രോഗം വിളമ്പുന്നവർ

ആളെക്കൊല്ലും ഭീകര വൈറസ് കേരളം മുഴുവൻ സംഹാരതാണ്ഡവമാടുമ്പോഴും വിവാഹം, ചോറൂണ്, പിറന്നാൾ എന്നിവ ആഘോഷപൂർവ്വം കൊണ്ടാടി കോവിഡ് രോഗം സമ്പാദിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. വിവിധ ജില്ലകളിൽ നടന്ന വിവാഹ മാമാങ്കങ്ങളിൽ പങ്കെടുത്ത പലർക്കും ഊണിനൊപ്പം ഉപദംശമായി കോവിഡും കിട്ടിയിരിക്കുകയാണ്.

ആഘോഷങ്ങൾക്ക് നിയന്ത്രണ രേഖകളുണ്ടാകണമെന്ന സർക്കാരിന്റെ നിർദ്ദേശങ്ങൾ ജലരേഖയാക്കിക്കൊണ്ടാണ് പലരും ഇപ്പോഴും ആർഭാട വിവാഹങ്ങ ൾ നടത്തുന്നത്. സ്വന്തം വലിപ്പം നാലാളെ കാണിക്കാൻ നടത്തുന്ന വിവാഹാഘോഷങ്ങൾ നടത്താനുള്ള സന്ദർഭം ഇതാണോ എന്ന് സ്വയം തിരിച്ചറിയാത്തതാണ് കാതലായ പ്രശ്നം.

കാസർകോട് ജില്ലയിൽ നടന്ന ആഡംബര വിവാഹത്തിൽ പങ്കെടുത്തവർക്ക് കോവിഡ് ബാധിച്ചതോടെയാണ് ജില്ല വീണ്ടും പഴയ പടിയായത്. കോഴിക്കോട് ജില്ലയിൽ നടന്ന വിവാഹമാമാങ്കങ്ങളിൽ പങ്കെടുത്തവർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. വിശ്വാസികളുടെ പുസ്തകങ്ങളിലെ ദൈവ സങ്കൽപ്പത്തിൽ പറഞ്ഞിരിക്കുന്നത്പോലെ സർവ്വ വ്യാപിയായി കോറോണ വൈറസ് പടരുമ്പോളാണ് ഇത്തരം തോന്ന്യാസകല്ല്യാണങ്ങൾ നടത്താൻ ചിലർ തയ്യാറാകുന്നതെന്നത് ലജ്ജാകരമാണ്.

ഒന്നിന് പത്തായും, പത്തിന് നൂറായും കോവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിലും, മലയാളി സമൂഹത്തിലെ ഒരു വിഭാഗത്തിന് ഇപ്പോഴും നേരം വെളുത്തിട്ടില്ലെന്ന് വേണം പറയാൻ.

മലയാളിയുടെ ബുദ്ധി ശൂന്യതയുടെയും, വിവേകമില്ലായമയുടെയും ഉദാഹരണങ്ങളാണ് ആഘോഷങ്ങൾ വഴി വർദ്ധിക്കുന്ന രോഗനിരക്ക്.

കേരളത്തിലെ രണ്ട് തലമുറയ്ക്ക് ജീവിക്കാനുള്ള തുക വിവാഹ മാമാങ്കങ്ങൾ വഴി പൊടിപൊടിച്ച മലയാളി സമൂഹത്തിന് ആഘോഷങ്ങൾക്കുമേൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ അനുസരിക്കാൻ പ്രയാസമാണെങ്കിലും, നിലവിലെ സാഹചര്യത്തിന്റെ ഗൗരവമെങ്കിലും, തിരിച്ചറിയാതെ വീണ്ടും ആഘോഷങ്ങളിലേർപ്പെടുന്നവർ അറിഞ്ഞുകൊണ്ട് തന്നെ ആരോഗ്യവ്യവസ്ഥയെ തകിടം മറിക്കുന്നവരാണ്.

ആർഭാടങ്ങൾക്ക് ആളെക്കൂട്ടി രോഗം പരത്തുന്നവർക്കെതിരെ ക്രിമിനൽ കേസുകളെടുക്കുകയാണ് പോലീസ് ചെയ്യേണ്ടത്. ശക്തമായ നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കിയില്ലെങ്കിൽ, ആഘോഷങ്ങൾ നടത്താനും, അവയിൽ പങ്കെടുക്കാനും കേരളത്തിൽ ആളില്ലാതാകും. സർവ്വനാശം വിതയ്ക്കുന്ന രോഗവ്യാപനത്തിനിടയിലും സ്വന്തം സന്തോഷങ്ങളിലും, ആഘോഷങ്ങളിലും മാത്രം അഭിരമിക്കുന്നവർ സഹജീവികളെ സ്നേഹിക്കുന്നവരല്ലെന്ന് തന്നെ പകറയണം.

ആഘോഷങ്ങൾ നടത്താൻ ഇനിയും അവസരമുണ്ടെന്ന് കരുതി വിവേകപൂർവ്വം പെരുമാറുന്നത് നിലവിലെ സാഹചര്യത്തിൽ ഉചിതം. വിവാഹങ്ങളിലും, പിറന്നാളാഘോഷങ്ങളിലും ആൾക്കുട്ടങ്ങളുണ്ടായില്ലെങ്കിൽ ലോകം ആവസാനിച്ചുപോകുമെന്ന മനോഭാവം മാറ്റിവെച്ച് ജീവൻ തിരികെ പിടിക്കാനുള്ള ശ്രമങ്ങളാണ് വിവേകമതികളായ ഒരു സമൂഹം ചെയ്യേണ്ടത്.

LatestDaily

Read Previous

ആത്മ ത്യാഗത്തിന്റെ ബലിപെരുന്നാള്‍

Read Next

കോവിഡ് സമ്പർക്ക ഭീഷണി: പാലക്കുന്നിൽ ബോധവൽക്കരണം, വാഹന വിലക്ക് തുടരും