സ്വന്തം ശവക്കുഴി തോണ്ടുന്നവർ

സംസ്ഥാന സർക്കാരും, ജില്ലാ ഭരണകൂടവും, ആരോഗ്യ പ്രവർത്തകരും കാല് പിടിച്ച് കെഞ്ചിയാലും കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കില്ലെന്ന വാശിയിലാണ് പൊതുജനം. കാസർകോട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലെ സംഭവ വികാസങ്ങൾ ജനങ്ങളുടെ നിഷേധാത്മക മനോഭാവത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കൂട്ടം കൂടിയുള്ള വിനോദങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും, സർക്കാർ മുന്നറിയിപ്പുകൾ ബധിരകർണ്ണങ്ങളിലാണ് പതിക്കുന്നതെന്ന് വേണം കരുതാൻ.

മഞ്ചേശ്വരം പഞ്ചായത്തിലെ 3 വാർഡുകളിൽ കളികളിലേർപ്പെട്ടവരോട് ക്വാറൻ്റെയിനിൽ പോകാൻ ജില്ലാ കലക്ടർക്ക് ആവശ്യപ്പെടേണ്ടി വന്നത് സർക്കാർ നിയന്ത്രണം ലംഘിച്ച് വിനോദങ്ങളിലേർപ്പെട്ടതിനെത്തുടർന്നാണ്.

എവിടെ നിന്നും കോവിഡ് രോഗം പകരാമെന്ന ആപത്കരമായ സാഹചര്യം നിലനിൽക്കുമ്പോഴും പൊതുജനങ്ങളിൽ ഒരു വിഭാഗം കളിച്ചും രസിച്ചും അപകട സാധ്യത വർധിപ്പിക്കുകയാണ്. സർക്കാർ പുറപ്പെടുവിക്കുന്ന സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ച് രോഗവ്യാപനത്തിന്റെ തോത് വർധിപ്പിക്കുന്നവരെ സാമൂഹ്യ ദ്രോഹികളുടെ ഗണത്തിൽ മാത്രമേ ഉൾക്കൊള്ളിക്കാൻ കഴിയു.

തന്നിഷ്ടം പോലെ മദിച്ച് നടന്ന് സ്വന്തം കുലം തന്നെ നശിപ്പിച്ചവരെക്കുറിച്ച്  പുരാണങ്ങളിലും മിത്തുകളിലും പരാമർശങ്ങളുണ്ട്. ഹിന്ദു മിത്തോളജി പ്രകാരം യാദവ കുലം ഒടുങ്ങിയത് അവരുടെ അഹങ്കാരം മൂലവും സ്വേച്ഛാപരമായ പ്രവർത്തനങ്ങൾ മൂലവുമാണ്. ബൈബിളിലും സമാനമായ കഥകളുണ്ട്.

സമാന രീതിയിൽ തോന്നിയപോലെ പ്രവർത്തിക്കുന്ന ഒരു സമൂഹം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലുമുണ്ടെന്ന് വേണം പറയാൻ. അത്തരത്തിലാണ് ഈ ദുരന്തമുഖത്തും ചിലരുടെ പെരുമാറ്റ രീതികൾ. വിദ്യാസമ്പന്നരെന്ന് അഭിമാനിക്കുന്ന ഒരു ജനവിഭാഗമാണ് കോവിഡ് വ്യാപന കാലത്തും എല്ലാ സുരക്ഷാ മുന്നറിയിപ്പുകളും  കാറ്റിൽ പറത്തുന്നതെന്നത് ഖേദകരമാണ്.

ഒരിറ്റുവെള്ളം പോലും കുടിക്കാനോ, പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ പോലും കഴിയാതെ സുരക്ഷാ കിറ്റുകൾക്കുള്ളിൽ കിടന്ന് ആരോഗ്യ പ്രവർത്തകർ വിയർക്കുമ്പോഴാണ് ഒരു വിഭാഗം ജനങ്ങൾ രോഗവ്യാപനത്തിന് സഹായകരമായ വിധത്തിൽ കൂട്ടം കൂടുന്നതും, വിനോദങ്ങളിലേർപ്പെടുന്നതും. ഇത് പൊതുസമൂഹത്തിനോടുള്ള ക്രൂരതയല്ലാതെ മറ്റൊന്നുമല്ല.

സർക്കാർ സംവിധാനങ്ങളെ അപ്രസക്തമാക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾ തടയാൻ സർക്കാർ ഇനിയും വൈകിയാൽ കേരളം നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ രോഗികളെക്കൊണ്ട് നിറയും. തങ്ങൾക്ക് രോഗം വരില്ലെന്ന ഡംഭോടെ ഞെളിഞ്ഞ് നടക്കുന്നവർ ഓർക്കേണ്ടത് കോവിഡ് രോഗം തങ്ങളുടെ നിഴലായുണ്ടെന്നാണ്.

LatestDaily

Read Previous

മദ്യം പങ്കുവെച്ചതിനെച്ചൊല്ലി തർക്കം: തലയ്ക്കടിയേറ്റ യുവാവ് ചികിൽസയിൽ

Read Next

കേരളത്തിൽ ബലി പെരുന്നാൾ 31-ന്