ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ആഗോളവല്ക്കരണമെന്ന വാക്കും അതിന്റെ പ്രയോഗവും നമ്മുടെ പൊതുബോധത്തില്‍ പണ്ടത്തെപ്പോലെ അത്ര സജീവമല്ലാത്ത വേളയിലാണ് കൊറോണ വൈറസിന്റെ പ്രത്യക്ഷപ്പെടല്‍. ലോകമെമ്പാടുമുള്ള രാജ്യങ്ങളും മനുഷ്യരും അവരവരുടെ ഇടങ്ങളിലേക്ക് ചുരുക്കപ്പെടുന്ന അവസ്ഥ കൊറോണ സൃഷ്ടിച്ച ഒരു ആഗോളീകരണമാണ്. ആധുനികലോകത്തെ എല്ലാവിധ സംവിധാനങ്ങളെയും ഒരു രോഗാണു ചോദ്യം ചെയ്യുകയാണ്. ഉത്തരം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് മനുഷ്യകുലം. മനുഷ്യന്റെ ഭൗതികമായ നിലനില്പിന്റെ അടിസ്ഥാനമായ സാമ്പത്തികരംഗത്തെ ക്രയവിക്രയങ്ങളെയാണ് കൊറോണ തകര്‍ച്ചയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ലോകത്തെ ഒരു വലിയ വിഭാഗം ജനങ്ങള്‍ സാമ്പത്തിക ക്രയവിക്രയത്തില്‍ നിന്നും പുറത്താകുകയോ പിൻവലിയുകയോ ചെയ്തിരിക്കുന്നു. ഒരു നിശ്ചിത കാലയളവില്‍ യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടക്കാതെ വരുമ്പോള്‍ അത് സാമ്പത്തിക വ്യവസ്ഥയില്‍ മുരടിപ്പ് സൃഷ്ടിക്കും.
പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണിയും എന്ന് പറഞ്ഞതുപോലെയാണ് കൊറോണ വൈറസ് കാലത്തെ ലോക സമ്പദ്‌രംഗം. മാന്ദ്യത്തില്‍ നില്‍ക്കുന്നതിന്റെ ഇടയില്‍ കൊറോണകൂടി എത്തിയതോടെ മിക്ക രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. ഈ പ്രതിസന്ധി തൊഴില്‍ദാതാവിനെയും തൊഴിലാളികളെയും ബാധിക്കുമ്പോള്‍ സാധാരണക്കാരായ ഭൂരിപക്ഷത്തിന്റെ ജീവിതവും അരക്ഷിതാവസ്ഥയിലാകും. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ 80 ദശലക്ഷത്തിലധികം ജോലികള്‍ ഉയര്‍ന്ന തോതിലോ മിതമായ നിരക്കിലോ ഭീഷണി നേരിടുന്നതായി മൂഡീസ് അനലിറ്റിക്സിന്റെ പഠനം പറയുന്നു.
യുഎസിലെ തൊഴില്‍നഷ്ടം കണക്കാക്കുമ്പോള്‍ മൊത്തം തൊഴിലാളികളുടെ 32 ശതമാനത്തിന് തൊഴില്‍ ഇല്ലാതാകുമെന്നാണ് വിലയിരുത്തല്‍. തൊഴില്‍നഷ്ടവും വ്യവസായനഷ്ടവും വ്യാപകമാകുന്നതോടെ സമീപഭാവിയില്‍ ബ്രിട്ടന്‍ മാന്ദ്യത്തിലേക്ക് വഴുതിവീണേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കുന്നു. ബ്രിട്ടനില്‍ മാത്രം 60 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. അതായത് മൊത്തം തൊഴിലാളികളുടെ 21 ശതമാനം.
റഷ്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച മൂന്നു മുതല്‍ അഞ്ച് ശതമാനം വരെ കുറയുമെന്നും തൊഴിലില്ലായ്മ നിരക്ക് 4.6 ശതമാനത്തില്‍ നിന്ന് 15 ശതമാനമാകുമെന്നും സാമ്പത്തികവിദഗ്ധര്‍ പറയുന്നു. ഇറ്റലിയും ജര്‍മ്മനിയും സമാനമായ പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. കൊറോണ ഉടലെടുത്ത ചൈനയാകട്ടെ ഉള്ളിൽ ഉയരുന്ന ജനകീയ പ്രതിഷേധങ്ങളെ പ്രതിരോധിക്കാനാകാതെ അതിർത്തിയിൽ ആക്രമണമുഖം തുറന്ന് ശ്രദ്ധതിരിക്കുകയാണ്.
ലോകത്തെ സമ്പന്നരാഷ്ട്രങ്ങളില്‍ തൊഴില്‍നഷ്ടം ഈവിധമാണെങ്കില്‍ മൂന്നാം ലോക രാഷ്ട്രങ്ങളെ കാത്തിരിക്കുന്നത് ഇതിലും വലിയ ദുരിതങ്ങളാണ്. ഭൂരിപക്ഷ തൊഴിലാളികളും അസംഘടിതമേഖലയില്‍ പണിയെടുക്കുന്ന ഇന്ത്യന്‍ തൊഴിൽരംഗം ലോക്ഡൗണ്‍ കാലത്ത് സ്വയം വെളിപ്പെടുത്തുന്നത് ഭീകരമായ മുഖമാണ്. ലോക്ഡൗണുകളില്‍ ഇന്ത്യയിലെ തൊഴിലാളികളും ആഭ്യന്തര കുടിയേറ്റ തൊഴിലാളികളും നേരിട്ടുകൊണ്ടിരിക്കുന്ന ക്രൂരമായ യാഥാര്‍ത്ഥ്യങ്ങള്‍ പരിഹാരമില്ലാതെ തുടരുകയാണ്. നിരാശ്രയരും അശരണരുമായി തെരുവീഥികള്‍ നിറഞ്ഞ് പലായനം ചെയ്യുന്ന തൊഴിലാളി കൂട്ടങ്ങള്‍ ഇന്ത്യയെന്ന റിപ്പബ്ലിക്കിന്റെ വര്‍ത്തമാനകാല ദെെന്യതകളെയാണ് വ്യക്തമാക്കുന്നത്.
കോവിഡാനന്തര ഇന്ത്യ, തൊഴിലാളികള്‍ക്ക് നരകമായിരിക്കുമെന്ന് പല തൊഴില്‍ നിയമഭേദഗതികളിലൂടെ കേന്ദ്രസര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും ഇപ്പോഴെ സൂചിപ്പിക്കുന്നു. ആദ്യ ലോക്ഡൗണില്‍ തന്നെ ഇന്ത്യയില്‍ അസംഘടിത മേഖലയിലെ 92.5 ശതമാനം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി ജാന്‍സാഹസ് എന്ന സംഘടന നടത്തിയ ദ്രുത വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പാക്കേജില്‍ തൊഴില്‍നഷ്ടം നികത്താനോ, പുനരധിവാസത്തിനോ ഉള്ള വ്യക്തമായ പദ്ധതികളൊന്നും തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. വായ്പാ പദ്ധതികളാണ് ഏറെയും. ഭക്ഷണവും വെള്ളവും കിടപ്പാടവും മേൽവിലാസവുമില്ലാതെ ഊരുചുറ്റുന്ന അസംഘടിതര്‍ക്ക് വായ്പ ആര് കൊടുക്കും? അവര്‍ക്ക് തൊഴിലും നിത്യവൃത്തിക്ക് കാശുമാണ് വേണ്ടത്. ലോക്ഡൗണ്‍ കാലയളവില്‍ ശമ്പളം കുറയ്ക്കാനോ, ജീവനക്കാരെ പിരിച്ചുവിടാനോ പാടില്ല എന്ന നിര്‍ദ്ദേശം കേന്ദ്ര തൊഴില്‍ മന്ത്രാലയം 2020 മാര്‍ച്ച് 20ന് നല്‍കിയിരുന്നു. നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് ഗുജറാത്തും മധ്യപ്രദേശും ഉത്തര്‍പ്രദേശും തൊഴില്‍ സമയ പരിഷ്ക്കരണം വരുത്തിയത്. 1948 ലെ ഫാക്ടറി നിയമത്തിലെ 51,54,55 എന്നീ സെക്ഷനുകളില്‍ മാറ്റംവരുത്തി നിലവിലുള്ള 48മണിക്കൂര്‍ പരിധിക്ക് പകരമായി ആറ് ദിവസത്തെ ആഴ്ചയില്‍ 72 മണിക്കൂര്‍ ജോലി അനുവദിക്കുന്ന ഭേദഗതിയാണ് നടപ്പിലാക്കുന്നത്.
കൂടാതെ കോവിഡ് 19 ബാധിച്ച സംസ്ഥാനത്തെ നിക്ഷേപത്തിന് ഉത്തേജനം നല്‍കുന്നതിന് അടുത്ത മൂന്ന് വര്‍ഷത്തേക്ക് മിക്കവാറും എല്ലാ തൊഴില്‍ നിയമങ്ങളുടെയും പരിധിയില്‍ നിന്ന് ബിസിനസുകളെ ഒഴിവാക്കുന്ന ഓര്‍ഡിനന്‍സിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. മിനിമം വേതനം, തൊഴിലാളി യൂണിയന്‍, സുരക്ഷ, തൊഴിലാളിയുടെ ആരോഗ്യത്തില്‍ തൊഴില്‍ ഉടമയുടെ ഉത്തരവാദിത്വം തുടങ്ങി 35 തൊഴില്‍ നിയമങ്ങളാണ് മൂന്ന് വര്‍ഷത്തേക്ക് ഈ സര്‍ക്കാരുകള്‍ ഒഴിവാക്കിയിരിക്കുന്നത്.
കോവിഡ് കാലത്തെ മറയാക്കി സര്‍ക്കാരുകള്‍ തന്നെ തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ കെെക്കൊള്ളുമ്പോള്‍ സ്വകാര്യ‑കോര്‍പ്പറേറ്റ് തൊഴില്‍ദാതാക്കള്‍ക്ക് പണി എളുപ്പമാകുകയാണ്. കോവിഡ്കാല ലോക്ഡൗണ്‍ മറയാക്കി ചില വമ്പന്‍ തൊഴിലുടമകള്‍ ചൂഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പിരിച്ചുവിടല്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഐടി മേഖലകളില്‍ കൂട്ടത്തോടെയുള്ള പിരിച്ചുവിടലും വീട്ടുതടങ്കല്‍ പോലുള്ള രീതികളുമാണ് പ്രകടമാകുന്നത്. പഠിപ്പും സാങ്കേതിക ജ്ഞാനവുമൊക്കെയുണ്ടെങ്കിലും ഐടി മേഖലയിലെ തൊഴിലാളികള്‍ സാമൂഹ്യബന്ധം കുറഞ്ഞവരും അസംഘടിതരും ദ്വീപുകളെപ്പോലുള്ള വ്യക്തിത്വമുള്ളവരുമായതിനാല്‍ തൊഴില്‍ദാതാക്കള്‍ക്ക് ഇവരെ ഒഴിവാക്കുക എളുപ്പവുമാണ്. കോവിഡാനന്തര കാലം പല മേഖലയുമെന്നപോലെ തൊഴില്‍ മേഖലയേയും തികച്ചും അനിശ്ചിതത്വത്തിലേക്കായിരിക്കും തള്ളിവിടുകയെന്നാണ് പ്രകടമാകുന്ന പ്രവണതകള്‍ വ്യക്തമാക്കുന്നത്.
ഒരു വലിയ വിഭാഗം തൊഴില്‍സമൂഹത്തിന്റെ തിരിച്ചുവരവ് തന്നെ ചിലപ്പോള്‍ അസാധ്യമായേക്കും. ഓരോ ജീവിതവും അവരവരുടെ ബാധ്യത മാത്രമാകുമ്പോള്‍ സാമൂഹ്യവ്യവസ്ഥിതികളും ഉത്തരവാദിത്തങ്ങളും എങ്ങനെ പരിണമിക്കുമെന്നുള്ളത് കണ്ടറിയണം. പൊതുമേഖലകളില്‍ പണിയെടുക്കുന്നവരുടെ സുരക്ഷിതത്വവും സ്വകാര്യമേഖലയുടെ അസ്ഥിരതയും ചോദ്യങ്ങളുയര്‍ത്തുകയും സജീവ ചര്‍ച്ചകളുമായേക്കും. പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാത്ത, ലാഭമോ, ഡിമാന്റോ സൃഷ്ടിക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങളെയും അതിലെ ഭീമശമ്പളം കെെപ്പറ്റുന്ന ജീവനക്കാരെയും നിലനിര്‍ത്താനും സംരക്ഷിക്കാനും സമൂഹത്തിന്റെ നികുതി പണം വിനിയോഗിക്കേണ്ടതുണ്ടോ എന്ന ചിന്ത കൊറോണക്കാലം ഉന്നയിക്കുന്നുണ്ട്.
അതേസമയം പൊതുജനാരോഗ്യം രാഷ്ട്രത്തിന്റെ സമ്പത്ത് ആകണമെങ്കില്‍ ആരോഗ്യപരിരക്ഷാ സംവിധാനങ്ങള്‍ പോലുള്ള സേവനങ്ങൾ പൊതുമേഖലയില്‍ തന്നെ ആയിരിക്കണമെന്നും കൊറോണ പ്രതിരോധം തെളിയിക്കുന്നുണ്ട്. പകര്‍ച്ചവ്യാധിപോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ സാമ്പത്തിക മനോഭാവത്തെ മറികടന്നുകൊണ്ട് എല്ലാവര്‍ക്കും ആശ്രയിക്കാന്‍ കഴിയുന്നത് പൊതുസംവിധാനങ്ങളെ മാത്രമായിരിക്കുമെന്ന് കേരളത്തിന്റെ മാതൃക സുവ്യക്തമാക്കുന്നുണ്ട്. മനുഷ്യചരിത്രത്തില്‍ മുന്‍പെങ്ങും രേഖപ്പെടുത്താത്ത തരത്തിലുള്ള പ്രതിസന്ധിയെ സമൂഹം അഭിമുഖീകരിക്കുമ്പോള്‍ ഭാവി കരുപ്പിടിപ്പിക്കാന്‍ ഉത്തരവും പരിഹാരവും പെട്ടെന്ന് ഉരുത്തിരിഞ്ഞ് വരുമെന്ന് തോന്നുന്നില്ല. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ നിവൃത്തികേടില്‍ തെരുവിലിറങ്ങുമ്പോള്‍ ഭരണകൂടത്തിനും അതിസമ്പന്നനും ചൂഷകനും എത്രകാലം സുരക്ഷിതമായിരിക്കാനാവും? ലോകത്തെ വിപ്ലവങ്ങളുടെ ചരിത്രങ്ങള്‍ മറിച്ചൊന്നും പറയുന്നില്ല.