൽ തിരിച്ചെത്തി വീട്ടിൽ പോകുന്നതിനിടയിലാണ് സുഹൃത്തുക്കൾ കോവിഡ് മോചിതനെ യുദ്ധത്തിലെ പോരാളിയെന്ന പോലെ സ്വീകരിച്ചത്.
പാട്ടു പാടിയും, നൃത്തം ചെയ്തും, കേക്ക് മുറിച്ചും ആഘോഷം നടത്തിയവർ ഇതിന്റെ വീഡിയോ നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാനും മറന്നില്ല. വീഡിയോ ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയില്ലപ്പെട്ടതോടെയാണ് ഉൽസാഹക്കമ്മറ്റിക്കാർ ശരിക്കും പുലിവാൽ പിടിച്ചത്.
വീഡിയോ ദൃശ്യം കണ്ട മെഡിക്കൽ ഓഫീസർ ഡോ. ഡി. ജി. രമേശിന്റെ നിർദ്ദേശപ്രകാരം ഹെൽത്ത് ഇൻസ്പെക്ടർ ടി. അജിത് കുമാർ ചന്തേര പോലീസിൽ നൽകിയ പരാതിയിൽ 15 പേർക്കെതിരെയാണ് കേസ്സെടുത്തിരിക്കുന്നത്. മടക്കരയിലെ അഷ്ഫാഖ് .പിയുടെ നേതൃത്വത്തിലാണ് കോവിഡ് രോഗമോചിതന് സ്വീകരണമൊരുക്കിയത്. രോഗമോചിതനെ കെട്ടിപ്പിടിച്ചും, മുത്തം കൊടുത്തും, കൈ പിടിച്ച് കുലുക്കിയും സ്വീകരിച്ചവരോടെല്ലാം ക്വാറന്റൈനിൽ പ്രവേശിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.