ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോവിഡിനെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇനി ബോധവത്ക്കരണം വേണ്ടെന്ന തീരുമാനം കാര്യങ്ങളുടെ ഗൗരവസ്ഥിതിയിലേക്കാണ് വിരൽചൂണ്ടുന്നത്. കിട്ടിയ ഇളവുകളിൽ മതിമറന്ന ജനം തെരുവിൽ തോന്നുംപേലെ പെരുമാറിയതിന്റെ ദൂഷ്യഫലങ്ങൾ കണ്ടുതുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് കരുതാം.
ക്വാറന്റൈൻ നിർദ്ദേശിച്ചവർ വരെ പുറത്തിറങ്ങി സാധാരണ ഗതിയിൽ നടക്കാൻ തുടങ്ങിയിരിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുക തന്നെ വേണം. നിയമലംഘനങ്ങളിൽ ഇനി അറസ്റ്റും പിഴയുമാണ് ഫലമെന്ന് ഡിജിപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ദൃശ്യ, അച്ചടി മാധ്യമങ്ങൾ വഴി ദിനംപ്രതി ബോധവത്ക്കരണം നടത്തിയിട്ടും അതൊന്നും പൊതുജനത്തിന്റെ ചെവിയിൽ ഏശിയിട്ടില്ലെന്നാണ് കരുതേണ്ടത്. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധവുണ്ടാകുമ്പോഴും, പൊതുസമൂഹം സർക്കാർ നൽകിയ മുന്നറിയിപ്പുകളൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന രീതിയിലാണ് പെരുമാറുന്നത്.
ദിനംപ്രതി നിരവധി സമരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും സാമൂഹിക അകലം പാലിക്കാത്തവയുമാണ്. തങ്ങൾ കോവിഡ് ബാധയ്ക്ക് അതീതരാണ് എന്ന വിധത്തിലാണ് മിക്ക രാഷട്രീയ പാർട്ടി നേതാക്കളും പെരുമാറുന്നത് തന്നെ. സ്വകാര്യ ബസുകളിലും, ഓട്ടോകളിലും, കച്ചവട സ്ഥാപനങ്ങളിലും സർക്കാർ നിഷ്ക്കർഷിച്ച നിയന്ത്രണങ്ങൾ പതിയെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
ഉറവിടം ഏതാണെന്ന് അറിയാത്ത വിധത്തിലുള്ള കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് പതിയെ വർദ്ധിക്കുകയാണ്. ഇത് സമൂഹ വ്യാപനത്തിന്റെ ലക്ഷണങ്ങളിലൊന്നായാണ് ആരോഗ്യവിദഗ്ദർ കണക്കാക്കുന്നത്. ഏറ്റവും കൂടുതൽ ജാഗ്രത കാണിക്കേണ്ട ഈ അവസരത്തിലാണ് കേരളത്തിൽ പൊതുജനം യഥേഷ്ടം പെരുമാറുന്നത്.
മാസ്ക് ധരിക്കാത്തതിന്റെ പേരിൽ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ ദിനംപ്രതി നൂറ് കണക്കിന് കേസുകളാണ് റജിസ്റ്റർ ചെയ്യുന്നത്. ഈ കേസുകളുടെ വ്യാപ്തി പരിശോധിച്ചാൽ മതി ജനത്തിന്റെ മനോഭാവം വ്യക്തമാകാൻ. എവിടെനിന്നും, എപ്പോഴും പടരാൻ സാധ്യതയുള്ള വൈറസിനെ കരുതിയിരുന്നില്ലെങ്കിൽ ഒരു സർക്കാരിനും തങ്ങളെ രക്ഷിക്കാനാകില്ലെന്ന തിരിച്ചറിവ് കൂടി ഉണ്ടാകാത്തതാണ് നിലവിലെ പ്രശ്നം.
ലോക്ക്ഡൗണിന്റെ തുടക്കത്തിൽ നിയമം കർശനമായി അനുസരിച്ച പൊതുജനം ഇളവുകൾ വർദ്ധിച്ചതോടെയാണ് നിയമലംഘനം ആരംഭിച്ചതെന്ന് വേണം പറയാൻ. നിയമം അനുസരിക്കാത്തവരെ അനുസരിപ്പിക്കും എന്ന സന്ദേശമാണ് സർക്കാർ നൽകിയിരിക്കുന്നത്. ഈ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചതിന്റെ ഉത്തരവാദിത്തം പൊതുസമൂഹത്തിന് തന്നെയാണ്.